ഗർഭകാലത്ത് പാരസെറ്റമോൾ ഉപയോഗിക്കുന്നത് ഓട്ടിസത്തിന് കാരണമാകുമോ?
text_fieldsവളരെ ഉയർന്ന പനിയുള്ള സാഹചര്യങ്ങളിലൊഴികെ ഗർഭിണികൾ പാരസെറ്റമോൾ ഒഴിവാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. കുട്ടികൾക്ക് ഓട്ടിസം ഉണ്ടാകാൻ സാധ്യതയുണ്ടെന്നതിനാലാണ് അത്തരമൊരു പ്രസ്താവനയെന്നാണ് ട്രംപ് അവകാശപ്പെട്ടത്. യു.എസിൽ അസറ്റാമിനോഫെൻ അല്ലെങ്കിൽ ടൈലനോൾ എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന പാരസെറ്റമോൾ സാധാരണയായി നടുവേദന, തലവേദന തുടങ്ങിയവ ഒഴിവാക്കാനും പനി കുറക്കാനും ഉപയോഗിക്കാറുണ്ട്.
എന്നാൽ, ഗർഭിണികൾ ഗർഭാവസ്ഥയുടെ ഏത് ഘട്ടത്തിലും പാരസെറ്റമോൾ കഴിക്കുന്നത് സുരക്ഷിതമാണെന്ന് ഓസ്‌ട്രേലിയയിലെ തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു. പാരസെറ്റമോൾ എ വിഭാഗത്തിൽപ്പെട്ട മരുന്നാണ്. പല ഗർഭിണികളും മരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിലും കുട്ടികൾക്ക് ജനന വൈകല്യങ്ങളോ ദോഷകരമായ ഫലങ്ങളോ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട്.
‘ലഭ്യമായ തെളിവുകൾവെച്ച് ഗർഭകാലത്ത് പാരസെറ്റമോൾ ഉപയോഗിക്കുന്നതും ഓട്ടിസവും തമ്മിൽ ഒരു ബന്ധവും കണ്ടെത്തിയിട്ടില്ല’ എന്ന് യൂറോപ്യൻ മെഡിസിൻ ഏജൻസി പ്രസ്താവനയിൽ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആവശ്യമുള്ളപ്പോൾ ഏറ്റവും കുറഞ്ഞ ഫലപ്രദമായ അളവിലും ആവൃത്തിയിലും ഗർഭകാലത്ത് പാരസെറ്റമോൾ ഉപയോഗിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
ഗർഭാവസ്ഥയിൽ പനി ചികിത്സിക്കേണ്ടത് പ്രധാനമാണ്. ഗർഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തിലെ ഉയർന്ന പനി ചികിത്സിക്കാത്തത് ഗർഭം അലസൽ, ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ, ഹൃദയ വൈകല്യങ്ങൾ എന്നിവക്ക് കാരണമായേക്കാം. ഗർഭാവസ്ഥയിലെ അണുബാധകൾ ഓട്ടിസത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതിനും കാരണമാകുന്നു.
2021ൽ, ഗർഭകാലത്ത് പാരസെറ്റമോൾ ഉപയോഗത്തെക്കുറിച്ച് മനുഷ്യരിലും മൃഗങ്ങളിലും നടത്തിയ പഠനങ്ങളിൽ നിന്നുള്ള തെളിവുകൾ ഒരു അന്താരാഷ്ട്ര വിദഗ്ദ്ധ സമിതി പരിശോധിച്ചു. ഗർഭകാലത്ത് പാരസെറ്റമോൾ ഉപയോഗിക്കുന്നത് കുട്ടിയുടെ വളർച്ചയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് അവരുടെ പ്രസ്താവന മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ മാസം ഹാർവാർഡ് സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ പാരസെറ്റമോളും ഓട്ടിസം, ശ്രദ്ധക്കുറവ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ (എഡി.എ.ച്ച്ഡി) ഉൾപ്പെടെയുള്ള നാഡീ-വികസന വൈകല്യങ്ങളും തമ്മിലുള്ള ബന്ധം പറയുന്ന റിപ്പോർട്ടുകൾ പരിശോധിച്ചിരുന്നു. ഗർഭകാലത്ത് പാരസെറ്റമോൾ ഉപയോഗിക്കുന്നതിലൂടെ ഓട്ടിസത്തിനും എ.ഡി.എച്ച്.ഡിക്കും നേരിയ തോതിൽ സാധ്യതയുണ്ടെന്ന് അവ അവകാശപ്പെടുന്നുണ്ട്.
ഓട്ടിസം ബാധിച്ച കുട്ടികളുടെ സഹോദരങ്ങൾക്ക് ഓട്ടിസം വരാനുള്ള സാധ്യത 20 ശതമാനം ആണ്. ഓട്ടിസത്തിന്റെ എല്ലാ കാരണങ്ങളും ഇപ്പോഴും നമുക്കറിയില്ല. പക്ഷേ ജനിതകവും ജനിതകമല്ലാത്തതുമായ ഘടകങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അമ്മയുടെ മരുന്നുകളുടെ ഉപയോഗം, രോഗങ്ങൾ, ബോഡി മാസ് സൂചിക, മദ്യപാനം, പുകവലി, പ്രീ-എക്ലാമ്പ്സിയ, അമ്മയുടെയും പിതാവിന്റെയും പ്രായം എന്നിവയുൾപ്പെടെയുള്ള ഗർഭകാല സങ്കീർണതകൾ ഇതിന് കാരണമായോക്കാം.
ഗർഭസ്ഥ ശിശുവിൽ പാരസെറ്റമോൾ ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്നതിൽ വ്യക്തമായ തെളിവുകളൊന്നുമില്ല. എന്നാൽ ഗർഭകാലത്ത് കഴിക്കുന്ന ഏതൊരു മരുന്നിനെയും പോലെ, ശരിയായ അളവിൽ മാത്രമേ പാരസെറ്റമോളും ഉപയോഗിക്കാൻ പാടുള്ളു. ഡോക്ടറുടെ നിർദേശ പ്രകാരം ഉപയോഗിക്കുന്നതാണ് ഉത്തമം. ഗർഭിണിയായിരിക്കുന്ന സമയത്ത് പനി വന്നാൽ ചികിത്സിക്കേണ്ടത് പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

