Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightതിന്നിട്ടും...

തിന്നിട്ടും തിന്നിട്ടും ഒടുങ്ങാത്ത വിശപ്പ് ​ഉറക്കം പോലും തടസ്സപ്പെടുത്തുന്നു​ണ്ടോ? കാരണങ്ങൾ അറിഞ്ഞിരിക്കാം

text_fields
bookmark_border
over eating
cancel

വിശപ്പ് സ്വാഭാവികമായ ശാരീരിക പ്രക്രിയയാണെങ്കിലും ഇവ അമിതമാവുകയോ അസാധാരണ സമയങ്ങളിൽ അനുഭവപ്പെടുകയോ ചെയ്യുന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്. പ്രത്യേകിച്ച് രാത്രി വൈകിയുള്ള വിശപ്പും, ഉറക്കത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള അസഹനീയമായ വിശപ്പും അപകടകരമായ സൂചനകളാണ്. അതുപോലെ രാവിലെ ഉണരുമ്പോൾ അമിതമായ വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ശരീരത്തിലെ ചില ആരോഗ്യപ്രശ്നങ്ങളെയോ പ്രമേഹം പോലുള്ള രോഗാവസ്ഥകളെയോ സൂചിപ്പിക്കാം.

അതിനാൽ ഈ അമിത വിശപ്പിന്റെ യഥാർഥ കാരണം കണ്ടെത്തി കൃത്യസമയത്ത് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം ഇത് ദോഷകരമായി ബാധിച്ചേക്കാം. സാധാരണയായി രാത്രികളിൽ വിശപ്പ് ഇല്ലാതിരിക്കുകയും ശരീരം വിശ്രമിക്കുകയും ചെയ്യുക എന്നതാണ് പതിവ് ക്രമം. അതുകൊണ്ട് രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കാൻ തോന്നുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ട്.

കിടക്കുന്നതിന് മുമ്പായി അമിതമായി ഭക്ഷണം കഴിക്കുന്നത്

രാത്രിയിൽ മധുരപലഹാരങ്ങൾ, മൈദ വിഭവങ്ങൾ, പാസ്ത എന്നിവ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുകയും പിന്നീട് കുത്തനെ താഴുകയും ചെയ്യും. ഇത് വീണ്ടും വിശപ്പ് വർധിപ്പിക്കും. കൂടാതെ പ്രധാന ഭക്ഷണങ്ങളിൽ ആവശ്യത്തിന് പ്രോട്ടീൻ, ഫൈബർ എന്നിവ ഉൾപ്പെടുത്താതിരുന്നാൽ വയറു നിറഞ്ഞതായി തോന്നാനുള്ള ലെപ്റ്റിൻ ഹോർമോണിന്റെ ഉത്പാദനം കുറയുകയും ഇത് വിശപ്പിന് കാരണമാവുകയും ചെയ്യും.

ഉറക്കമില്ലായ്മ

ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുമ്പോൾ വിശപ്പ് ഉത്തേജിപ്പിക്കുന്ന ഹോർമോണിന്റെ അളവ് കൂടുകയും വിശപ്പിനെ നിയന്ത്രിക്കുന്ന ലെപ്റ്റിൻ ഹോർമോണിന്റെ അളവ് കുറയുകയും ചെയ്യും. ഇതാണ് രാത്രി വൈകിയും ഭക്ഷണം കഴിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്. മുതിർന്നവർക്ക് ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ തുടർച്ചയായ ഉറക്കം ആവശ്യമാണ്. അതുകൊണ്ട് വളരെ ചെറിയ കാലത്തേക്കുള്ള ഉറക്കകുറവ് പോലും ഹോർമോണിന്റെ അളവ് കൂട്ടുകയും ഇതുവഴി വിശപ്പും ദാഹവും കൂടുകയും ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു.

ഇത്തരത്തിൽ വിശപ്പ് തോന്നുമ്പോൾ കാലോറി കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കാനും പ്രത്യേകിച്ച് രാത്രിയിൽ ഭക്ഷണം കഴിക്കാനുമുള്ള തോന്നലുണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ട് കൃത്യമായ ഉറക്കത്തിനായി സ്‌ക്രീൻ ടൈം കുറക്കുക, കൃത്യമായ ദിനചര്യകൾ പിന്തുടരുക, ശാന്തമായ അന്തരീക്ഷം നിലനിർത്തുക.

സമ്മർദം

അസഹനീയമായ വിശപ്പ് ചിലപ്പോൾ സമ്മർദത്തിന്‍റെ കാരണവുമാകാം. സമ്മർദമുണ്ടാകുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോർമോൺ മധുരമുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങളോടുള്ള ആസക്തി വർധിപ്പിക്കും. നീണ്ടുനിൽക്കുന്ന സമ്മർദം ഇമോഷണൽ ഈറ്റിങ്ങിന് കാരണമാകും. യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങൾ തുടങ്ങിയ സമ്മർദവും വിശപ്പുമകറ്റാൻ സഹായിക്കും.

നൈറ്റ് ഈറ്റിങ് സിൻഡ്രോം

ഒരു ഈറ്റിങ് ഡിസോർസറാണ് നെറ്റ് ഈറ്റിങ് സിൻഡ്രോം. വൈകിട്ട് ഭക്ഷണം കഴിച്ച ശേഷം വലിയ അളവിൽ ഭക്ഷണം കഴിക്കുകയും ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഭക്ഷണം കഴിക്കാനായി ഉണരുകയും ചെയ്യുന്ന അവസ്ഥയാണിത്. സർക്കാഡിയൻ ഈറ്റിങ് റിഥത്തിൽ വരുന്ന മാറ്റങ്ങളാണിതിന് കാരണം. ഈ ഡിസോർഡർ ഉള്ളവർക്ക് രാവിലെ വിശപ്പ് ഉണ്ടാവില്ല. പകരം രാത്രിയിൽ ഭക്ഷണം കഴിക്കാതെ ഉറങ്ങാനും സാധിക്കില്ല. സെട്രാലിൻ, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, മെലാടോണിൻ സപ്ലിമെന്റുകൾ തുടങ്ങിയവയിലൂടെ ഇത് പരിഹരിക്കാവുന്നതാണ്.

അതേസമയം രാത്രിയിലെ നീണ്ട ഇടവേളക്ക് ശേഷം രാവിലെ വിശപ്പ് തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഉണരുമ്പോൾ തന്നെ അമിതമായ വിശപ്പ് അനുഭവപ്പെടുന്നതിന് കാരണം രാത്രിയിൽ വളരെ കുറഞ്ഞ അളവിലോ അല്ലെങ്കിൽ പോഷകങ്ങൾ കുറഞ്ഞ ഭക്ഷണം കഴിച്ചതോ ആകാം. പ്രമേഹമുള്ളവരിലോ ഹൈപ്പോഗ്ലൈസീമിയ ഉള്ളവരിലോ രാവിലെ അമിത വിശപ്പ് ഒരു ലക്ഷണമായി കണ്ടേക്കാം.

നിയന്ത്രിച്ചില്ലെങ്കിൽ പണി പാളും

അമിതവണ്ണം: രാത്രിയിൽ അധിക കലോറി ശരീരത്തിലെത്തുന്നത് പെട്ടെന്നുള്ള ഭാരവർധനവിനും അമിതവണ്ണത്തിനും കാരണമാകുന്നു. ഇത് ഹൃദ്രോഗം പോലുള്ള മറ്റ് ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകും.

പ്രമേഹ സാധ്യത: അസമയത്തെ ആഹാരം പ്രത്യേകിച്ച് മധുരപലഹാരങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് താളം തെറ്റിച്ച് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കാം.

ദഹന പ്രശ്‌നങ്ങളും മോശം ഉറക്കവും: രാത്രി വൈകിയുള്ള ഭക്ഷണം ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നത് വഴി നെഞ്ചെരിച്ചിൽ, ഗ്യാസ് പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health problemssleepdiabeticseating habit
News Summary - Does an insatiable hunger even after eating disrupt your sleep? Know the causes
Next Story