ഗർഭിണിയാണോ? ധൈര്യമായി പാരസറ്റമോൾ കഴിച്ചോളൂ; കുഞ്ഞുങ്ങൾക്ക് ഓട്ടിസവും എ.ഡി.എച്ച്.ഡിയോ വരാനുള്ള സാധ്യതയില്ലെന്ന് പഠനം
text_fieldsനിങ്ങൾ ഗർഭിണിയാണെങ്കിൽ കുറച്ചുമാസങ്ങളായി ചില പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടാകും. ചിലപ്പോൾ രാവിലെ എഴുന്നേൽക്കുന്നത് തന്നെ പനിയോടെയാകാം. ചില സമയത്ത് നല്ല തലവേദനയുണ്ടാകും. അല്ലെങ്കിൽ നടുവേദന. ആ സമയങ്ങളിൽ പാരസറ്റമോൾ കഴിക്കുന്നത് സുരക്ഷിതമാണോ എന്നതാണ് ഉയരുന്ന ചോദ്യം.
ഇത്തരം ആശങ്കകളിൽ അത്ഭുതപ്പെടാനില്ല. കാരണം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ഗർഭകാലത്ത് പാരസെറ്റമോൾ ഉപയോഗിക്കുന്നത് മൂലം കുഞ്ഞുങ്ങളിൽ ഓട്ടിസത്തിനും ഹൈപ്പർ ആക്റ്റിവിറ്റിക്കും കാരണമാകുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു. ലാൻസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പുതിയ അന്താരാഷ്ട്ര പഠന റിപ്പോർട്ടിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നൽകുന്നുണ്ട്.
ഗർഭകാലത്ത് അസറ്റാമിനോഫെൻ അല്ലെങ്കിൽ പനഡോൾ, ടൈലനോൾ തുടങ്ങിയ ബ്രാൻഡ് നാമങ്ങളിൽ അറിയപ്പെടുന്ന പാരസെറ്റമോൾ കഴിച്ചാൽ കുഞ്ഞിന് ഓട്ടിസം, എ.ഡി.എച്ച്.ഡി അല്ലെങ്കിൽ ബുദ്ധിപരമായ വൈകല്യത്തിനുള്ള സാധ്യത വർധിപ്പിക്കുന്നില്ലെന്നാണ് ഗവേഷണത്തിൽ പറയുന്നത്. ഗർഭാവസ്ഥയുടെ ഏത് ഘട്ടത്തിലും പനിക്കും വേദന കുറക്കാനും സുരക്ഷിതമായും ഫലപ്രദമായും ഉപയോഗിക്കാമെന്നാണ് പഠനത്തിൽ പറയുന്നത്.
ഗവേഷകർ ഒരു കൂട്ടം ആളുകളെ പഠന വിധേയമാക്കുക മാത്രമല്ല ചെയ്തത്, പകരം മുമ്പത്തെ നിരവധി പഠനങ്ങളിൽ നിന്നുള്ള ഫലങ്ങളും അവർ ശേഖരിച്ചു. ഗർഭകാലത്ത് പാരസറ്റമോൾ ഉപയോഗിക്കുന്നത് ഓട്ടിസമോ എ.ഡി.എച്ച്.ഡിയോ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടോ എന്ന് കേന്ദ്രീകരിച്ചുള്ള 43 പഠനങ്ങളാണ് അവർ അവലോകനം ചെയ്തത്. ഗർഭകാലത്ത് പാരസറ്റമോൾ ഉപയോഗിച്ചവരെയും ഉപയോഗിക്കാത്തവരെയും താരതമ്യം ചെയ്തു. ഗർഭകാലത്ത് പാരസറ്റമോൾ ഉപയോഗിച്ച അമ്മമാർക്ക് ജനിച്ച കുഞ്ഞുങ്ങളിൽ ഓട്ടിസമോ എ.ഡി.എച്ച്.ഡിയോ വർധിച്ചതായി പഠനത്തിൽ കണ്ടെത്തിയില്ല.
ഗർഭകാലത്ത് പാരസറ്റമോൾ ഉപയോഗിക്കുന്നത് ഓട്ടിസം, എ.ഡി.എച്ച്.ഡി അല്ലെങ്കിൽ നാഡീ വികസന വൈകല്യം എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുന്നു എന്നതിന് ഒരു ശാസ്ത്രീയ തെളിവുമില്ലെന്ന് ലാൻസെറ്റ് പഠനത്തെ പോലെ സ്വീഡിഷ് പഠനത്തിലും നേരത്തേ കണ്ടെത്തിയിരുന്നു. പാരസറ്റമോൾ വെറുമൊരു മരുന്നല്ല. ഗർഭകാലത്ത് വേദനയും പനിയും കുറക്കാൻ പലപ്പോഴും ഡോക്ടർമാർ കുറിച്ചു നൽകുന്നതാണ് പാരസറ്റമോൾ.
ഗർഭകാലത്ത് പനി ചികിത്സിക്കാതെ വിടുന്നത് ഗർഭസ്ഥ ശിശുവിനും അമ്മക്കും ഒരുപോലെ ദോഷകരമാണ്. ഗർഭകാലത്ത് പനി വന്നാൽ ഗർഭം അലസൽ മാസം തികയാതെയുള്ള പ്രസവം, പ്രസവ സംബന്ധമായ സങ്കീർണതകൾ എന്നിവക്ക് സാധ്യതയുണ്ടാക്കും. കൂടുതൽ ആശങ്കകളുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ച് ദുരീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

