ലോകത്തിന്‍റെ 'ബിരിയാണി' തലസ്ഥാനം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം
text_fieldsഇന്ത്യക്കാരുടെ മനസ്സിൽ ബിരിയാണി വെറുമൊരു ഭക്ഷണമല്ല മറിച്ച് കൊതിയൂറുന്നൊരു വികാരമാണ്. ഓരോ പ്രദേശത്തിനും അവരുടേതായ രുചിഭേദങ്ങളും ശൈലികളുമുണ്ട്. എങ്കിലും രുചിയുടെയും സുഗന്ധത്തിന്റെയും പാരമ്പര്യത്തിന്റെയും കാര്യത്തിൽ ബിരിയാണിപ്രേമികൾ ഒരേ സ്വരത്തിൽ ഇന്ത്യയുടെ ബിരിയാണി തലസ്ഥാനമായി വിശേഷിപ്പിക്കുന്നത് ഒരേയൊരു നഗരത്തെയാണ്. അതാണ് ഹൈദരാബാദ്. ഇന്ന് ഇന്ത്യയിലെ നാനാ ഭാഗത്തും ഹൈദരാബാദി ബിരിയാണികൾ സുലഭമാണ്.
ഹൈദരാബാദി ദം ബിരിയാണിയുടെ പെരുമ ലോകമെമ്പാടും പടർന്നു കഴിഞ്ഞു. രാജകീയ അടുക്കളകളിൽ പിറന്ന് നൂറ്റാണ്ടുകളിലൂടെ പരിണമിച്ചുവന്ന ഈ ബിരിയാണി പതുക്കെ തീയിൽ വേവിച്ചെടുക്കുന്ന സവിശേഷമായ രീതി കൊണ്ടും മികച്ച സുഗന്ധമുള്ള ബാസ്മതി അരി, മൃദുവായ മാംസം, കൃത്യമായ അളവിലുള്ള മസാലക്കൂട്ടുകൾ എന്നിവ കൊണ്ടും വേറിട്ടുനിൽക്കുന്നു. ഇത് നഗരത്തിലെ ഭക്ഷണപ്രിയരുടെ വികാരമാണ്.
വ്യത്യസ്തമായ പലതരം ബിരിയാണികൾ ഹൈദരാബാദിലുണ്ട്. പച്ചയായ മാംസം മസാലകളിൽ പുരട്ടി അരിയോടൊപ്പം ചേർത്ത് വേവിക്കുന്ന കച്ചാ ബിരിയാണിയും, മാംസം വെന്തതിനുശേഷം അരിയോടൊപ്പം ചേർക്കുന്ന പക്കി ബിരിയാണിയും ഇവിടെ ഏറെ പ്രശസ്തമാണ്. കൂടാതെ ചിക്കൻ ദം ബിരിയാണിയും മട്ടൻ ബിരിയാണിയും ആളുകൾ ഏറെ ഇഷ്ടപ്പെടുന്നു. മിർച്ചി കാ സലാൻ, റൈത്ത, മധുരത്തിനായി ഡബിൾ കാ മീഠാ എന്നിവക്കൊപ്പമാണ് ഈ ബിരിയാണി വിളമ്പുന്നത്. പാരഡൈസ്, ബവർചി, ഷാ ഘൗസ്, കഫേ ബഹാർ തുടങ്ങിയ നിരവധി പ്രശസ്ത ബിരിയാണി സ്പോട്ടുകൾ നഗരത്തിലുണ്ട്.
ലഖ്‌നോവിലെ അവധി ബിരിയാണി, കൊൽക്കത്ത ബിരിയാണി, ചെന്നൈ ശൈലിയിലുള്ള ബിരിയാണി, കേരളത്തിലെ തലശ്ശേരി ബിരിയാണി തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പലതരത്തിലുള്ള ബിരിയാണികൾ ഉണ്ടെങ്കിലും ബിരിയാണിയെ ഒരു ജീവിതരീതിയാക്കി മാറ്റിയതിലൂടെ ഹൈദരാബാദ് എന്നും മുന്നിൽ നിൽക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

