‘അതിഥി ദേവോ ഭവ’: ക്രൈസ്തവ പുരോഹിതന്‍റെ ക്ഷേത്ര സന്ദർശനം അതിഥിയായി; നിയമങ്ങൾ സാമൂഹ്യ ഐക്യം തകർക്കരുതെന്ന് ഹൈകോടതി
text_fieldsഓർത്തഡോക്സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം അടൂർ പാർഥസാരഥി ക്ഷേത്രത്തിൽ എത്തിയപ്പോൾ
കൊച്ചി: അടൂർ പാർഥസാരഥി ക്ഷേത്രത്തിൽ ക്രൈസ്തവ പുരോഹിതൻ പ്രവേശിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈകോടതി. ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജി തള്ളിയതിന് പിന്നാലെ കോടതി വാക്കാൽ നിർദേശങ്ങളും വെച്ചു.
തന്ത്രിയുടെ അനുമതിയോടെ ഓർത്തഡോക്സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം ക്ഷേത്രത്തിൽ പ്രവേശിച്ചത് ആചാര ലംഘനമല്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ അതിഥിയായാണ് ഡോ. സഖറിയാസ് മാർ അപ്രേം എത്തിയത്. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്. അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്കാരത്തിന്‍റെ ഭാഗമാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
ക്രൈസ്തവ പുരോഹിതന്‍റെ ക്ഷേത്ര സന്ദർശനം ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അധ്യാപകനായ സനൽ നാരായണൻ നമ്പൂതിരിയാണ് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, 'മാതൃ ദേവോ ഭവ, പിതൃ ദേവോ ഭവ, ആചാര്യ ദേവോ ഭവ, അതിഥി ദേവോ ഭവ' എന്ന ഉപനിഷത്തിലെ വാക്കുകൾ പരാമർശിച്ച് കൊണ്ടാണ് ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവ് ഹൈകോടതി തുടങ്ങിയത്. വേദപഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് അധ്യാപകൻ ഉപദേശിക്കുന്ന വാക്കാണെന്നും കോടതി ചൂണ്ടിക്കാട്ടി.
1965ലെ നിയമത്തിൽ അഹിന്ദുക്കൾക്ക് ക്ഷേത്ര പ്രവേശനം നിഷേധിക്കുന്നില്ല. ചട്ടങ്ങൾ മാത്രമാണ് അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് പറയുന്നത്. നിയമത്തിന് വിരുദ്ധമായി ചട്ടങ്ങൾ നിൽക്കരുത്. നിയമങ്ങൾ സാമൂഹ്യ ഐക്യം തകർക്കാൻ ഇടയാക്കുന്നത് ആകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
പരസ്പര ബഹുമാനവും സഹവർത്തിത്വവും വളർത്താനാണ് നിയമങ്ങൾ ഉപയോഗിക്കേണ്ടത്. അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്കരിക്കണോ എന്ന് സർക്കാറിന് പരിശോധിക്കാം. തന്ത്രിമാരുമായും ദേവസ്വം ബോർഡുമായും കൂടിയാലോചിച്ച് ഉചിതമായ തീരുമാനം എടുക്കാമെന്നും ഹൈകോടതി വ്യക്തമാക്കി.
2023 സെപ്റ്റംബർ ഏഴിനാണ് ശോഭയാത്ര ഉദ്ഘാടനം ചെയ്യാനായി ഓർത്തഡോക്സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം അടൂർ പാർഥസാരഥി ക്ഷേത്രത്തിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

