Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെസ്‌ലെക്ക് തിരിച്ചടി; കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ ഗുണനിലവാരം കുറവെന്ന് എഫ്.എസ്.എസ്.എ.ഐ

text_fields
bookmark_border
nestle
cancel
camera_alt

നെസ്‌ലെ ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഭക്ഷ്യ ഉൽപ്പന്ന കമ്പനിയായ നെസ്‌ലെ ഇന്ത്യക്കെതിരെ കടുത്ത നിയമനടപടിയുമായി ഭക്ഷ്യ സുരക്ഷാ നിയന്ത്രണ അതോറിറ്റി (FSSAI). കുഞ്ഞുങ്ങൾക്കുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഗുണനിലവാര വീഴ്ചയും നിയമലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നെസ്‌ലെയുടെ മൂന്ന് വ്യത്യസ്ത ഉൽപ്പന്നങ്ങൾക്കെതിരെ മൂന്ന് കേസുകൾ ഫയൽ ചെയ്തതായി വെള്ളിയാഴ്ച എഫ്.എസ്.എസ്.എ.ഐ അറിയിച്ചു.

നെസ്‌ലെ നിർമിച്ച ഫോളോ-അപ്പ് ഫോർമുലയുടെ ഒരു സാമ്പിൾ ലബോറട്ടറി പരിശോധനയിൽ ഗുണനിലവാരം കുറഞ്ഞതായി കണ്ടെത്തിയതാണ് നടപടിക്ക് പ്രധാന കാരണം. ബയോട്ടിൻ അളവിൽ ഗുരുതരമായ കുറവാണ് കണ്ടെത്തിയത്.‘സാമ്പിൾ പരിശോധിച്ചപ്പോൾ ബയോട്ടിൻ അളവിൽ മാനദണ്ഡം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. പിന്നീട് ഈ സാമ്പിൾ വീണ്ടും വിശദമായ പരിശോധനക്കായി റഫറൽ ലബോറട്ടറിയിലേക്ക് അയക്കുകയായിരുന്നു.

അവിടെയും ഫലം ഇതുതന്നെയായിരുന്നു. 2020ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് (ഫുഡ്‌സ് ഫോർ ഇൻഫന്റ് ന്യൂട്രീഷൻ) റെഗുലേഷൻസ് പ്രകാരം നിശ്ചയിച്ചിട്ടുള്ള ബയോട്ടിൻ്റെ അളവ് ഈ ഉൽപ്പന്നത്തിലില്ലെന്നും എഫ്.എസ്.എസ്.എ.ഐ പ്രസ്താവനയിൽ പറഞ്ഞു.

വിറ്റാമിൻ B7 എന്നറിയപ്പെടുന്ന ബയോട്ടിൻ കുഞ്ഞുങ്ങളുടെ വളർച്ചക്ക് അത്യാവശ്യമായ ഒരു ഘടകമാണ്. ഇതിൻ്റെ കുറവ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.ഗുണനിലവാര പ്രശ്നത്തിന് പുറമെ, നെസ്‌ലെയുടെ മറ്റ് രണ്ട് ജനപ്രിയ കുഞ്ഞുങ്ങളുടെ ഭക്ഷണ ഉൽപ്പന്നങ്ങളായ നാൻ എക്സെല്ല പ്രോ സ്റ്റേജ് 1, ലാക്ടോജൻ പ്രോ 1 എന്നിവയുടെ പ്രചാരണത്തിലും നിയമലംഘനം കണ്ടെത്തിയിട്ടുണ്ട്.

ഈ രണ്ട് ഉൽപ്പന്നങ്ങളുടെയും പ്രമോഷൻ, കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൻ്റെ വിൽപ്പന വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പ്രൊമോഷണൽ ക്ലെയിമുകളും മറ്റും നിരോധിക്കുന്ന ഫുഡ്‌സ് ഫോർ ഇൻഫന്റ് ന്യൂട്രീഷൻ റെഗുലേഷൻസ് 2020ലെ റെഗുലേഷൻ 4(2)നും, കുട്ടികളുടെ പാലിന് പകരമുള്ള ഉൽപ്പന്നങ്ങളുടെ പരസ്യവും പ്രചാരണവും നിരോധിക്കുന്ന IMS (Infant Milk Substitutes) ആക്ട് 1992ലെ സെക്ഷൻ 3നും വിരുദ്ധമാണ് എഫ്.എസ്.എസ്.എ.ഐ ചൂണ്ടിക്കാട്ടി.

അതേസമയം, തങ്ങളുടെ ഉൽപ്പന്നങ്ങൾ എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്നും എഫ്.എസ്.എസ്.എ.ഐയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും നെസ്‌ലെ ഇന്ത്യ പ്രതികരിച്ചു. എഫ്.എസ്.എസ്.എ.ഐ ചൂണ്ടിക്കാട്ടിയ രണ്ട് ഉൽപ്പന്നങ്ങളും അവയുടെ ലേബലുകളും റെഗുലേറ്ററുടെ വിദഗ്ധ സമിതി തന്നെ അംഗീകരിച്ചതാണ്. ലേബലിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വസ്തുതാപരവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ് എന്ന് വിശദീകരിച്ച് ഞങ്ങൾ അധികൃതർക്ക് മറുപടി നൽകിയിട്ടുണ്ടെന്ന് നെസ്‌ലെ അറിയിച്ചു.

എന്നാൽ ബയോട്ടിൻ അളവ് കുറഞ്ഞ മൂന്നാമത്തെ ഉൽപ്പന്നത്തെക്കുറിച്ച് കമ്പനി നേരിട്ട് പ്രതികരിച്ചിട്ടില്ല. വാർത്ത പുറത്തുവന്നതിന് പിന്നാലെ നെസ്‌ലെ ഇന്ത്യയുടെ ഓഹരികളിൽ മൂന്ന് ശതമാനം ഇടിവുണ്ടായെങ്കിലും പിന്നീട് തിരിച്ചുകയറി നഷ്ടം മറികടന്ന് ക്ലോസ് ചെയ്തു. ഇത് ആദ്യമായല്ല നെസ്‌ലെ ഭക്ഷ്യ സുരക്ഷാ വിവാദത്തിൽ പെടുന്നത്.

2015ൽ കമ്പനിയുടെ ഏറ്റവും ജനപ്രിയ ഉൽപ്പന്നമായ മാഗി നൂഡിൽസിൽ അധിക ലെഡ് അടങ്ങിയിട്ടുണ്ടെന്നും ലേബലിങ്ങിൽ പിഴവുണ്ടെന്നും കണ്ടെത്തി നിരോധിച്ചിരുന്നു. പുതിയ പരിശോധനകൾക്ക് ശേഷമാണ് മാഗി വീണ്ടും വിപണിയിൽ എത്തിയത്. മാർച്ച് 2026ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ നെസ്‌ലെ ഇന്ത്യയുടെ ഏറ്റവും വലിയ വരുമാന മാർഗ്ഗം പാലും പോഷക ഉൽപ്പന്നങ്ങളുമാണ്.

അതിൽ ശിശു ഫോർമുലകളും ഉൾപ്പെടുന്നു. 2.4 ബില്യൺ ഡോളറിൻ്റെ (23,000 കോടി രൂപ) ഉൽപ്പന്ന വിൽപ്പനയിൽ മൂന്നിലൊന്ന് ഈ വിഭാഗത്തിൽ നിന്നാണ്. നേരത്തെ, കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ പഞ്ചസാര ചേർത്തതുമായി ബന്ധപ്പെട്ടും നെസ്‌ലെ ആഗോളതലത്തിൽ വിവാദത്തിൽപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nestle in Trouble Again Over Baby Food
Next Story