താമസക്കാരിൽ ‘ഉപ്പ് തീറ്റ’ കൂടുതലെന്ന് സർവേ
text_fieldsദുബൈ: ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന ഉപ്പിന്റെ അളവ് രാജ്യത്ത് 96 ശതമാനം പേർക്കും കൂടുതലാണെന്ന് ദേശീയ സർവേ. അമിതമായി സോഡിയം ശരീരത്തിലെത്തുന്നത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർധിപ്പിക്കുന്നുവെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു.
ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്ന ഒരു ദിവസത്തെ ഉപ്പിന്റെ അളവിനെക്കാൾ കൂടുതൽ മിക്ക മുതിർന്നവരും കഴിക്കുന്നതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ 2024-2025 ലെ ദേശീയ പോഷകാഹാര സർവേയിലാണ് കണ്ടെത്തിയത്. 20,000പേരാണ് സർവെയിൽ പങ്കെടുത്തത്. ഈ സാഹചര്യത്തിൽ ബ്രെഡ്, മറ്റ് ബേക്കറി ഉൽപന്നങ്ങൾ തുടങ്ങിയ ദൈനംദിന ഭക്ഷ്യവിഭവങ്ങളിലെ ചേരുവയായ ഉപ്പ് കുറക്കുന്നതിനുള്ള മാർഗങ്ങൾ ആരോഗ്യ അധികൃതർ പരിശോധിച്ചുവരുകയാണ്.
അടുത്തിടെ പരിഷ്കരിച്ച പഞ്ചസാര നികുതിക്ക് സമാനമായ രീതിയിൽ ഉപ്പ് നികുതി സാധ്യമല്ലെങ്കിലും സോഡിയം അളവ് ഒരു നിശ്ചിതപരിധിക്ക് താഴെ കൊണ്ടുവരാൻ ഭക്ഷ്യ നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുന്ന മറ്റു നടപടികൾ അധികൃതർ ആലോചിക്കുന്നുണ്ട്. രാജ്യത്ത് 56 ശതമാനം മുതിർന്നവരും ഭക്ഷണത്തിൽ അമിതമായി കൊഴുപ്പ് ഉപയോഗിക്കുന്നതായും 27 ശതമാനം പേർ ദിവസവും മധുരമുള്ള സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കുന്നതായും യു.എ.ഇ നാഷനൽ ന്യൂട്രീഷൻ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ആറ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ 16 ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ 2 ശതമാനവും അമിതവണ്ണമുള്ളവരാണെന്ന് റിപ്പോർട്ടിലെ കുട്ടികളുടെ ആരോഗ്യ സൂചകങ്ങൾ വ്യക്തമാക്കുന്നുണ്ട്.
രുചി മെച്ചപ്പെടുത്തുന്നതിനായി മിക്ക ഭക്ഷണങ്ങളിലും ഉപ്പ് ചേർക്കാറുണ്ട്. ബ്രെഡ് ഉൽപന്നങ്ങൾ, തണുത്ത മാംസം, പിസ്സ, കോഴി ഉൽപന്നങ്ങൾ എന്നിവയിലാണ് ഏറ്റവും കൂടുതൽ ഉപ്പ് അടങ്ങിയിട്ടുള്ളതെന്ന് യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സംസ്കരിച്ച മാംസം, സൂപ്പും ടിന്നിലടച്ച ഭക്ഷണങ്ങളും, മസാലകളും സോസുകളും, ചീസ്, ശീതീകരിച്ചതും പാക്ക് ചെയ്തതുമായ ഭക്ഷണങ്ങൾ, പ്രഭാതഭക്ഷണ ധാന്യങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവയിലും ഉപ്പ് കൂടുതലാണെന്നും വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

