ഇന്ത്യക്ക് ചുമത്തിയ 25% പിഴ തീരുവ പിൻവലിച്ച് ട്രംപ്; ലക്ഷ്യം 500 ബില്യൻ ഡോളറിന്‍റെ വ്യാപാരം
text_fieldsവാഷിങ്ടൺ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം പിഴ തീരുവ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻവലിച്ചു. വെള്ളിയാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടായ പുതിയ വ്യാപാര കരാറിന്റെ ഭാഗമായാണ് ഈ തീരുമാനം. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ 100 ശതമാനം വരെ തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പുതിയ കരാർ പ്രകാരം, റഷ്യൻ എണ്ണയെച്ചൊല്ലിയുള്ള 25 ശതമാനം അധിക തീരുവ ട്രംപ് പൂർണമായും ഒഴിവാക്കി.
ഇതുവരെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്കയിൽ മൊത്തം 50 ശതമാനം വരെ നികുതി നൽകേണ്ടി വന്നിരുന്നു (25% സാധാരണ നികുതിയും റഷ്യൻ എണ്ണയുടെ പേരിലുള്ള 25% ശിക്ഷാ നികുതിയും). പുതിയ കരാറോടെ ഇത് 18 ശതമാനമായി കുറയും. ഇത് ഇന്ത്യൻ കയറ്റുമതി മേഖലക്ക് വലിയ ആശ്വാസമാണ്. താരിഫ് കുറക്കുന്നതിന് പകരമായി ഇന്ത്യ ചില ഉറപ്പുകൾ നൽകിയതായി ട്രംപ് അറിയിച്ചു. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഘട്ടംഘട്ടമായി നിർത്തുകയോ കുറക്കുകയോ ചെയ്യും. പകരം അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും കൂടുതൽ എണ്ണ വാങ്ങും. അമേരിക്കയിൽ നിന്നുള്ള ഊർജം, സാങ്കേതികവിദ്യ, കൃഷി എന്നീ മേഖലകളിൽനിന്ന് ഏകദേശം 500 ബില്യൻ ഡോളറിന്റെ ഉൽപന്നങ്ങൾ ഇന്ത്യ വാങ്ങുമെന്ന് ട്രംപ് അവകാശപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉൽപന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ കുറഞ്ഞ നികുതി ലഭിക്കുന്നത് വലിയ നേട്ടമാണെന്നും, ട്രംപുമായുള്ള ചർച്ചകൾ വിജയകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ചൈന, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കുറഞ്ഞ നികുതി നിരക്കാണ് അമേരിക്കയിൽ ഈടാക്കുന്നത്. ഇത് വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഐ.ടി സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ കയറ്റുമതി വർധിപ്പിക്കാൻ സഹായിക്കും.
മോദിയോടുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്താണ് തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതെന്ന് ട്രംപ് പറഞ്ഞു. ഊർജോൽപന്നങ്ങൾ, വിമാനങ്ങൾ, വിമാന ഭാഗങ്ങൾ, വിലപിടിപ്പുള്ള ലോഹങ്ങൾ, സാങ്കേതിക ഉൽപ്പന്നങ്ങൾ, കൽക്കരി എന്നിവയാണ് ഇന്ത്യ പ്രധാനമായും അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുക. അമേരിക്കൻ ഉൽപന്നങ്ങൾ ഇന്ത്യയിലേക്ക് എത്തുമ്പോഴും ഇന്ത്യൻ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ കാർഷിക-ക്ഷീര മേഖലകളെ ബാധിക്കാത്ത രീതിയിലാണ് കരാർ രൂപീകരിച്ചിരിക്കുന്നത്.
കരാറിലൂടെ ഇന്ത്യൻ കയറ്റുമതിക്കാർക്ക്, പ്രത്യേകിച്ച് ചെറുകിട സംരംഭകർക്കും കർഷകർക്കും 30 ട്രില്യൻ ഡോളർ മൂല്യമുള്ള വലിയ വിപണി തുറന്നുകിട്ടുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. നിലവിൽ ഇതൊരു ഇടക്കാല കരാറാണ്. പൂർണരൂപത്തിലുള്ള ഔദ്യോഗിക കരാറിൽ അടുത്തമാസം ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാർ വാർത്ത പുറത്തുവന്നതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ മുന്നേറ്റമാണുണ്ടായത്. രൂപയുടെ മൂല്യത്തിലും കരുത്ത് പ്രകടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

