Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'തല ചുറ്റുന്നു,...

'തല ചുറ്റുന്നു, നെഞ്ചിനുള്ളിൽ പരവേശം, സമയം രാത്രി പന്ത്രണ്ട് മണി, ഹാർട്ട് അറ്റാക്ക് വന്നാൽ ഒന്നുകിൽ രക്ഷപ്പെടും അല്ലെങ്കിൽ തട്ടിപ്പോവും, സ്ട്രോക്ക് വന്നാൽ..! '; ടി.പി രാമചന്ദ്രൻ യാത്രയായി, നൊമ്പരമായി ഫേസ്ബുക്ക് പോസ്റ്റ്

text_fields
bookmark_border
തല ചുറ്റുന്നു, നെഞ്ചിനുള്ളിൽ പരവേശം, സമയം രാത്രി പന്ത്രണ്ട് മണി, ഹാർട്ട് അറ്റാക്ക് വന്നാൽ ഒന്നുകിൽ രക്ഷപ്പെടും അല്ലെങ്കിൽ തട്ടിപ്പോവും, സ്ട്രോക്ക് വന്നാൽ..! ; ടി.പി രാമചന്ദ്രൻ യാത്രയായി, നൊമ്പരമായി ഫേസ്ബുക്ക് പോസ്റ്റ്
cancel
camera_alt

ടി.പി.രാമചന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം, കൂടെ പേരമക്കൾ

മഞ്ചേരി: 'ഹാർട്ട് അറ്റാക്ക് വന്നാൽ ഒന്നുകിൽ രക്ഷപ്പെടും അല്ലെങ്കിൽ തട്ടിപ്പോവും. സ്ട്രോക്ക് വന്ന് കിടന്നുപോയാൽ തനിച്ച് കക്കൂസിൽ പോവാൻ കഴിയില്ല. മരിക്കാതെ പരീക്ഷണത്തിന് ഇട്ട് കൊടുക്കും.'- മരണത്തെ മുഖാമുഖം കണ്ട അനുഭവ കുറിപ്പ് ടി.പി രാമചന്ദ്രൻ രണ്ട് ദിവസം മുൻപാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഏതായാലും മരിക്കാതെ കിടന്നുപോകാനുള്ള പരീക്ഷണത്തിന് കാത്തിരുന്നില്ല, രാമചന്ദ്രൻ നായർ യാത്രയായി.

മഞ്ചേരിയിലെ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവും സാഹിത്യകാരനും പ്രമുഖ അഭിഭാഷകനുമായ മഞ്ചേരി വെള്ളാരങ്ങൽ ലക്ഷ്മിയിൽ ടി.പി. രാമചന്ദ്രൻ (64) വ്യാഴാഴ്ച വൈകീട്ട് നാലിന് കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകരും അടുത്ത ഓഫിസിലുള്ളവരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമൂഹിക സാസ്കാരിക രംഗത്ത് നിറഞ്ഞ് നിന്ന വലിയൊരു സുഹൃദ് വലയമുള്ള ടി.പി. രാമചന്ദ്രന്റെ വിയോഗം പലർക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടതും ആശുപത്രിയിലേക്ക് ഓടിയതും തുടർന്നുണ്ടായ ആശങ്കകളും പതിവ് പോലെ ടി.പി രാമചന്ദ്രൻ സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളിലേക്ക് എത്തിച്ചിരുന്നു. രണ്ടു ദിവസത്തിനിപ്പുറം അദ്ദേഹം ഈ ലോകത്ത് നിന്ന് വിടപറയുമ്പോൾ ഹൃദയംനുറുങ്ങുന്ന വേദനയോടെയല്ലാതെ ആ കുറിപ്പ് വായിച്ച് തീർക്കാനാവില്ല.

മരണത്തിന് മുൻപ് ടി.പി രാമചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്

"ഒന്ന് രണ്ട് ആഴ്ചയായി ജോലിയും ഓഫീസുമായി വലിയ തിരക്കിലായിരുന്നു. അടുത്ത മാസം നടക്കുന്ന അദാലത്തുമായുള്ള തിരക്കുകൾ. സാധാരണയുള്ള കോടതി തിരക്കുകൾക്ക് പുറമെയാണ് അദാലത്തിൻ്റെ തിരക്ക്. ഏത് തിരക്കുകളും ആസ്വദിച്ച് ചെയ്യുക എന്നതാണ് രീതി. അതിനിടയിലാണ് 'കല'യുടെ ഒരു പ്രോഗ്രാം. നാഷനൽ പോയട്രി ഫെസ്റ്റിവൽ. ബഹുഭാഷാ കവിയും ഗായികയുമായ കസ്തൂരിരിക മിശ്ര ഒരു സ്വകാര്യ ചടങ്ങിന് നിലമ്പൂരിൽ വരുന്നു.

അവരെ വെച്ച് ഒരു പ്രോഗ്രാം. സി.പി.ഷഫീഖ് മാഷുടെ ഐഡിയയാണ്. കേട്ടപ്പോൾ വിടാൻ തോന്നിയില്ല. വിവിധ ഭാഷയിലുള്ള കവികളെ ഉൾപ്പെടുത്തി ഒരു കവി സമ്മേളനം. കസ്തൂരിക മിശ്രയുമായി ഒരു ഇന്ററാക്ഷൻ. അവസാനം അവരുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ

ഗസൽ . മുഹസിൻ കുരിക്കൾ പെട്ടിയും മുജീബ്ക്ക തബലയും വായിക്കും. എല്ലാം സെറ്റാണ്.

15 ന് ശനിയാഴ്ചയായിരുന്നു പരിപാടി. തലേന്ന് ഓഫീസിൽ നിന്നു വരാൻ കുറച്ച് വൈകി. വന്ന ഉടനെ കുളിച്ച് കുറച്ച് കഞ്ഞി കുടിച്ചു. എന്തോ ഒരു പന്തികേട്. അപ്പുവും കുഞ്ഞാമിയും കൂടെ കളിക്കാൻ വിളിച്ചിട്ട് പോവാൻ തോന്നുന്നില്ല. അച്ഛൻ എന്നോട് മിണ്ടുന്നില്ലെന്ന് പറഞ്ഞപ്പോൾ അപ്പുവിനെ കൂടെ കിടത്തിയുറക്കി.

കുഞ്ഞാമി വയറ്റത്ത് കയറിക്കിടന്നുറങ്ങി. അവരെ എടുത്തു കൊണ്ട് പോയപ്പോൾ പ്രഷറിൻ്റെ മരുന്ന് കഴിച്ച് ഉറങ്ങാൻ കിടന്നു. ഉറങ്ങാൻ കഴിയുന്നില്ല. എന്താണ് സംഭവിക്കുന്നതെന്നറിയുന്നില്ല. ഭാര്യ ഗോരോചനാദി ഗുളിക തന്നപ്പോൾ അത് നാവിന്നടിയിൽ വെച്ചു കിടന്നു.

ഒന്നുറങ്ങി കാണും. പെട്ടെന്ന് എണീറ്റിരുന്നു. തല വെട്ടിപ്പൊളിക്കുന്ന വേദന. തല ചുറ്റുന്നു. നെഞ്ചിനുള്ളിൽ പരവേശം. കുറെ വെള്ളം കുടിച്ചു നോക്കി. ഒരു രക്ഷയുമില്ല. എണീറ്റ് നിന്നപ്പോൾ ആകെ ആടുന്നു.

ഒന്നും നിയന്ത്രണത്തിലല്ല. ഭ്രാന്ത് വന്ന അവസ്ഥ. ഹോസ്പിറ്റലിൽ പോണം. കാര്യങ്ങൾ കൈവിടുകയാണ്. അറ്റാക്ക് അല്ലെങ്കിൽ സ്ട്രോക്ക്. അമ്മ പറഞ്ഞു തന്നതുപോലെ ഏതാപത്തിലും കൈവിടാത്ത കാടാമ്പുഴഭഗവതിയേയും മമ്പുറത്തെ തങ്ങൻമാരേയും വിളിച്ചു.

ഡ്രസ്സെടുക്കാൻ കോണി കയറിയപ്പോൾ ബാലൻസ് തെറ്റുന്നുണ്ട്. കാറെടുക്കാൻ കഴിയില്ല. വീട്ടിലുള്ള ഭാര്യക്കും മരുമകൾക്കും

കാറെടുക്കാൻ കഴിയില്ല. ആരെ വിളിക്കും. സമയം പന്ത്രണ്ട് മണി. ഏറ്റവും അടുത്തുള്ള പീറ്റർ സിനോജിനെ വിളിച്ചു. അഞ്ചു മിനുട്ടിനുള്ളിൽ

വിളിപ്പുറത്തെ ദൈവം കാറും കൊണ്ട് വന്നു. കൊരമ്പയിൽ ഹോസ്പ്പിറ്റൽ. കാഷ്വാലിറ്റിയിൽ ചെറുപ്പക്കാരനായ ഡോക്ടർ. ബി.പി നോക്കി. ഇരുന്നൂറിന് മുകളിലേക്ക് കയറിയിരിക്കുന്നു. ഇ.സി.ജി നോക്കി. ഓ.കെയാണ്. ബ്രെയിനിൽ ബ്ലീഡിങ്ങിന് സാദ്ധ്യതയുണ്ടോ. പറയാൻ പറ്റില്ല, തൽക്കാലം ബി പി കുറയാൻ മരുന്ന് കഴിക്കാം.

നോക്കാം നമുക്ക്. അരമണിക്കൂറിനുള്ളിൽ ബി. പി. താഴോട്ട് വന്നു. ഒരു ടാബ്ലറ്റ് കൂടി, ഡോക്ടറും പരിവാരങ്ങളും അടുത്തു തന്നെ നിന്നു. ഷിനോജ് കൈവിരലിൽ മുറുക്കിപ്പിടിച്ചു. മൂത്രമൊഴിക്കണം എന്നു പറഞ്ഞപ്പോൾ ഡോക്ടറുടെ മുഖത്ത് സമാധാനം. ഒരു ചായ കിട്ടുമോ.

ഷിനോജ് ഓടിപ്പോയി മെഷീൻ കാപ്പി കൊണ്ടു തന്നു. ഇരട്ടി മധുരം ഒന്നു മയങ്ങി പ്പോയി. ഹാർട്ട് അറ്റാക്ക് വന്നാൽ ഒന്നുകിൽ രക്ഷപ്പെടും അല്ലെങ്കിൽ തട്ടിപ്പോവും. സ്ട്രാക്ക് വന്ന് കിടന്നുപോയാൽ തനിച്ച് കക്കൂസിൽ പോവാൻ കഴിയില്ല. മരിക്കാതെ പരീക്ഷണത്തിന് ഇട്ട് കൊടുക്കും. ചെയ്ത പാപങ്ങളുടെ കണക്ക് തീർക്കാൻ. 64 വയസ്സിൽ ആദ്യത്തെ അനുഭവമാണ്. ആശുപത്രിവാസം. എല്ലാം പരീക്ഷണങ്ങൾ. മയക്കം വിട്ടപ്പോൾ പുലർച്ചെ മൂന്ന് മണിയായി കാണും. ബി.പി. നോക്കി. 140 - 90.

ഓ.കെ. യാണ് . വേണേൽ വീട്ടിൽ പോവാം. ഓ.കെ. ഉറങ്ങാൻ മരുന്നു തരാം. രാവിലെ വന്ന് ബി.പി ചെക്ക് ചെയ്യണം. ഡോക്ടറുടെ പേരു ചോദിച്ചു. മുട്ടിപ്പാലത്താണ്. തൊട്ടടുത്ത സ്ഥലം. സാറിനെ അറിയാം. പാടത്ത് വക്കിലെ മട്ടുപ്പാനുള്ള ഇഷ്ടിക വീട്. സന്തോഷം.

കണ്ണ് നിറയുന്നു. വീട് നോക്കാൻ മോനുണ്ട്. ഓഫീസ് നോക്കാൻ മരുമകളുണ്ട്. മകൾ ഡോക്ടറാണ്. അവരെല്ലാം ഓകെയാണ്. ഞാൻ പോയാൽ കല,യുടെ സ്ഥിതി എന്താവും. നാളത്തെ പരിപാടി എന്താവും. ആദ്യം ങ്ങ്ളൊന്ന് മരിക്ക്. ബാക്കി കാര്യം ഞങ്ങളേറ്റു. ഷിനോജ് കൊലച്ചിരി ചിരിച്ചു. ഇത്രയെയുള്ളൂ. നമ്മളില്ലെങ്കിലും ലോകം മുന്നാട്ടു പോവും. അതൊരിക്കലും അംഗീകരിക്കരുത്."


നാലു പതിറ്റാണ്ട് മുമ്പ് അഭിഭാഷക ക്ലർക്കായാണ് മഞ്ചേരിയിലെത്തിയത്. പിന്നീട് കോഴിക്കോട് ലോ കോളജിൽനിന്ന് നിയമബിരുദം നേടി. വിദ്യാർഥി ജനതാദൾ മലപ്പുറം ജില്ല പ്രസിഡന്റ്, യുവജനത സംസ്ഥാന സെക്രട്ടറി, ജനതാദൾ ജില്ല സെക്രട്ടറി, സഹൃദയ, കേരള ആർട്ട് ആൻഡ് ലിറ്ററേച്ചർ അക്കാദമി (കല) ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചു. ചേറുമ്പ് അംശം ദേശം, അധികാരി എന്നീ നോവലുകൾ രചിച്ചു. ചേറുമ്പ് അംശം ദേശം നോവലിന് കോഴിക്കോട് ബാർ അസോസിയേഷൻ തകഴി പുരസ്‌കാരം ലഭിച്ചു. മഞ്ചേരിയിലെ വിവിധ സാംസ്കാരിക സംഗമങ്ങൾക്കും നേതൃത്വം നൽകി.

കരുവാരകുണ്ട് നീലാഞ്ചേരി അപ്പുണ്ണിയുടെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശ്യാം കൃഷ്ണൻ (ഖത്തർ), ഡോ. ശ്രീലക്ഷ്‌മി. മരുമക്കൾ: ജിബിൻ (കെ.എം.സി.ടി എൻജിനീയറിങ് കോളജ്, മുക്കം) അഡ്വ. ധന്യ. സഹോദരങ്ങൾ: അയ്യപ്പൻ, രാധാകൃഷ്ണൻ, സുന്ദരൻ, രവീന്ദ്രൻ, പുഷ്പലത, പരേതനായ രാജഗോപാലൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death Newsfacebook postTP RamachandranMalappuram
News Summary - Facebook post of writer T.P. Ramachandran, who died yesterday
Next Story