Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightഏഴ് പാപങ്ങൾ, ഏഴ്...

ഏഴ് പാപങ്ങൾ, ഏഴ് കൊലപാതകങ്ങൾ; കൊലയാളി അലറിച്ചിരിക്കുകയല്ല, ശാന്തനായി സംസാരിക്കുകയാണ്...

text_fields
bookmark_border
ഏഴ് പാപങ്ങൾ, ഏഴ് കൊലപാതകങ്ങൾ; കൊലയാളി അലറിച്ചിരിക്കുകയല്ല, ശാന്തനായി സംസാരിക്കുകയാണ്...
cancel
camera_alt

സെവൻ

ബൈബിളിലെ 'ഏഴ് മാരക പാപങ്ങളെ' (Seven Deadly Sins) അടിസ്ഥാനമാക്കി കൊലപാതകങ്ങൾ നടത്തുന്ന ഒരു സീരിയൽ കില്ലറെ തേടി പോകുന്ന രണ്ട് ഡിറ്റക്ടീവുകൾ. പരിചയസമ്പന്നനായ വില്യം സോമർസെറ്റും (മോർഗൻ ഫ്രീമാൻ), ആവേശഭരിതനായ ഡിറ്റക്ടീവ് ഡേവിഡ് മിൽസും (ബ്രാഡ് പിറ്റ്) ചേർന്നാണ് ഈ നിഗൂഢമായ കേസ് അന്വേഷിക്കുന്നത്. വില്യം സൊമർസെറ്റ് ലോകത്തിലെ തിന്മകൾ കണ്ട് മടുത്ത, വിരമിക്കാൻ ഒരുങ്ങുന്ന ഒരു വൃദ്ധനാണ്. ഇതിന് വിപരീതമായി, ലോകത്തെ മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ആവേശഭരിതനായ യുവാവാണ് ഡേവിഡ് മിൽസ്.

ബൈബിളിലെ ഏഴ് ചാവു ദോഷങ്ങളായ ആഹ്ലാദം, അത്യാർത്തി, അലസത, ഉഗ്രകോപം, അഹങ്കാരം, ആസക്തി, അസൂയ എന്നിവയിലൂടെയാണ് കൊലയാളി കൊലപാതകം നടത്തുന്നത്. ജോൺ ഡോ എന്ന കൊലയാളിയുടെ മാസ്റ്റർ പ്ലാനിലാണ് സിനിമയുടെ ഗതി മുഴുവൻ നിയന്ത്രിക്കപ്പെടുന്നത്. സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച 'നിയോ-നോയിർ' സൈക്കോളജിക്കൽ ത്രില്ലറുകളിൽ ഒന്നായാണ് ഡേവിഡ് ഫിഞ്ചറിന്‍റെ 'സെവൻ' (1995) കണക്കാക്കപ്പെടുന്നത്.

ജോൺ ഡോ തന്‍റെ കൊലപാതകങ്ങൾ വിശദീകരിക്കുന്നത് തെല്ലും കുറ്റബോധമില്ലാതെ വളരെ ലാഘവത്തോടെയാണ്. കാരണം കൊല്ലപ്പെട്ടവരൊക്കെ മരിക്കേണ്ടവർ തന്നെയാണെന്ന് അയാൾ ഉറച്ചുവിശ്വസിക്കുന്നു. പൊലീസിനെ കുഴക്കിയ, സാധാരണ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഒരു സൈക്കോയാണ് ജോൺ ഡോ. വിരലടയാളം കിട്ടാതിരിക്കാൻ കൈയിലെ തൊലി പോലും അയാൾ നീക്കം ചെയ്തിട്ടുണ്ട്.

ഏഴ് പാപങ്ങൾ, ഏഴ് കൊലപാതകങ്ങൾ. ജോൺ ഡോയുടെ അസാമാന്യമായ ശാന്തതയാണ് അയാളെ ഏറ്റവും ഭയപ്പെടുത്തുന്ന വില്ലന്മാരിൽ ഒരാളാക്കുന്നത്. സാധാരണ കൊലയാളികളിൽ കാണുന്ന വെറിയോ, ദേഷ്യമോ, പരിഭ്രമമോ അയാളിലില്ല. ഒരു സന്യാസിയെപ്പോലെയാണ് അയാളുടെ ഭാവങ്ങൾ. ​അലറിവിളിക്കുന്ന വില്ലനേക്കാൾ പ്രേക്ഷകനെ പേടിപ്പിക്കുക പതുക്കെ സംസാരിക്കുന്ന, എപ്പോഴും ചിരിക്കുന്ന ഇത്തരത്തിലുള്ള വില്ലന്മാരായിരിക്കും.

ഇരുട്ടു നിറഞ്ഞ ദൃശ്യങ്ങളാണ് സിനിമയിലുടനീളം. ഡാരിയസ് ഖൊണ്ട്‌ജിയുടെ ഛായാഗ്രഹണം പ്രേക്ഷകനെ ആ നഗരത്തിലെ മഴയിലും ചളിയിലും ഇരുട്ടിലൂടെയും സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നു. ഒരു കൊലപാതകം പോലും നേരിട്ട് കാണിക്കാതെ, അവ നടന്നതിന് ശേഷമുള്ള ഭീകരമായ അവസ്ഥകൾ കാണിച്ചാണ് ഫിഞ്ചർ നമ്മെ ഭയപ്പെടുത്തുന്നത്. സിനിമയിലുടനീളം നിലനിൽക്കുന്ന ഇരുണ്ടതും മഴ പെയ്യുന്നതുമായ നഗര പശ്ചാത്തലം പ്രേക്ഷകരിൽ ഒരുതരം അസ്വസ്ഥതയും നിഗൂഢതയും നിറക്കുന്നുണ്ട്. തന്റെ ആദ്യ ചിത്രമായ ഏലിയൻ 3യുടെ പരാജയത്തിന് ശേഷം ഇനിയൊരു സിനിമ ചെയ്യുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ് എന്ന് പ്രഖ്യാപിച്ച ഡേവിഡ് ഫിഞ്ചറെ വീണ്ടും കാമറക്ക് പിന്നിലെത്തിച്ചത് ആൻഡ്രൂ കെവിൻ വാക്കറിന്റെ ഈ തിരക്കഥയായിരുന്നു.

​സിനിമയുടെ ഭൂരിഭാഗവും നടക്കുന്നത് ഇരുട്ടിലോ വെളിച്ചം കുറഞ്ഞ ഇടങ്ങളിലോ ആണ്. ​സിനിമയുടെ കളർ ടോൺ ഒരു പ്രത്യേക തരം 'ഡെഡ്' ലുക്ക് നൽകുന്നതാണ്. എപ്പോഴും പെയ്യുന്ന മഴ, ഇരുണ്ട ഇടനാഴികൾ, ശബ്ദ കോലാഹലങ്ങൾ, ജനത്തിരക്ക് എന്നിവയിലൂടെ നഗരം തന്നെ ഒരു വില്ലനായി മാറുന്നു. നഗരം അഴുകിക്കൊണ്ടിരിക്കുകയാണ് എന്ന തോന്നൽ ദൃശ്യങ്ങളിലൂടെ ഫിഞ്ചർ നൽകുന്നുണ്ട്. ഡേവിഡ് ഫിഞ്ചർ എന്ന സംവിധായകൻ സിനിമയുടെ ഓരോ ഫ്രെയിമും പ്രേക്ഷകനെ മാനസികമായി സ്വാധീനിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

സിനിമയുടെ ശബ്ദവിന്യാസം വളരെ സൂക്ഷ്മമാണ്. നഗരത്തിലെ തിരക്ക്, വാഹനങ്ങളുടെ ഹോൺ മുഴക്കം, നിർത്താതെ പെയ്യുന്ന മഴയുടെ ശബ്ദം എന്നിവ ചേർന്ന് ഒരുതരം 'ക്ലോസ്ട്രോഫോബിക്' അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. പുറംലോകത്ത് എപ്പോഴും വലിയ ബഹളം നടക്കുന്നുണ്ട്. സിനിമയുടെ തുടക്കത്തിലെ ടൈറ്റിൽ സീക്വൻസ് ഇന്നും ലോകപ്രശസ്തമാണ്. കയ് സ്റ്റാൻലി ഒരുക്കിയ ആ ആമുഖം, ജോൺ ഡോ തന്റെ ഡയറിക്കുറിപ്പുകൾ തുന്നിക്കെട്ടുന്നതും വിരലിലെ തൊലി ചെത്തിക്കളയുന്നതും അതിവേഗത്തിലുള്ള കട്ടുകളിലൂടെ കാണിക്കുന്നു. ഹൊറർ സിനിമയേക്കാൾ ഭീകരമായ ഒരു അനുഭവം സിനിമ തുടങ്ങുമ്പോഴേ നൽകാൻ ഇതിന് കഴിഞ്ഞിട്ടുണ്ട്.

കൊലയാളി ആരെന്നറിയാത്ത ആദ്യപകുതി. എന്നാൽ ഓരോ കൊലപാതകങ്ങലുട‍െയും കാരണം വ്യക്തം. അവസാന പകുതിയിൽ കൊലപാതകി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടും വരാൻ പോകുന്ന കൊലപാതകങ്ങളെ തടയാൻ പറ്റാത്ത അവസ്ഥ. ഏകദേശം രണ്ട് മൂന്ന് കൊലപാതകങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പൊലീസ് തന്നിലേക്കെത്തുമെന്ന് ജോണിന് അറിയാമായിരുന്നു. ഒരുവിധം എല്ലാ കൊലപാതകികളും ആ സത്യം മനസിലാക്കിയിട്ട് തന്നെയാണ് അവരുടെ കൊലപാതക പരമ്പര ആസൂത്രണം ചെയ്യുന്നത്. സോമർസെറ്റിന്‍റെ നിരാശയും മിൽസിന്റെ ആവേശവും ഭാര്യ ട്രേസിയുടെ ഭയവും വളരെ സ്വാഭാവികമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അവരിലൊരാളായി നമ്മൾ മാറുന്നത് കൊണ്ടാണ് ക്ലൈമാക്സിലെ ആ പെട്ടി കാണുമ്പോൾ മിൽസിനെപ്പോലെ തന്നെ പ്രേക്ഷകനും വിറച്ചുപോകുന്നത്.

ജോൺ ഡോ സ്വയം കീഴടങ്ങാൻ എത്തുന്ന രംഗം സിനിമയിലെ ഏറ്റവും നിർണ്ണായകമായ ഒരു വഴിത്തിരിവാണ്. താൻ വിചാരിക്കുമ്പോൾ മാത്രമേ പൊലീസിന് തന്നെ പിടികൂടാൻ കഴിയൂ എന്ന വില്ലന്‍റെ ആത്മവിശ്വാസം ഓരോ ഫ്രെയ്മിലും വ്യക്തമാണ്. പെട്ടെന്നൊരു നിമിഷം, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അയാൾ രക്തം പുരണ്ട വസ്ത്രങ്ങളുമായി സ്റ്റേഷനിലേക്ക് വരുന്നു. ജോണിന്‍റെ കൃത്യമായ പ്ലാനിങ് തന്നെയാണ് കഥയെ കൂടുതൽ സ്ട്രോങ്ങാക്കുന്നത്. ജോൺ ഡോയുടെ വീട്ടിൽ നിന്ന് ആയിരക്കണക്കിന് ഡയറിക്കുറിപ്പുകളാണ് പൊലീസ് കണ്ടെത്തുന്നത്. ജീവിതത്തെക്കുറിച്ചുള്ള അയാളുടെ നിരാശയും ദേഷ്യവും നിറഞ്ഞ കുറിപ്പുകളാണവ. ലോകം അഴുക്കുപുരണ്ടതാണെന്നും അത് വൃത്തിയാക്കാൻ താൻ നിയോഗിക്കപ്പെട്ടവനാണെന്നും അയാൾ വിശ്വസിക്കുന്നു. ഒരു സാധാരണ കുറ്റവാളിക്ക് ഇല്ലാത്ത തരം കൃത്യതയും ക്ഷമയും ഈ എഴുത്തുകളിൽ കാണാം.

സൊമർസെറ്റിന്റെ തളർച്ചയും മിൽസിന്റെ തകർച്ചയും ജോൺ ഡോയുടെ അമാനുഷികമെന്ന് തോന്നിപ്പിക്കുന്ന ശാന്തതയും ചേരുമ്പോൾ 'സെവൻ' ഒരു സിനിമ എന്നതിലുപരി മനുഷ്യ മനസ്സിന്റെ ഇരുണ്ട ഇടനാഴികളിലൂടെയുള്ള സഞ്ചാരമായി മാറുന്നു. നിഗൂഢതയുടെ ഈ ഇരുണ്ട ലോകം ഒരുപക്ഷേ നിങ്ങളുടെ ഉള്ളിലെ പ്രകാശം കെടുത്തിയേക്കാം. സിനിമ കണ്ടു കഴിഞ്ഞാലും ജോൺ ഡോ അത്രപെട്ടെന്ന് മനസിൽ നിന്ന് പോകില്ലെന്ന് ഉറപ്പാണ്. ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ കാണാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie reviewBrad PittMorgan FreemanEntertainment NewsSevenserial killing
News Summary - seven movie review
Next Story