അമിതമായി വിയർക്കാറുണ്ടോ? ശരീരം നൽകുന്ന സൂചനകൾ അവഗണിക്കരുത്
text_fieldsശരീരം വിയർക്കുന്നത് തണുപ്പിക്കാനുള്ള സ്വാഭാവിക പ്രക്രിയയാണ്. എന്നാൽ ഈ വിയർപ്പ് അമിതമാകുമ്പോഴോ, നിയന്ത്രിക്കാൻ കഴിയാത്തപ്പോഴോ, ആളുകൾക്കിടയിൽ നിൽക്കുമ്പോൾ അസ്വസ്ഥത ഉണ്ടാക്കുമ്പോഴോ പലരും നിശബ്ദമായി വിഷമിക്കാറുണ്ട്. ചൂടുള്ളപ്പോഴോ അധ്വാനിക്കുമ്പോഴോ ശരീരം തണുപ്പിക്കാൻ വിയർക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ചിലരിൽ ഇതൊരു അമിത പ്രശ്നമായി മാറാറുണ്ട്. അമിതമായി വിയർക്കുന്ന അവസ്ഥയാണ് ഹൈപ്പർഹൈഡ്രോസിസ് (Hyperhidrosis). ഇത് സാധാരണയായി കൈപ്പത്തികൾ, ഉള്ളംകാൽ, കക്ഷം, മുഖം എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ഇതിന് പാരമ്പര്യമായി വലിയൊരു പങ്കുണ്ട്.
ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ സൈക്യാട്രി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. മീനാക്ഷി ജയിൻ ഈ വിഷയത്തിൽ തന്റെ നിരീക്ഷണങ്ങൾ പങ്കുവെക്കുന്നു. പാനിക് അറ്റാക്, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളുമായി എത്തുന്ന പല രോഗികളെയും അമിതമായ വിയർപ്പാണ് ഏറ്റവും കൂടുതൽ അലട്ടുന്നത്. ശാരീരികമായ അധ്വാനം കൊണ്ടല്ല ഇത് സംഭവിക്കുന്നത്. മറിച്ച് വരാനിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ചുള്ള ആകുലതയാണ് ഇതിന് കാരണം. ഒരു മീറ്റിങ്ങിന് മുമ്പ്, ആളുകളുമായി ഇടപഴകുമ്പോൾ, അല്ലെങ്കിൽ തിരക്കുള്ള സ്ഥലങ്ങളിൽ നിൽക്കുമ്പോൾ പുറത്ത് തണുപ്പുള്ള സമയത്ത് പോലും ഇവരുടെ കൈപ്പത്തികൾ നനഞ്ഞിരിക്കും, മുഖം ചുവന്നുതുടുക്കും അല്ലെങ്കിൽ വസ്ത്രങ്ങൾ വിയർപ്പിൽ കുതിരും.
എല്ലാ അമിത വിയർപ്പും മാനസികാരോഗ്യം മൂലമല്ല ഉണ്ടാകുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പല രോഗികളും തങ്ങൾ അമിതമായി ഉത്കണ്ഠപ്പെടുന്നു എന്ന് കരുതാറുണ്ടെങ്കിലും ശരീരം നൽകുന്ന സൂചനകൾ മറ്റൊന്നാകാം. ആർത്തവവിരാമത്തിന് തൊട്ടുമുമ്പുള്ള കാലയളവിലും, ആർത്തവവിരാമ സമയത്തും ഹോർമോൺ മാറ്റങ്ങൾ കാരണം പെട്ടെന്ന് വിയർപ്പും ചൂടും അനുഭവപ്പെടാം. ഇത് ഉത്കണ്ഠയുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം മൂലം വിയർപ്പ് നിൽക്കാതെ വരാം. ഇതിനൊപ്പം ഭാരം കുറയുക, ഹൃദയമിടിപ്പ് കൂടുക, ചൂട് ഒട്ടും സഹിക്കാൻ കഴിയാതെ വരിക തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്.
രാത്രിയിൽ വിയർക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. ഉത്കണ്ഠ കാരണം ഉറക്കം കിട്ടാതിരിക്കുകയോ അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്യാം. എന്നാൽ രാത്രിയിൽ വസ്ത്രങ്ങളോ വിരിപ്പോ മാറ്റേണ്ടി വരുന്ന തരത്തിൽ ശരീരം വല്ലാതെ വിയർക്കുന്നത് വെറുമൊരു ഉത്കണ്ഠ മാത്രമല്ല. ഇത് അണുബാധകൾ, ഹോർമോൺ അസന്തുലിതാവസ്ഥ അല്ലെങ്കിൽ മറ്റ് ഗൗരവകരമായ വൈദ്യശാസ്ത്രപരമായ പ്രശ്നങ്ങളുടെ സൂചനയാകാം. വിയർപ്പിനോടൊപ്പം ശരീരഭാരം കുറയുക, പനി, അകാരണമായ ക്ഷീണം എന്നിവയുണ്ടെങ്കിൽ അത് ഒരിക്കലും അവഗണിക്കരുത്.
കഴിക്കുന്ന മരുന്നുകളും അമിത വിയർപ്പിന് കാരണമാകാം. ചില വിഷാദരോഗ മരുന്നുകൾ, ഉത്കണ്ഠ കുറക്കാനുള്ള മരുന്നുകൾ, എന്തിന് സാധാരണ വേദനസംഹാരികൾ പോലും പാർശ്വഫലമായി വിയർപ്പ് വർധിപ്പിക്കാം. ഇത് വലിയ കാര്യമല്ലെന്ന് കരുതി പല രോഗികളും ഡോക്ടറോട് പറയാറില്ല. എന്നാൽ ഇത്തരം വിയർപ്പ് ജീവിതനിലവാരത്തെ ബാധിക്കുകയും ചികിത്സാ രീതികളോട് സഹകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും. രാത്രിയിൽ വസ്ത്രം നനയുന്ന രീതിയിൽ വിയർക്കുന്നുണ്ടെങ്കിൽ, വിയർപ്പിനൊപ്പം നെഞ്ചുവേദനയോ തലകറക്കമോ ഉണ്ടെങ്കിൽ, വിയർപ്പ് കാരണം ദൈനംദിന ജീവിതത്തിന് തടസ്സം നേരിടുന്നുണ്ടെങ്കിൽ, പെട്ടെന്ന് വിയർപ്പ് വല്ലാതെ കൂടുകയാണെങ്കിൽ ഡോക്ടറെ കാണിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

