ജങ്ക് ഫുഡിനോടുള്ള ആസക്തി കുറക്കാൻ പറ്റുന്നില്ലേ? പരിഹാരവുമായി ഹാർവാർഡിലെ വിദഗ്ധർ
text_fieldsജങ്ക് ഫുഡ് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് വെല്ലുവിളി സൃഷ്ടിക്കുമെന്ന് എല്ലാവർക്കും അറിയുന്നതാണ്. പക്ഷേ, ഇവയുടെ ദോഷങ്ങളെ കുറിച്ച് എത്രയൊക്കെ ബോധവാന്മാരായാലും ജങ്ക് ഫുഡിനോടുള്ള ആസക്തി കുറക്കാൻ പലർക്കും സാധിക്കാറില്ല. എന്നാൽ ഇത്തരം ഭക്ഷണങ്ങളോടുള്ള ആസക്തിക്ക് പിന്നിലെ പ്രധാന കാരണം രാവിലത്തെ ഭക്ഷണമാണെന്ന നിഗമനത്തിലാണ് ഹാർവാർഡിലെ ഡോക്ടർമാർ.
പ്രഭാതഭക്ഷണത്തിന് തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതാണ് ജങ്ക് ഫുഡിനോടുള്ള ആസക്തിയുടെ പ്രധാന കാരണം. പകരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്ന ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ ആസക്തിയും കുറയും. മുട്ട അല്ലെങ്കിൽ ഗ്രീക്ക് യോഗർട്ട് പോലുള്ള പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം തിരഞ്ഞെടുക്കുന്നത് ആസക്തിയെ ഗണ്യമായി നിയന്ത്രിക്കുകയും നിങ്ങളെ കൂടുതൽ സമയം തൃപ്തിപ്പെടുത്തുകയും ചെയ്യും.
സിറിയൽ, പേസ്ട്രി, ടോസ്റ്റ് പോലുള്ള പഞ്ചസാര അടങ്ങിയ പ്രഭാതഭക്ഷണങ്ങൾ കഴിച്ചാണ് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതെങ്കിൽ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുകയും പിന്നീട് പെട്ടെന്ന് താഴുകയും ചെയ്യും. ഇത് സംസ്കരിച്ച ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാൻ പ്രേരിപ്പിക്കും.
ജങ്ക് ഫുഡിനോടുള്ള ആസക്തി എങ്ങനെ കുറക്കാം
പ്രോട്ടീൻ കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കുക. ഇത് ജങ്ക് ഫുഡിനോടുള്ള ആസക്തി അപ്രത്യക്ഷമാക്കുമെന്ന് കൊളംബിയയിലെ മിസോറി സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നുണ്ട്. ഇത് ഭക്ഷണം അമിതമായി കഴിക്കുന്നത് തടയുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ അടങ്ങിയ പ്രഭാതഭക്ഷണം ഉൾപ്പെടുത്തുന്നത് ആളുകൾക്ക് കൂടുതൽ നേരം വിശക്കാതിരിക്കാനും ലഘുഭക്ഷണം കഴിക്കാനുള്ള സാധ്യത കുറക്കാനും സഹായിക്കും. കാരണം ഭക്ഷണത്തിനിടയിലുള്ള വിശപ്പ് ശമിപ്പിക്കാൻ ആളുകൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിലെല്ലാം പഞ്ചസാരയും കൊഴുപ്പും കൂടുതലാണ്. അതുകൊണ്ട് ചെറുപ്പക്കാരിൽ വിശപ്പ് നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിനും പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം ശീലിക്കുന്നത് ഫലപ്രദമാണെന്ന് ഇത്തരം കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

