മൂന്നാംഘട്ട സ്വദേശീവത്​കരണം: രാജ്യത്തെ വിവിധ മേഖലകളിൽ പരിശോധന

ജിദ്ദ: വിൽപന രംഗത്തെ മൂന്നാംഘട്ട സ്വദേശീവത്​കരണം ഉറപ്പുവരുത്താൻ രാജ്യത്തെ വിവിധ മേഖലകളിൽ പരിശോധന തുടങ്ങി. തബൂക്ക്​, നജ്​റാൻ തുടങ്ങിയ മേഖലകളിൽ അതതു തൊഴിൽ കാര്യ ഒാഫീസിനു കീഴി​ലാണ്​ ബുധനാഴ്​ച പരിശോധന നടന്നത്​. വരും ദിവസങ്ങളിൽ പരിശോധന ശക്​തമാക്കാനാണ്​ പരിപാടി. മെഡിക്കൽ ഉപകരണങ്ങൾ, കെട്ടിട നിർമാണ വസ്​തുക്കൾ, വാഹന സ്​പെയർ പാർട്​സ്​, കാർ​െപറ്റുകൾ, മിഠായികൾ എന്നിവ വിൽപന നടത്തുന്ന കടകൾ പരിശോധിച്ചതിലുൾപ്പെടും. പലയിടങ്ങളിലും നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്​. ചിലയിടങ്ങളിൽ സ്​ഥാപനങ്ങൾ അടച്ചിട്ട നിലയിലായിരുന്നു. രാജ്യത്തി​​​െൻറയും ജനങ്ങളുടെയും താൽപര്യം മുൻനിർത്തിയുള്ള തീരുമാനം എല്ലാവരും പാലിക്കണമെന്ന്​ തൊഴിൽ മന്ത്രാലയ ബ്രാഞ്ച്​ ഒാഫീസ്​ മേധാവി ഡോ. മുഹമ്മദ്​ അൽഹർബി പറഞ്ഞു. സ്വദേശികളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുകയും സ്വ​കാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനുമാണിത്​. 
ഇതിനായി പരിശോധന തുടരുമെന്നും നിയമ ലംഘകർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നജ്​റാനിലെ ശറൂറയടക്കമുള്ള വിവിധ മേഖലകളിലും പരിശോധന നടന്നു. ഒമ്പത്​ കടകളിൽ പരിശോധന നടത്തിയതായി നജ്​റാൻ മേഖല തൊഴിൽ വകുപ്പ്​ മേധാവി അബ്​ദുല്ല ദോസരി പറഞ്ഞു. നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടില്ല. സ്വദേശീവത്​കരണം തീരുമാനിച്ച കടകളിലെ പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.​ കഴിഞ്ഞ തിങ്കളാഴ്​ചയാണ്​  അഞ്ച്​ വ്യാപാര മേഖലയിൽ കൂടി സ്വദേശിവത്​കരണം ആരംഭിച്ചത്​. 


യാമ്പുവിലും പരിശോധന വ്യാപകം 
യാമ്പു : തിങ്കളാഴ്ച മുതൽ നടപ്പിലാക്കിയ മൂന്നാംഘട്ട സ്വദേശിവത്കരണം പ്രാബല്യത്തിലായ മേഖലകളിൽ തൊഴിൽ, സാമൂഹ്യ വികസന മന്ത്രാലയ ഉദ്യോഗസ്ഥർ ഊർജിത പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ടൗണിലെ കടകളിലെത്തിയ ഉദ്യോഗസ്ഥർ ജീവനക്കാരുടെ ഇഖാമ പരിശോധിച്ച്​ സാഹചര്യങ്ങൾ വിലയിരുത്തി.   യാമ്പുവിൽ കെട്ടിട നിർമാണ വസ്തുക്കൾ, സ്പെയർ പാർട്സ്, മെഡിക്കൽ സാമഗ്രികൾ, കാർപെറ്റ്, ബേക്കറി എന്നിവ വിൽക്കുന്ന കടകളിൽ നൂറുകണക്കിന് വിദേശികൾ ജോലി ചെയ്തിരുന്നു. 
എഴുപത് ശതമാനം സ്വദേശികൾ വേണമെന്ന നിയമം നിർബന്ധമാക്കിയതിനാൽ  ധാരാളം വിദേശ തൊഴിലാളികൾക്ക് ഈ മേഖലയിൽ നിന്ന് ഇപ്പോൾ മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ പിഴയും മറ്റു നടപടികളും ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവർ ആവർത്തിച്ച് പ്രഖ്യാപിച്ച സന്ദർഭത്തിൽ കടയിൽ നിൽക്കാൻ പലരും ധൈര്യപ്പെടുന്നില്ല. നേരത്തെ രണ്ടു ഘട്ടങ്ങളിലുള്ള സൗദിവത്‌കരണം നടപ്പിലാക്കിയപ്പോൾ ചില കടകൾക്കും വ്യക്തികൾക്കും  പിഴയും ശിക്ഷയും ലഭിച്ചിരുന്നു. 
സൗദി ജീവനക്കാരെ നിയമിക്കാത്ത ഒറ്റപ്പെട്ട ചില സ്ഥാപനങ്ങൾ ഈ മേഖലയിൽ താൽകാലികമായി അടച്ചിട്ടിട്ടുണ്ട്. എഴുപത് ശതമാനം സൗദി ജീവനക്കാരെ നിയമിച്ച് ധാരാളം കടകൾ യാമ്പുവിൽ തടസ്സമില്ലാതെ തുറന്നു പ്രവർത്തിക്കുന്നുണ്ട്.  
 

Loading...
COMMENTS