തണുപ്പ് കാലത്ത് രക്തക്കുഴലുകൾ ചുരുങ്ങും; ഹൃദ്രോഗികളും പ്രായമായവരും കൂടുതൽ ശ്രദ്ധിക്കണം
text_fieldsക്രിസ്മസ് കാലം മഞ്ഞുകാലം കൂടിയാണല്ലോ. ഈ മഞ്ഞുകാലത്ത് ചിലതൊക്കെ ശ്രദ്ധിക്കാനുണ്ട്. തണുപ്പ് കാലത്ത് രക്തക്കുഴലുകൾ ചുരുങ്ങും. രക്തപ്രവാഹം കുറയും. ഇത് വിരലുകളിൽ തണുപ്പും മരവിപ്പും ഉണ്ടാക്കും. ഇതിന് കാരണം റെയ്‌നോഡ്സ് രോഗം, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ, മോശം രക്തചംക്രമണം തുടങ്ങിയവയാകാം. ഇത് ചർമത്തിന്റെ നിറം മാറ്റാനും വ്രണങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. പ്രധാനമായും വാസോക്രോൺസ്ട്രിക്ഷൻ എന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. തണുപ്പ് ശരീരത്തിന് അനുഭവപ്പെടുമ്പോൾ ശരീരം പ്രധാന അവയവങ്ങളെ ഊഷ്മളമായി നിലനിർത്താൻ ശ്രമിക്കുന്നു. ഇതിനായി കൈകാലുകളിലേക്കുള്ള രക്തക്കുഴലുകൾ ചുരുങ്ങുന്നു. രക്തപ്രവാഹം കുറക്കുന്നു.
രക്തയോട്ടം കുറയുന്നതോടെ വിരലുകൾ തണുത്ത് മരവിക്കുന്നു. ചിലരിൽ വിരലുകളുടെ നിറം വിളറിയ വെള്ളയോ നീലയോ ആയി മാറുന്നത് കാണാം. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തണുപ്പുകാലത്ത് രക്തത്തിന്റെ കട്ടി അല്പം കൂടാൻ സാധ്യതയുണ്ട്. രക്തക്കുഴലുകൾ ചുരുങ്ങുന്നതിനൊപ്പം രക്തം കട്ടപിടിക്കാനുള്ള ഈ പ്രവണത കൂടി ചേരുമ്പോൾ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവക്കുള്ള സാധ്യത വർധിക്കുന്നു.
രക്തപ്രവാഹം കുറയുന്നത് വിരലുകളിലെ പേശികളുടെയും സന്ധികളുടെയും വഴക്കം കുറക്കുന്നു. ഇത് പേന പിടിക്കാനോ മൊബൈൽ ഉപയോഗിക്കാനോ പ്രയാസമുണ്ടാക്കും. ചില ആളുകളിൽ തണുപ്പ് ഏൽക്കുമ്പോൾ രക്തക്കുഴലുകൾ അമിതമായി ചുരുങ്ങുകയും വിരലുകൾ പൂർണ്ണമായും വെളുത്ത നിറമാകുകയും ചെയ്യും. പിന്നീട് രക്തയോട്ടം തിരിച്ചുവരുമ്പോൾ അവിടെ കഠിനമായ തരിപ്പും ചുവന്ന നിറവും അനുഭവപ്പെടാം. കൈകാലുകൾ വളരെയധികം തണുത്തിരിക്കുകയാണെങ്കിൽ ചെറുചൂടുവെള്ളത്തിൽ മുക്കി വെക്കുന്നത് ആശ്വാസം നൽകും.
രക്തക്കുഴലുകൾ ഇടുങ്ങിയതാകുന്നതോടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം എത്തിക്കാൻ ഹൃദയത്തിന് കൂടുതൽ ശക്തിയോടെ പമ്പ് ചെയ്യേണ്ടി വരുന്നു. ഇത് ഹൃദയത്തിന് അമിത ജോലിഭാരം നൽകുന്നു. തണുപ്പുള്ള സമയങ്ങളിൽ പ്രത്യേകിച്ച് പുലർച്ചെയും രാത്രിയും കഠിനമായ വ്യായാമങ്ങളോ അധ്വാനമോ ചെയ്യുന്നത് ഹൃദയത്തിന് ഇരട്ടി പ്രഹരമാകും. ഹൃദ്രോഗികൾ തണുപ്പിൽ പുറത്തിറങ്ങുമ്പോൾ കൃത്യമായ ശൈത്യകാല വസ്ത്രങ്ങൾ ധരിക്കുന്നു എന്ന് ഉറപ്പുവരുത്തണം. നെഞ്ചുവേദനയോടൊപ്പം അമിതമായ കിതപ്പ്, വിയർപ്പ്, താടിയെല്ലിലോ ഇടത് കൈയ്യിലോ വേദന എന്നിവ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക. പലരും ഇത് ഗ്യാസ് ട്രബിൾ ആണെന്ന് കരുതി അവഗണിക്കാറുണ്ട്. ഒരേ ഇരിപ്പിരിക്കാതെ വിരലുകൾ ഇടക്കിടെ ചലിപ്പിക്കുന്നത് രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

