വാഴപ്പഴം പണ്ടേ ഹീറോ അല്ലെ!; ദിവസേന ഒരു വാഴപ്പഴം തുടർച്ചയായി കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ?
text_fieldsനമ്മുടെ നാട്ടിൽ വർഷത്തിൽ 365 ദിവസവും ഒരുപോലെ പ്രിയങ്കരമായ ഒരു ഫലമുണ്ടെങ്കിൽ അത് തീർച്ചയായും നേന്ത്രപ്പഴമോ ചെറുപഴമോ പോലുള്ള വാഴപ്പഴങ്ങൾ തന്നെയാണ്. വളരെ എളുപ്പത്തിൽ ലഭ്യമാണ് എന്നതിനൊപ്പം തന്നെ, മധുരവും പോഷകഗുണങ്ങളും നിറഞ്ഞതു കൊണ്ടാണിത്. പ്രഭാതഭക്ഷണം മുതൽ മധുരപലഹാരങ്ങളിൽ വരെ പല രീതിയിൽ നമുക്കിത് ഉൾപ്പെടുത്താം. എന്നാൽ, തുടർച്ചയായി 45 ദിവസം ദിവസവും ഒരു വാഴപ്പഴം വീതം കഴിച്ചാൽ നമ്മുടെ ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാകുക എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതേക്കുറിച്ച് വിശദമായിത്തന്നെ മനസ്സിലാക്കാം.
പോഷകങ്ങളുടെ കലവറ
യു.എസ്.ഡി.എ കണക്കുകൾ പ്രകാരം, 100 ഗ്രാം പഴുത്ത വാഴപ്പഴത്തിൽ നിന്ന് ഏകദേശം 89 കലോറി ഊർജ്ജം ലഭിക്കുന്നുണ്ട്. ഇതിൽ കൊഴുപ്പ് വളരെ കുറവാണ് (0.33 ഗ്രാം). കൂടാതെ കൊളസ്ട്രോൾ ഒട്ടുമില്ല താനും. ശരീരത്തിന് അത്യാവശ്യമായ 2.60 ഗ്രാം ഡയറ്ററി ഫൈബറും, 1.09 ഗ്രാം പ്രോട്ടീനും, 22.80 ഗ്രാം കാർബോഹൈഡ്രേറ്റും ഇതിലടങ്ങിയിരിക്കുന്നു. എല്ലാറ്റിലുമുപരിയായി, 358 മില്ലിഗ്രാം പൊട്ടാസ്യവും ഇതിലുണ്ട്.
ശരീരത്തിലെ രക്തസമ്മർദ്ദം കൃത്യമായി നിലനിർത്താനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും, പേശികളുടെ സുഗമമായ പ്രവർത്തനത്തിനും ഈ പൊട്ടാസ്യം വലിയ പങ്കുവഹിക്കുന്നുണ്ട്. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാരയും കാർബോഹൈഡ്രേറ്റും ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാൻ സഹായിക്കുന്നതിനാൽ, വ്യായാമത്തിന് മുൻപോ ശേഷമോ കഴിക്കാൻ പറ്റിയ മികച്ചൊരു ലഘുഭക്ഷണമാണിത്.
ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ
തുടർച്ചയായി 45 ദിവസം ദിവസവും ഒരു പഴം കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ചെറുതല്ല. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ B6 തലച്ചോറിന്റെ ആരോഗ്യത്തെ ഉത്തേജിപ്പിക്കുകയും, ശരീരത്തിൽ സെറോടോണിൻ (ശരീരത്തിന് സന്തോഷം നൽകുന്ന ഹോർമോൺ) ഉത്പാദനം കൂട്ടി മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. ഇതിലെ ഉയർന്ന ഫൈബർ (നാരുകൾ) അടക്കം ദഹനപ്രക്രിയ എളുപ്പമാക്കാനും, മലബന്ധം പോലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി ഒഴിവാക്കാനും സഹായിക്കുന്നു. കൂടാതെ, ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇതിൽ ധാരാളമുണ്ട്.
പഠനങ്ങൾ വ്യക്തമാക്കുന്നത് അനുസരിച്ച് വാഴപ്പഴത്തിലും അതിന്റെ തൊലിയിലും അടങ്ങിയിരിക്കുന്ന ഫ്ലവനോയ്ഡുകൾ, കരോട്ടിനോയ്ഡുകൾ തുടങ്ങിയ ഘടകങ്ങൾ ഹൃദയസംബന്ധമായ രോഗങ്ങളിൽ നിന്ന് ശരീരത്തിന് മികച്ച സംരക്ഷണം നൽകുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏതൊരു ഭക്ഷണപദാർത്ഥത്തെയും പോലെ അമിതമായാൽ ഇതും ചില ദോഷങ്ങൾ വരുത്തിയേക്കാം. ശരീരത്തിന് ആവശ്യമായതിലും കൂടുതൽ കലോറി ഉള്ളിലെത്തിയാൽ അത് ശരീരഭാരം കൂടാൻ കാരണമായേക്കാം. കൂടാതെ, വിട്ടുമാറാത്ത വൃക്കരോഗമുള്ളവർ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. അതിനാൽ അങ്ങനെയുള്ളവർ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഒരു ഡോക്ടറുടെ നിർദ്ദേശം തേടുന്നത് നന്നായിരിക്കും. ലളിതമായി പറഞ്ഞാൽ, സാധാരണ ആരോഗ്യസ്ഥിതിയുള്ള ഒരാൾക്ക് ദിവസവും ഒരു വാഴപ്പഴം ശീലമാക്കുന്നത് ദഹനത്തിനും ഹൃദയാരോഗ്യത്തിനും ഊർജ്ജസ്വലതക്കും ഏറെ ഗുണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

