Begin typing your search above and press return to search.
proflie-avatar
Login

പനച്ചി

പനച്ചി
cancel

‘‘അന്ന് ചെണ്ടകൊട്ടാൻ വേണ്ടി പനച്ചിക്കായ പറിച്ചുകൊണ്ടുവരാൻ അച്ഛൻ പറയും. അച്ഛനെ തൃപ്തിപ്പെടുത്താനായി അ​െഞ്ചട്ടെണ്ണം എറിഞ്ഞിട്ട് വലിയ താളാഞ്ചപ്പിൽ ചുരുട്ടിയെടുത്ത് കൊണ്ടോയി. പനച്ചി മാംസത്തിൽനിന്ന് ഊരിയെടുത്ത് തോലുകൾ വലിച്ചുകെട്ടി സംഗീതം മുഴക്കാൻ ഒട്ടിക്കുന്ന പശയുണ്ട് പനച്ചിക്കായയിൽ.’’ പനച്ചി (ചെറുകഥ) –പ്രമോദ് കൂവേരി ഇന്തോ-മലേഷ്യൻ മേഖലകളിൽ വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് പനച്ചി. കേരളത്തിലെ നിത്യഹരിതവനങ്ങളിലും കാവുകളിലും കാണപ്പെടുന്നു. വീട്ടുപറമ്പുകളിൽ നട്ടുപിടിപ്പിക്കാറുമുണ്ട്. തൊലിക്ക് ഇരുണ്ടനിറമാണ്. 13-25 സെന്റിമീറ്റർ നീളവും 4-7 സെന്റിമീറ്റർ വീതിയുമുള്ള കട്ടിയുള്ള ഇലകൾ ഏകാന്തര...

Your Subscription Supports Independent Journalism

View Plans

‘‘അന്ന് ചെണ്ടകൊട്ടാൻ വേണ്ടി പനച്ചിക്കായ പറിച്ചുകൊണ്ടുവരാൻ അച്ഛൻ പറയും. അച്ഛനെ തൃപ്തിപ്പെടുത്താനായി അ​െഞ്ചട്ടെണ്ണം എറിഞ്ഞിട്ട് വലിയ താളാഞ്ചപ്പിൽ ചുരുട്ടിയെടുത്ത് കൊണ്ടോയി. പനച്ചി മാംസത്തിൽനിന്ന് ഊരിയെടുത്ത് തോലുകൾ വലിച്ചുകെട്ടി സംഗീതം മുഴക്കാൻ ഒട്ടിക്കുന്ന പശയുണ്ട് പനച്ചിക്കായയിൽ.’’

പനച്ചി (ചെറുകഥ) –പ്രമോദ് കൂവേരി

ഇന്തോ-മലേഷ്യൻ മേഖലകളിൽ വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് പനച്ചി. കേരളത്തിലെ നിത്യഹരിതവനങ്ങളിലും കാവുകളിലും കാണപ്പെടുന്നു. വീട്ടുപറമ്പുകളിൽ നട്ടുപിടിപ്പിക്കാറുമുണ്ട്.

തൊലിക്ക് ഇരുണ്ടനിറമാണ്. 13-25 സെന്റിമീറ്റർ നീളവും 4-7 സെന്റിമീറ്റർ വീതിയുമുള്ള കട്ടിയുള്ള ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കും. സമാന്തരമായ 6-8 ഞരമ്പുകൾ വ്യക്തമായി കാണാം. ഇലഞെട്ടിന് ഒരു സെന്റിമീറ്ററോളം നീളം കാണും. മാർച്ച്-മേയ് മാസങ്ങളിലാണ് പൂക്കുന്നത്. ശാഖകളിലെ പത്രകക്ഷങ്ങളിലാണ് പൂക്കൾ ഉണ്ടാകുന്നത്. പൂവിന് ഇളംമഞ്ഞ നിറമോ വെള്ള നിറമോ ആണ്‌.

ആൺ പൂക്കൾ കൂട്ടമായി കാണപ്പെടുന്നു. 40 കേസരങ്ങൾ ഉണ്ടാകും. പെൺ പൂക്കൾ വലുതാണ്. ഒറ്റയായോ മൂന്നോ നാലോ എണ്ണം ഒരു മിച്ചോ കാണപ്പെടുന്നു. കട്ടിയുള്ള ദളങ്ങളും വിദളങ്ങളും നാലുവീതം. 5-6 സെന്റിമീറ്റർ വ്യാസമുള്ള ഗോളാകൃതിയുള്ള കായ്കളുടെ ഉപരിതലം ആദ്യം പച്ചനിറത്തിലും പിന്നീട് ചുവപ്പുനിറത്തിലും ആയിത്തീരുന്നു. ഒരു കായയിൽ 4-8 പരന്ന, ചുവപ്പു കലർന്ന തവിട്ടുനിറത്തിലുള്ള വിത്തുകൾ കാണും. വിത്തുകൾ പശകൊണ്ട് പൊതിഞ്ഞിരിക്കും.

പ്രാദേശികമായി പനച്ചം എന്നും അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Diospyros malabarica എന്നാണ്. കരിമരവും ബീഡിയില മരവും ഉൾപ്പെടുന്ന Ebenaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. ദിവ്യമായ ഭക്ഷണം എന്നർഥം വരുന്ന ഗ്രീക് പദമാണ് ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്. മലബാറിൽനിന്നുള്ളത് എന്നാണ് സ്പീഷീസ് പേര് സൂചിപ്പിക്കുന്നത്. ഇംഗ്ലീഷിൽ Indian Persimmon, Malabar Ebony, Gaub Tree എന്നീ ഇംഗ്ലീഷ് പേരുകളുണ്ട്. തിന്ദുകഃ, തിന്ദുകീ, അതിമുക്തം, അതിമുക്തകം, കരമർദ (കം), കാളഃ, കുപിലു എന്നിവയാണ് സംസ്കൃതനാമങ്ങൾ.

ദ്രാവിഡ സംസ്കാരത്തിൽ പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രാദേശിക സങ്കൽപമാണ് പനച്ചി (പനച്ചിയമ്മൻ). പ്രകൃതിദത്തമായ കാവുകളിലും വൃക്ഷത്തണലുകളിലും ആരാധിച്ചുപോന്ന ഈ ഭഗവതിയെ പിന്നീട് ഹൈന്ദവ സങ്കേതങ്ങളിൽ സരസ്വതി, ദുർഗ തുടങ്ങിയ ദേവതകളുടെ ഭാവങ്ങളിലേക്ക് ലയിപ്പിക്കുകയായിരുന്നു. കാവുകളിലെ മരങ്ങളിൽ കുടികൊള്ളുന്ന ‘യക്ഷി’ അല്ലെങ്കിൽ ‘വനദുർഗ’ സങ്കൽപമാണ് പനച്ചിയുടേത്.

തമിഴ്നാട്ടിലും സമാനരീതിയിൽ ‘പനച്ചിയമ്മൻ’ എന്നപേരിൽ ദ്രാവിഡ ദൈവങ്ങളെ ആരാധിക്കുന്ന ക്ഷേത്രങ്ങളുണ്ട്.

പനച്ചിയുടെ കായിൽനിന്ന് ഒരുതരം പശ കിട്ടും. അത് പുസ്തകം ബൈൻഡ് ചെയ്യുന്നതിനും അമിട്ടുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. ചെ‍‌ണ്ടയുടെ തോല് ഒട്ടിക്കാനും വ്യാപകമായി ഉപയോഗിക്കുന്നു.

പരമ്പരാഗതമായി, മത്സ്യത്തൊഴിലാളികൾ അതിന്റെ ടാനിൻ സമ്പുഷ്ടമായ കായ് ഉപയോഗിച്ച് കഷായം തയാറാക്കി അവരുടെ മത്സ്യബന്ധന വലകൾ അതിൽ മുക്കിവെക്കുക പതിവുണ്ട്. ഈ രീതി വലകളെ ശക്തിപ്പെടുത്താനും അവയുടെ ഈട് മെച്ചപ്പെടുത്താനും കഠിനമായ കടൽ അവസ്ഥകളെ തരണംചെയ്യാനും സഹായിച്ചു. ആധുനിക സൗകര്യങ്ങൾ ലഭ്യമാകുന്നതിന് വളരെ മുമ്പുതന്നെ തലമുറകൾ പ്രാദേശിക സസ്യങ്ങളുടെ ഗുണങ്ങൾ എങ്ങനെ കണ്ടെത്തി ഉപയോഗിച്ചു എന്നത് കൗതുകകരമാണ്.

 

1682ൽ പ്രസിദ്ധീകൃതമായ ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിന്റെ മൂന്നാം വാല്യത്തിൽ ‘പനിച്ചിക്ക മരം’ എന്ന പേരിൽ ഈ വൃക്ഷത്തെക്കുറിച്ച് സചിത്ര വിവരണമുണ്ട്. ഇതിന്റെ ഉപയോഗത്തെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: ‘‘ഈ വൃക്ഷത്തിന്റെ തളിരിലകൾ വെള്ളത്തിൽ അരച്ചുചേർത്ത് കുടിക്കാം. ഇളംകായ്കളുടെ ചാറ് മരുന്നാണ്. മരത്തിന്റെ പുറംതോട് ചതച്ചുപൊടിച്ച് അരിയിൽ ചേർത്ത് തേങ്ങാപ്പാല് ചേർത്ത് ഉപയോഗിക്കുന്നത് പനിക്ക് ചികിത്സയാണ്. ഇളംകായിൽനിന്ന് ഊറിവരുന്ന ദ്രാവകം എന്തിനെയും ഒട്ടിക്കാൻ പോന്ന പശയാണ്. പുസ്തകം ബൈൻഡ് ചെയ്യാൻ ജൂതന്മാരും പറങ്കികളും ഈ പശയാണ് ഉപയോഗിക്കുക.’’

കനിരാജൻ (Redspot Duke) എന്ന ചിത്രശലഭത്തിന്റെ ലാർവാ ഭക്ഷണസസ്യംകൂടിയാണ് പനച്ചി. കോട്ടയം താലൂക്കിലെ പനച്ചിക്കാട്, ചങ്ങനാശ്ശേരിയിലെ പനച്ചിക്കാവ്, പൂഞ്ഞാറിനടുത്തുള്ള പനച്ചിപ്പാറ എന്നിവ ഈ വൃക്ഷവുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങളാണ്.

News Summary - Kerala’s Panachi Tree Binds Culture Together