വന്നു വന്ന് ‘ബ്യൂട്ടി ആങ്സൈറ്റി’യും...
text_fieldsകുറച്ചുകാലം മുമ്പുവരെ സൗന്ദര്യസംരക്ഷണ വസ്തുക്കളായി, ഒരു ലിപ് ബാമോ മോയ്സ്ച്യുറൈസറോ എന്നിങ്ങനെ ചില അടിസ്ഥാന വസ്തുക്കൾ മാത്രമാണുണ്ടായിരുന്നത്. സ്കിൻകെയറെന്നാൽ ക്ലെൻസിങ്ങും. അതായത് കൂടിപ്പോയാൽ ഒരു ഫേസ്വാഷ്. എന്നാൽ, എല്ലാം സോഷ്യൽ മീഡിയ നിശ്ചയിക്കുന്ന ഇന്നത്തെ കാലത്ത് ബ്യൂട്ടി ഇൻഡസ്ട്രി തന്നെ പുനർനിർവചിക്കപ്പെട്ടു.
സൗന്ദര്യസംരക്ഷണമെന്നത് ഒരു സങ്കീർണ പരിപാടിയായി മാറുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ സൗന്ദര്യസംരക്ഷണം പലരുടെയും മാനസികാവസ്ഥയെ ബാധിക്കുന്ന തലത്തിലേക്ക് മാറിയിരിക്കുകയാണ്. ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ബ്യൂട്ടി ട്രെൻഡുകൾ കൗമാരക്കാരെയും യുവജനങ്ങളെയും, എന്തിന് മിഡിൽ ഏജിലെത്തിയവരെ വരെ പല തരം സമ്മർദത്തിലാഴ്ത്തുന്നതായി മാനസികാരോഗ്യ വിദഗ്ധർ പറയുന്നു.
സൗന്ദര്യത്തെക്കുറിച്ചൊരു ആധി
തനിക്ക് ആവശ്യത്തിന് ‘ലുക്ക്’ ഇല്ലേ എന്ന ആശങ്ക സദാസമയവും അലട്ടുന്ന അവസ്ഥയാണ് ‘ബ്യൂട്ടി ആങ്സൈറ്റി’ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ‘‘സോഷ്യൽ മീഡിയ ആഘോഷിക്കുന്ന സൗന്ദര്യ മാനദണ്ഡങ്ങൾ ഒരു നിലക്കും സംഭവ്യമല്ലെന്ന് അറിയാമെങ്കിലും അതിനനുസരിച്ച് തന്റെ ലുക്ക് വരാത്തത്തിൽ ടെൻഷൻ അടിക്കുന്നവരുണ്ട് ഇക്കാലത്ത്. ഇങ്ങനെ ഒട്ടേറെ പേർ ഈ ആധിക്ക് അടിപ്പെടുന്നു. സോഷ്യൽ മീഡിയ ഫിൽട്ടർ, ഇൻഫ്ലുവൻസർ സ്വാധീനം, താരതമ്യം എന്നിവ കൂടിയാകുമ്പോൾ ‘സൗന്ദര്യ ആധി’ ഇരട്ടിയാകുന്നു’’ -ഗുഡ്ഗാവിലെ ആർട്ടെമിസ് ഹോസ്പിറ്റൽസ് കൺസൾട്ടന്റ് ആൻഡ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജാസ്മിൻ അറോറ പറയുന്നു.
‘എല്ലാം ശരിയാക്കണം’
‘‘നമ്മുടെ ശരീരവുമായി ബന്ധപ്പെട്ട ഏത് ചെറിയ അപൂർണതയും ചർച്ച ചെയ്യപ്പെടുകയും അവയെല്ലാം ശരിയാക്കാൻ സാധിക്കുമെന്ന് പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിന്ന്. അങ്ങനെ, അസാധ്യമായ സൗന്ദര്യ മാനദണ്ഡങ്ങൾ കൈവരിക്കണമെന്ന നടക്കാത്ത സ്വപ്നം പേറി ആളുകൾ നിരാശരാകുന്ന അവസ്ഥയുണ്ട്’’ -ഭുവനേശ്വർ മണിപ്പാൽ ഹോസ്പിറ്റലിലെ ത്വഗ് രോഗ വിദഗ്ധൻ ഡോ. സായ് ലഹാരി രച്ച്മുല്ലു അഭിപ്രായപ്പെടുന്നു.
ആത്മവിശ്വാസം തകർക്കുന്നു
സമൂഹത്തിന്റെ സൗന്ദര്യ സങ്കൽപത്തിന് അനുസരിച്ച് താനെത്തിയില്ലെങ്കിലെന്ന ഭയത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് പല മേഖലകളിൽ നിന്നും സ്വയം പിൻവലിയുന്നവർ കൂടിവരികയാണ്. ഇത് സ്വന്തത്തെക്കുറിച്ച് വിശ്വാസം നഷ്ടപ്പെടുത്തും.
‘‘സ്വാഭിമാനം കുറഞ്ഞ് സാമൂഹിക ജീവിതത്തെ തന്നെ ബാധിക്കുന്നു. വ്യക്തിബന്ധങ്ങളും മാനസികാരോഗ്യവും ഇങ്ങനെ തകരാറിലാകുന്നു’’ -ഡോ. അറോറ വ്യക്തമാക്കുന്നു. വൈജാത്യങ്ങളുള്ള ഒരു ജീവി എന്നതിൽ നിന്ന് സ്വശരീരത്തെ വസ്തുവായി കാണാൻ തുടങ്ങുന്നതാണ് ഇതിന് ഒരു പ്രധാന കാരണം. ഇതുവഴിയുണ്ടാകുന്ന കടുത്ത മാനസിക സമ്മർദം ഡിപ്രഷനിലേക്ക് നയിക്കുമെന്ന് ബംഗളൂരു മണിപ്പാൽ ഹോസ്പിറ്റൽ മനോരോഗ വിദഗ്ധൻ ഡോ. ഭവ്യ കെ. ബെയ് രി മുന്നറിയിപ്പു നൽകുന്നു.
പരിഹാരം വേണം
ലുക്ക് എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കാൾ നിങ്ങൾക്ക് മൊത്തത്തിൽ എന്തു തോന്നുന്നു എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം. ‘‘നിങ്ങളെക്കുറിച്ചുമാത്രം എപ്പോഴും ഗാഢമായി ചിന്തിക്കാതിരിക്കുക. അതുപോലെ കാര്യമായി താരതമ്യം ചെയ്യാതിരിക്കുക. സ്വയം സ്നേഹിക്കുക, നിങ്ങൾക്കുള്ള ഗുണങ്ങളും കാര്യങ്ങളും പരിഗണിച്ച്’’ -ഡോ. അറോറ നിർദേശിക്കുന്നു.
‘‘ ലുക്ക് എങ്ങനെയുണ്ട് എന്നതിനെക്കാൾ, നിങ്ങളുടെ ശരീരം കൊണ്ട് എന്ത് ചെയ്യാൻ കഴിയുമെന്നത് നോക്കുക. ആധി കൂടുകയാണെങ്കിൽ വിദഗ്ധരെ സമീപിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുക.’’ - ഡോ. രച്ച്മുല്ലു നിർദേശിക്കുന്നു.
ചുരുക്കത്തിൽ നല്ല ഭക്ഷണം കഴിക്കുക, ചർമം പരിരക്ഷിക്കുക, കൃത്യമായി വ്യായാമം ചെയ്യുക തുടങ്ങിയ നല്ല ശീലങ്ങൾ പിന്തുടരുകയും സ്വന്തത്തെ കുറിച്ച് യാഥാർഥ്യബോധത്തോടെ ചിന്തിക്കുകയും ചെയ്യുക എന്നതാണ് കാര്യം.
നിങ്ങൾക്കുണ്ടോ ബ്യൂട്ടി ആങ്സൈറ്റി?
- ഇതിൽ പലതും ശീലമായിട്ടുണ്ടെങ്കിൽ നിങ്ങൾക്കുമുണ്ടാകാം ഈ പ്രശ്നം:
- മറ്റുള്ളവരുമായി നിങ്ങളെ ഇടക്കിടെ താരതമ്യം ചെയ്യുന്നുണ്ടോ ?
- ചെറിയ പ്രശ്നങ്ങളും അപൂർണതകളും നിങ്ങളെ ദുഃഖിതനാക്കാറുണ്ടോ ?
- സൗന്ദര്യ വർധനക്കും ലുക്ക് ശരിയാക്കുന്നതിനായും കുടുതൽ സമയം ചെലവഴിക്കാറുണ്ടോ ?
- പരിധിയില്ലാതെ കണ്ണാടിയിൽ നോക്കുകയും പിന്നെ സോഷ്യൽ മീഡിയയിൽ സ്വന്തം ഫോട്ടോകൾ നിരന്തരം നോക്കുകയും ചെയ്യാറുണ്ടോ ?
- സ്വന്തം ലുക്കിനെകുറിച്ച് സങ്കടപ്പെടുകയും അത് മാനസിക വിഷമം (മൂഡ് സ്വിങ്) ഉണ്ടാക്കുകയും ചെയ്യാറുണ്ടോ?
- കടുത്ത ഡയറ്റിങ്, സൗന്ദര്യവർധക ഉൽപന്നങ്ങളുടെ അമിത ഉപയോഗം എന്നിവയുണ്ടോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

