You are here

ലോക്ഡൗൺ കാലത്ത് മൈക്രോഗ്രീൻസ് കൃഷി ചെയ്യൂ, കഴിക്കൂ; പലതുണ്ട് കാര്യം

സജ്​ല ജലീൽ
10:13 AM
21/04/2020

കുറച്ചു നാളുകൾക്കു മുമ്പാണ് സുഹൃത്തിന്‍റെ വാട്സ്ആപ് സ്റ്റാറ്റസിലൂടെ ഈ കുഞ്ഞൻ ചെടികൾ കാണുന്നത്. ‘മൈക്രോഗ്രീൻസ്’ എന്നൊരു അടിക്കുറിപ്പും. ലോക്ഡൗൺ സമയത്ത് കോളേജ് അലുംനി ഗ്രൂപ്പിൽ ഈ കുഞ്ഞൻമാർ പ്രസിദ്ധരായി. പിന്നീടുള്ള യൂട്യൂബ്, ഗൂഗിൾ സെർച്ചുകളിലൂടെ കൂടതലറിഞ്ഞു. ഇതിനോടകം വിവിധ കോളേജുകളിലെ ഹോംസയൻസ് ഡിപാർട്മെന്‍റുകൾ മൈക്രോഗ്രീൻസിനെ അടിസ്ഥാനമാക്കി പ്രൊജക്ടുകൾ ആരംഭിച്ചതായും അന്വേഷണത്തിൽ മനസ്സിലായി. പലരും മൈക്രോഗ്രീൻസ് കൃഷി ആരംഭിച്ച ഫോട്ടോകൾ സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്യാനും തുടങ്ങിയതോടെ ഫോൺ ഗ്യാലറിയാകെ ഈ കുഞ്ഞൻ ചെടികൾ നിറഞ്ഞു.

 

ലോക്ഡൗൺ കാലത്ത് ആർക്കും ആരംഭിക്കാവുന്നതാണ് മൈക്രോഗ്രീൻസ് കൃഷി. മൈക്രോഗ്രീൻസിന്‍റെ പരിപാലനവും വളർച്ചാ നിരീക്ഷണവും നിങ്ങളുടെ മാനസികാരോഗ്യവും വർധിപ്പിക്കും. മാത്രമല്ല, വീട്ടിലിരുപ്പ് കാലത്തെ ആലസ്യം ഇത് ഇല്ലാതാക്കുമെന്നും ഉറപ്പാണ്. മാത്രമല്ല, ഭക്ഷ്യ ക്ഷാമത്തിന് ഒരു പരിഹാരം കൂടിയാണ് പോഷകമൂല്യമുള്ള മൈക്രോഗ്രീൻസ് കൃഷി. വിഷരഹിതമായി വീട്ടിലുണ്ടാക്കുന്ന ഇലക്കറികൾ എന്നും അടുക്കളയിലെത്തിക്കുകയുമാവാം...!

കൃഷി ചെയ്യേണ്ടതിങ്ങനെ
എല്ലാതരം നല്ലയിനം വിത്തുകളും മൈക്രോഗ്രീൻസ് കൃഷിക്ക് ഉപയോഗിക്കാം. കടല, ചെറുപയർ, ഉലുവ, കടുക്, ഗോതമ്പ്, തണ്ണിമത്തൻ, മത്തൻ, രാഗി തുടങ്ങിയ വിത്തുകളെല്ലാം ഉദാഹരണങ്ങൾ...
കൃഷിക്ക് മണ്ണോ ചകരിച്ചോറോ ആവശ്യമില്ല എന്നത് ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും സ്ഥലപരിമിതിയുള്ളവർക്കും പച്ചക്കൊടി തന്നെ.

വിത്തുകൾ നന്നായി കഴുകി ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വെക്കുക. അടുത്ത ദിവസം നന്നായി കഴുകുക. ഒരു പാത്രത്തിൽ ടിഷ്യൂ പേപ്പറോ കടലാസോ തുണിയോ വിരിച്ച് നനച്ച ശേഷം വിത്തുകൾ അതിൽ വിതറാം. വിത്തുകൾ ഒന്നിന് മുകളിൽ ഒന്നായി വരാതി നിരത്തി വെക്കുക. ദിവസത്തിൽ രണ്ടുനേരം നനക്കാം.

മറ്റൊരു രീതി, വേരുകളിറങ്ങാൻ പാകത്തിന് നിറയെ തുളകളുള്ള പാത്രത്തിൽ കുതിർത്തുവെച്ച വിത്തുകൾ വിതറി വെള്ളമൊഴിച്ച മറ്റൊരു പാത്രത്തിലേക്ക് ഇറക്കിവെക്കുക. വെള്ളം വിത്തിന് മുകളിലേക്ക് കയറിവരാതെ തൊട്ടുതൊട്ടില്ലാ എന്ന രീതിയിലായിരിക്കണം. ഈ രീതി പിന്തുടർന്നാൽ എന്നും നനക്കേണ്ടതില്ല. വെള്ളത്തിന്‍റെ നില ശ്രദ്ധിച്ചാൽ മതി. മാത്രമല്ല, ചെടികൾ മിടുമിടുക്കോടെ വളരുകയും ചെയ്യും.

ഈ വിധം തയാറാക്കിയ വിത്തുകൾ നന്നായി മുള വരുന്നത് വരെ നനഞ്ഞ തുണികൊണ്ട് മൂടിവെക്കണം. രണ്ട് ദിവസത്തിനകം വിത്തുകൾ മുള വന്ന് തുടങ്ങും. പത്ത് ദിവസം മുതൽ രണ്ടാഴ്ചക്കുള്ളിൽ മൈക്രോഗ്രീൻസ് ആവശ്യമായ വളർച്ചയിലെത്തും.

ചുരുങ്ങിയത് രണ്ട് ഇലയെങ്കിലും വന്ന ശേഷം വിളവെടുക്കാം. ഇലകൾ മൂപ്പെത്തുന്നതിന് മുമ്പുതന്നെ വിളവെടുക്കാൻ ശ്രദ്ധിക്കണം. വളർന്നു കഴിഞ്ഞാൽ വേരിന് മുകളിൽ തണ്ടോടുകൂടി തന്നെ മുറിച്ചെടുത്ത് ഉപയോഗിക്കാം.

ഓരോ വിത്തിനും ഓരോ സ്വഭാവമാണെന്ന് അറിയുക. ചിലത് ചുറുചുറുക്കോടെ പെട്ടെന്ന് വളരും. മറ്റു ചിലത് വളരാൻ സമയമെടുക്കും. സൂര്യപ്രകാശം നേരിട്ട് തട്ടേണ്ടതില്ലാത്തതിനാൽ വീടിനുള്ളിൽ സ്വീകരണമുറിയിൽ, അടുക്കളയിൽ, ജനാലക്കരികിൽ എല്ലാം അലങ്കാരമായി തന്നെ ഇവ വളർത്താം.

പ്രത്യേകിച്ച് ശാരീരിക അധ്വാനമില്ലാതെ ആർക്കും ഇവ പരിപാലിക്കാമെന്നതിനാൽ കുട്ടികളെയോ പ്രായമായവരെയോ ഏൽപിച്ചാൽ അവർക്കും ഉല്ലാസം പകരുന്നതാകും അത്.

പോഷകമൂല്യം അനവധി
ഇത്തരത്തിൽ ലഭിക്കുന്ന കുഞ്ഞൻ െചടികൾ പോഷകങ്ങളുടെ കലവറയായാണ് അറിയപ്പെടുന്നത്. സാധാരണ എല്ലാ ഇലക്കറികളും പോഷകങ്ങളാൽ സമൃദ്ധമാണല്ലോ. അതേ ഗുണം തീർച്ചയായും ഈ കുഞ്ഞന്മാർക്കും ഉണ്ട്. വിറ്റമിൻ എ, സി, ഇ, കെ, ഫോളിക് ആസിഡ് തുടങ്ങിയവയും; കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, അയേൺ, സിങ് തുടങ്ങിയ ധാതുക്കളാലും സമ്പന്നരാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, പൊണ്ണത്തടി, വയർ സ്തംഭനം തുടങ്ങിയവയെ പ്രതിരോധിക്കുക എന്നീ ഗുണങ്ങൾ വേറെയും!
എടുത്തു പറയാവുന്ന ഒരു സവിശേഷത ആന്‍റിഓക്സൈഡുകളുടെ സാന്നിധ്യമാണ്. ധാരാളം ആന്‍റിഓക്സൈഡുകൾ അടങ്ങിയതിനാൽ അർബുദത്തെ ഒരു പരിധിവരെ ചെറുക്കാൻ ഈ കുഞ്ഞൻ ഇലകൾക്കാകും.

ജ്യൂസിലും സാലഡിലും മുതൽ കറികളിലും തോരനിലും വരെ
രുചിയുടെ കാര്യത്തിലും ഈ കുഞ്ഞന്മാർ കേമന്മാരാണ്. ചെടികൾ വേരോടെയും അല്ലാതെയും മുറിച്ചെടുത്ത് ഉപയോഗിക്കാം. കറികളിലും ജ്യൂസിലും സാലഡിലും പച്ചയായോ വേവിച്ചോ ഉപയോഗിക്കാം.

ദോശ, ചപ്പാത്തി, പുട്ട്, ഉപ്പുമാവ് എന്നിവയുടെ മാവിൽ ചേർത്താൽ രുചിയിലും കാഴ്ചയിലും മുന്നിട്ടുനിൽക്കും.
ഇതൊന്നുമല്ലാതെ, സാധാരണ ഇലക്കറികൾ പാകം ചെയ്യുന്നത് പോലെയുമാവാം.

വെളിച്ചെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ അരിഞ്ഞ് വെച്ച മൈക്രോഗ്രീൻസ് ചേർത്ത് ഇളക്കുക. വാടിയാൽ നേരത്തെ തയാറാക്കിയ തേങ്ങാച്ചമന്തി ചേർത്ത് ഇളക്കി തോരനാക്കാം.

Loading...
COMMENTS