You are here
ഇബ്തിസാമ സ്കൂളിൽ അധ്യയനം തുടങ്ങി
ഷാർജ: അയാല നൃത്തമാടുേമ്പാഴും ഫാഷൻ ഷോയിൽ മിന്നിത്തിളങ്ങുേമ്പാഴും ഉപഹാരങ്ങൾ നൽകുേമ്പാഴും മറ്റാരെക്കാളും പിന്നിലല്ല തങ്ങളെന്ന് തെളിയിച്ചു കൊണ്ടാണ് ആ കുഞ്ഞുങ്ങൾ ചൊവ്വാഴ്ച രാത്രി ഒാരോ മനുഷ്യരുടെയും ഹൃദയം കവർന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിൽ കഴിഞ്ഞ ദിവസം പ്രവർത്തനം തുടങ്ങിയ അൽ ഇബ്തിസാമ സ്കൂളിലെ വിദ്യാർഥികളാണ് തങ്ങളുടെ വൈവിധ്യമാർന്ന കഴിവുകൾ പുറത്തെടുത്ത് രാതിങ്കളിന് തിളക്കം കൂട്ടിയത്. മനസ്സിനുള്ളിൽ വർഷങ്ങളായി കനലായി എരിഞ്ഞിരുന്ന സങ്കടങ്ങളെല്ലാം ഒറ്റരാത്രി കൊണ്ട് അണഞ്ഞുപോയ സന്തോഷത്തിലായിരുന്നു കുട്ടികളുടെ രക്ഷിതാക്കളും.
പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്ക് എങ്ങനെയാണ് അധ്യാപകർ പാഠങ്ങൾ പകർന്ന് നൽകുന്നതിെൻറ നേർസാക്ഷ്യം കൂടിയായിരുന്നു പരിപാടി. പാട്ടിെൻറ വരികൾ മറന്നുപോകുന്നിടത്തു വെച്ച് കുട്ടികളുടെ മനസ്സിലേക്ക് വരികൾ പകർന്ന് നൽകുന്ന മാന്ത്രികത അധ്യാപകർ സദസ്സിന് കാണിച്ചുകൊടുത്തു. അയാലയുടെ ചുവടുകൾ തെറ്റുന്ന മാത്രയിൽ അവരത് തിരുത്തിക്കൊടുക്കുമ്പോൾ കുട്ടികളുടെ മുഖത്ത് പാൽ പുഞ്ചിരിയും രക്ഷിതാക്കളുടെ മുഖത്ത് പൗർണമിയും തിളങ്ങി.
മകെൻറ അനുഭവങ്ങൾ പങ്കുവെച്ച് ബെന്നി ബെഹനാൻ
കാഴ്ചയില്ലാത്ത കുട്ടികളുടെ കൂടെ കണ്ണുകെട്ടി ഫുട്ബാൾ കളിച്ചതും അടിതെറ്റി വീണതും എന്നാൽ, ജഴ്സിയുടെ നിറമോ പന്തിെൻറ ആകൃതിയോ സ്വന്തം ടീമിലെ അംഗങ്ങളെയോ കാണാത്ത കുട്ടികൾ മനോഹരമായി ഫുട്ബാൾ കളിച്ചതും ഗോളടിച്ചതുമായ അനുഭവങ്ങൾ പങ്കുവെച്ചാണ് ഉദ്ഘാടകനായ ബെന്നി ബെഹനാൻ എം.പി തുടങ്ങിയത്.
മകെൻറ കേൾവിക്കുറവും അതുമായി ബന്ധപ്പെട്ടുണ്ടായ അനുഭവങ്ങളും പരിചയങ്ങളും ഓട്ടിസം ബാധിച്ച കുട്ടികളുടെ സ്കൂളിലെ സ്ഥിരം സന്ദർശനവും അദ്ദേഹം അക്കമിട്ട് പറഞ്ഞു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേൾവിയില്ലാത്ത കുട്ടികൾക്കായി നടപ്പാക്കിയ സൗജന്യ ശസ്ത്രക്രിയയും അതിനു നിമിത്തമാക്കിയ യേശുദാസിെൻറ അഭ്യർഥനയും അദ്ദേഹം ഓർമപ്പെടുത്തി.
ഇത്തരം സ്കൂളുകൾ നടത്തിക്കൊണ്ടുപോകുന്നതിെൻറ സാമ്പത്തികവും അല്ലാത്തതുമായ ബുദ്ധിമുട്ടുകൾ എടുത്തുപറഞ്ഞ അദ്ദേഹം ഇബ്തിസാമ സ്കൂളിന് സംസ്ഥാന- കേന്ദ്ര സർക്കാറുകളിൽ നിന്ന് സഹായം കണ്ടെത്താനുള്ള എല്ലാ വഴികളും തേടുമെന്ന് പറഞ്ഞു.
പേരിൽ മാറ്റം വരുത്തണം –ഡോ. എം.കെ. മുനീർ
അൽ ഇബ്തിസാമ സെൻറർ ഫോർ പീപ്ൾ വിത്ത് ഡിസബിലിറ്റീസ് സ്കൂൾ എന്നതിലെ ഡിസബിലിറ്റീസ് മാറ്റി പകരം ഡിഫ്രൻറ്ലി ഏബ്ൾഡ് എന്നാക്കണമെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ പറഞ്ഞു.
നാളെ ദൈവസന്നിധിയിൽ വെച്ച് ഭൂമിയിൽ ഏറ്റവും സന്തോഷം പകർന്ന കാര്യം ഏതാണെന്ന് തിരക്കിയാൽ 650 കുട്ടികൾക്ക് കേൾവിശക്തിയും സംസാരശേഷിയും ലഭിക്കാനുള്ള മാർഗങ്ങൾ ഒരുക്കിയതാണെന്ന് പറയും.
650 കുട്ടികൾക്ക് ആദ്യമായി അമ്മേ എന്ന വിളിക്കാനും തുടർന്നുള്ള ജീവിതത്തിൽ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകുവാനും താൻ മന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിയമങ്ങൾ വഴിയൊരുക്കിയെന്നും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ശക്തമായ പിന്തുണയാണ് ഇതിന് കാരണമെന്നും മുനീർ പറഞ്ഞു. സദസ്സിെൻറ അഭ്യർഥന മാനിച്ച് പാട്ട് പാടിയ മുനീറിനെ ബെന്നി ബെഹനാൻ ബൊെക്ക നൽകി എതിരേറ്റത് ചിരിയുണർത്തി.
ഭിന്നശേഷിക്കാർക്ക് ഇണകളെ കണ്ടെത്താൻ അവസരം –വി. അബ്ദുറഹ്മാൻ
ദൃഢനിശ്ചയമുള്ള കുട്ടികളെ തനിച്ചുവിടാതെ അവരെ ചേർത്തുനിർത്തിയ അസോസിയേഷനെ പ്രശംസിക്കുന്നതായി വി. അബ്ദുറഹ്മാൻ എം.എൽ.എ പറഞ്ഞു. ഇത്തരത്തിലുള്ള യുവതീയുവാക്കൾക്ക് താൽപര്യമാണെങ്കിൽ വിവാഹം കഴിക്കാനുള്ള അവസരം മലപ്പുറം ജില്ലയിൽ ഒരുങ്ങുകയാണെന്നും ഒട്ടും വൈകാതെ 100 പേരുടെ വിവാഹം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറെ സന്തോഷമുള്ള ദിവസം –ഇ.പി. ജോൺസൺ
പുതിയ ഭരണസമിതി ചുമതലയേറ്റ് ഏഴുമാസത്തിനുള്ളിൽ അൽ ഇബ്തിസാമ സ്കൂൾ പൂർത്തിയാക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നതായി ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളെ വീടുകളിൽ പോയി സന്ദർശിച്ചപ്പോൾ അവിടെ കണ്ട കാഴ്ചകൾ നെഞ്ചുലച്ചു. ആഗ്രഹങ്ങൾ മനസ്സിലുണ്ടെങ്കിൽ അത് നടപ്പാക്കാൻ എളുപ്പമാണെന്നും ഇതിനായി എല്ലാവിധ പിന്തുണയും നൽകിയ അംഗങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും ജോൺസൺ പറഞ്ഞു.
അംഗങ്ങൾക്കായി നാട്ടിൽ കമ്പനി ആരംഭിച്ചതും അസോസിയേഷന് കീഴിൽ എൻട്രൻസ് പരിശീലനം ആരംഭിച്ചതും അദ്ദേഹം എടുത്തു പറഞ്ഞു.
സ്വപ്നങ്ങൾ പൂവണിഞ്ഞ മുഹൂർത്തം –അബ്ദുല്ല മല്ലച്ചേരി
ഷാർജ ഇന്ത്യൻ അസോസിയേഷൻ നാലു പതിറ്റാണ്ടിലെത്തിയ വേളയിൽതന്നെ അൽ ഇബ്തിസാമ സ്കൂൾ തുടങ്ങാനായത് ഭാഗ്യമായി കാണുന്നതായി അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി പറഞ്ഞു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ആരംഭിച്ചത് വില്ലയിലായിരുന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ പിന്തുണയോടെ ഇന്നത് ഏറെ വളർന്നിരിക്കുന്നു. അൽ ഇബ്തിസാമ സ്കൂളും അത്തരത്തിൽ പടർന്ന് പന്തലിക്കും. കുട്ടികളെ ചേർത്തുപിടിച്ചുതന്നെ മുന്നോട്ട് പോകുമെന്നും മല്ലച്ചേരി പറഞ്ഞു.
എല്ലാ പാപങ്ങളും ദൈവം പൊറുത്ത ദിനം –കെ. ബാലകൃഷ്ണൻ
1979ൽ അസോസിയേഷൻ പ്രവർത്തനം തുടങ്ങി 40 വർഷം പിന്നിടുമ്പോൾ സംഭവിച്ചുപോയ എല്ലാ പാപങ്ങളും അൽ ഇബ്തിസാമ സ്കൂളിെൻറ തുടക്കത്തോടെ ദൈവം പൊറുത്തുകഴിഞ്ഞിട്ടുണ്ടാകുമെന്ന് ട്രഷറർ കെ. ബാലകൃഷ്ണൻ പറഞ്ഞു. സ്കൂളിെൻറ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്പെഷൽ എഡിഷൻ ന്യൂസ് ബുള്ളറ്റിൻ സുൽത്താൻ അൽ സുവൈദിക്ക് നൽകി ബെന്നി ബെഹനാൻ പ്രകാശനം നിർവഹിച്ചു. ഇബ്തിസാമ സ്കൂളിനെ കുറിച്ച് ഹരി എം. തയാറാക്കിയ വിഡിയോ മികച്ച നിലവാരം പുലർത്തി.
മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അൽ ഇബ്തിസാമ സ്കൂൾ പ്രിൻസിപ്പൽ ജയനാരായണൻ, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ആൻറണി ജോസഫ്, പെൺകുട്ടികളുടെ വിഭാഗം പ്രിൻസിപ്പൽ പ്രമോദ് മഹാജൻ എന്നിവർ സംസാരിച്ചു. സന്ദർശകർക്കെല്ലാം അത്താഴവും ഒരുക്കിയിരുന്നു.