ദുബൈ ഹെൽത്ത് കെയർ സിറ്റി വിപുലീകരിക്കുന്നു
text_fieldsദുബൈ ഹെൽത്ത്കെയർ സിറ്റി വിപുലീകരണ പദ്ധതിയുടെ
രൂപരേഖ
ദുബൈ: ദുബൈ ഹെൽത്ത് കെയർ സിറ്റിയുടെ (ഡി.എച്ച്.സി.സി) വിപുലീകരണം പ്രഖ്യാപിച്ചു. 130 കോടി ചെലവിലാണ് ആദ്യഘട്ട വികസനം നടപ്പാക്കുകയെന്ന് ദുബൈ ഹെൽത്ത് കെയർ സിറ്റി അതോറിറ്റി (ഡി.എച്ച്.സി.എ) അറിയിച്ചു.
ആരോഗ്യപരിരക്ഷ രംഗത്തും സാമൂഹിക ക്ഷേമ രംഗങ്ങളിലും നിക്ഷേപം നടത്തുന്നതിന് ആഗോള മുൻനിര കേന്ദ്രമായി ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ലീഡ് പ്ലാറ്റിനം സർട്ടിഫൈഡ് ഓഫിസ് ടവർ, മെഡിക്കൽ കോംപ്ലക്സ്, സുസ്ഥിര വളർച്ചയെ പിന്തുണക്കുന്നതിനും അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടും. ദേശീയ ലക്ഷ്യങ്ങൾ അനുസരിച്ച് ദുബൈയുടെ ആരോഗ്യ സുരക്ഷ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഡി.എച്ച്.സി.എയുടെ ദീർഘകാല ദർശനങ്ങൾ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ വികസന പദ്ധതികളെന്ന് സി.ഇ.ഒ ഇസ്സാം ഖലദാരി പറഞ്ഞു.
13,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ലീഡ് പ്ലാറ്റിനം സർട്ടിഫൈഡ് ഓഫിസ് കെട്ടിടത്തിൽ മൂന്ന് ബേസ്മെന്റ് നിലകളും ഒമ്പത് നിലകളുമാണുണ്ടാവുക. ഇവിടെ സൗകര്യപ്രദമായ ഓഫിസ് സ്ഥലങ്ങളും താഴെ നിലയിൽ ചെറുകിട ഔട്ട്ലെറ്റുകൾക്കുള്ള സൗകര്യങ്ങളുമുണ്ടാകും. 5800 മീറ്ററാണ് മെഡിക്കൽ കോംപ്ലക്സിന്റെ വിസ്തീർണം. ഇതിന് രണ്ട് ബേസ്മെന്റ് ലെവലുകളും ഒമ്പത് നിലകളുമാണുണ്ടാവുക. ശസ്ത്രക്രിയകൾക്കായുള്ള സൗകര്യങ്ങൾ, ലബോറട്ടറികൾ, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ, മെഡിക്കൽ ഓഫിസ്, ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ, സ്മാർട്ട് പാർക്കിങ് സ്ഥലങ്ങൾ എന്നിവയാണ് ഇവിടെ നിർമിക്കുക.
കൂടാതെ ഇ.വി ചാർജിങ് സ്റ്റേഷനുകൾ, സാലിക്കുമായി സംയോജിപ്പിച്ചുള്ള സ്മാർട്ട് പാർക്കിങ്, എല്ലാവർക്കും പ്രവേശനം സാധ്യമാകുന്ന സവിശേഷതകൾ എന്നിവയുള്ള ബഹുനില കാർ പാർക്കിങ് സ്ഥലങ്ങളും ഡി.എച്ച്.സി.എ ഇതോടനുബന്ധിച്ച് നിർമിക്കും. ഈ വർഷം ഡിസംബറിൽ നിർമാണം ആരംഭിച്ച് 2027 നവംബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡി.എച്ച്.സി.എ സി.ഇ.ഒ അല്ലാ അൽമനിനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

