ഒമാനിൽ രാത്രികാല താപനില കുറഞ്ഞു; വരും ദിവസങ്ങളിൽ തണുപ്പേറും
text_fieldsബന്ദറുൽ ഖൈറാനിൽ തണുത്ത രാത്രികാലം ചെലവഴിക്കാനെത്തിയ സ്വദേശികൾ
മസ്കത്ത്: ഒമാനിൽ നവംബർ മാസത്തിലെ ആദ്യ10 ദിവസങ്ങളിൽ താപനില കുറഞ്ഞതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) പുറത്തിറക്കിയ പുതിയ കാലാവസ്ഥ റിപ്പോർട്ട്. നിരവധി ഗവർണറേറ്റുകളിലെ നിരീക്ഷണകേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ കണക്കുപ്രകാരം, കഴിഞ്ഞവർഷം ഇതേ കാലയളവിനേക്കാൾ കുറഞ്ഞ തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശൈത്യകാലത്തിലേക്ക് നീങ്ങവെ പ്രഭാതകാലങ്ങളിൽ തണുപ്പ് കൂടുതലായി അനുഭവപ്പെട്ടുവരുന്നു. തെളിഞ്ഞ ആകാശം, ഈർപ്പക്കുറവ്, വടക്കൻ കാറ്റിന്റെ സ്വാധീനം എന്നിവയാണ് രാത്രിസമയത്ത് താപനില താഴാൻ പ്രധാന കാരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
സൈഖ് പ്രദേശത്ത് കഴിഞ്ഞവർഷം നവംബറിൽ 13.2 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഇത്തവണ 9.3 ഡിഗ്രിയിലേക്ക് താഴ്ന്നിട്ടുണ്ട്. കഴിഞ്ഞവർഷം നവംബർ തുടക്കത്തിൽ 19.7 ഡിഗ്രി താപില രേഖപ്പെടുത്തിയ ബുറൈമിയിൽ ഇപ്പോൾ 14.5 ഡിഗ്രിയാണ് താപനില.
ജബൽ ഷംസ് പ്രദേശത്ത് 17.3 ഡിഗ്രിയിൽനിന്ന് 13.4 ഡിഗ്രിയിലേക്കും ഇടിവ് രേഖപ്പെടുത്തി. തലസ്ഥാനമായ മസ്കത്തിലെ അന്താരാഷ്ട്ര വിമാനത്താവളമേഖലയിൽ താപനില 22.2 ഡിഗ്രിയിൽ നിന്ന് 16.2 ലേക്ക് താഴ്ന്നു.
സൂർ, സുഹാർ, ഇബ്രി, ഹൈമ തുടങ്ങിയ തീരപ്രദേശങ്ങളിലും ഉൾനാടൻ മേഖലകളിലും സമാനമായ രീതിയിൽ താപനിലയിൽ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മൂന്നുമുതൽ ആറു ഡിഗ്രിവരെ താപനില താഴ്ന്നിട്ടുണ്ട്. ഇതോടെ ഈ വർഷം ഒമാനിൽ കൂടുതൽ തണുത്ത ശൈത്യകാലം പ്രതീക്ഷിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. താപനില തുടർച്ചയായി കുറയാനിടയുള്ളതിനാൽ ജനങ്ങൾ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കുന്ന ദൈനംദിന അറിയിപ്പുകൾ പിന്തുടരണമെന്ന് അധികൃതർ അഭ്യർഥിച്ചു. കൃഷി, പൊതുജനാരോഗ്യം, ലോജിസ്റ്റിക്സ് തുടങ്ങിയ താപനില നിരീക്ഷണവുമായി ബന്ധപ്പെട്ട മേഖലകൾക്ക് ഈ വിവരങ്ങൾ പ്രാധാന്യമുള്ളതാണെന്ന് സിവിൽ എവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
ശൈത്യകാലത്തിന്റെ വരവോടെ മസ്കത്തിലെ മലയോര പ്രദേശങ്ങളിൽ രാത്രികാലങ്ങൾ ചെലവഴിക്കാനെത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ടെന്റുകളടിച്ച് ഉദയാസ്തമയങ്ങൾ ആസ്വദിക്കാൻ എത്തുന്നവരാണ് മിക്കവരും. ടെന്റുകളിൽ രാപ്പാർത്ത് വിറക് കത്തിച്ച് ആഹാരം പാകം ചെയ്തും ചുടുചായ ഒരുക്കിയും വർത്തമാനങ്ങൾ പറഞ്ഞും സമയം ചെലവിടും. മസ്കത്തിലെ ബന്ദർ അൽ ഖൈറാൻ അടക്കമുള്ള കുന്നുകളിൽ കയറ്റവും ഇറക്കവും ദുർഘടം പിടിച്ച വളവുകളും താണ്ടി സഞ്ചാരികൾ എത്തിച്ചേരുന്നു. മലയാളികളടക്കമുള്ളവർ കുടുംബമായും ക്യാമ്പിങ്ങിനെത്തുന്നുണ്ട്. ക്യാമ്പിങ് ടെന്റുകളും മറ്റും സാധനങ്ങളും വിപണിയിൽ സുലഭമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

