കാറോട്ട മത്സരങ്ങളുടെ ത്രസിപ്പിക്കുന്ന കഥ; ബ്രാഡ് പിറ്റിന്റെ 'എഫ് 1 ദ മൂവി' ഒ.ടി.ടിയിലേക്ക്
text_fieldsബ്രാഡ് പിറ്റ് ഫോർമുല വൺ റേസിങ് ഡ്രൈവർ സോണി ഹെയ്‌സ് ആയി അഭിനയിച്ച 2025 ലെ അമേരിക്കൻ സ്‌പോർട്‌സ് ഡ്രാമ ചിത്രമാണ് ‘എഫ് 1 ദ മൂവി’. ബോക്സ് ഓഫിസ് സർക്യൂട്ടിൽ അതിവേഗമാണ് ഈ ചിത്രം മുന്നേറിയത്. ഫോർമുല വൺ കാറോട്ട മത്സരങ്ങളുടെ ത്രസിപ്പിക്കുന്ന കഥ പറഞ്ഞ ‘എഫ് 1: ദ് മൂവി’ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സ്പോർട്സ് സിനിമയെന്ന റെക്കോർഡും സ്വന്തമാക്കി. ജൂൺ 25ന് റിലീസ് ചെയ്ത ചിത്രം, ആഗോള ബോക്സ് ഓഫിസിൽ ഇതുവരെ 57 കോടി ഡോളർ (ഏകദേശം 4995 കോടി രൂപ) നേടി. ഡിസ്നി പുറത്തിറക്കിയ ‘കാർസ് 2’ ന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയാകുന്നത്. ഇപ്പോഴിതാ ബ്രാഡ് പിറ്റിന്റെ 'എഫ് 1' ഒ.ടി.ടിയിലേക്ക് എത്തുകയാണ്. ഡിസംബർ 12ന് ആപ്പിൾ ടിവിയിലും ആമസോൺ പ്രൈം വിഡിയോയിലും ചിത്രം സ്ര്ടീമിങ് ആരംഭിക്കും.
ജോസഫ് കൊസൻസ്കി സംവിധാനം ചെയ്ത സിനിമയുടെ സാങ്കേതിക മികവ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എഫ്1 കാറോട്ട മത്സരങ്ങൾ നടക്കുന്ന യഥാർഥ സർക്യൂട്ടുകളിലാണ് സിനിമയിലെ വാശിയേറിയ വേഗപ്പോരാട്ടങ്ങളും ചിത്രീകരിച്ചത്. 30 വർഷത്തെ ഇടവേളക്ക് ശേഷം തന്റെ മുൻ സഹതാരത്തിന്റെ റേസിങ്ങ് ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ വരുന്ന സോണി ഹെയ്‌സിന്റെ ജീവിതവും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഡാംസൺ ഇഡ്രിസ്, കെറി കോണ്ടൺ, ടോബിയാസ് മെൻസീസ്, ജാവിയർ ബാർഡെം തുടങ്ങീ മികച്ച താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 2023ലെ ഫോർമുല വൺ സീസണിനെ ആസ്പദമാക്കിയുള്ള ഈ ചിത്രം 2023, 2024 സീസണുകളിലായാണ് ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ ലൂയി ഹാമിൽട്ടൺ അടക്കമുള്ള യഥാർത്ഥ ഫോർമുല വൺ ഡ്രൈവേഴ്‌സും ടെക്‌നീഷ്യൻമാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
രാജ്യാന്തര ഓട്ടമൊബൈൽ ഫെഡറേഷൻ (എഫ്.ഐ.എ) നടത്തുന്ന കാറോട്ട മത്സരമാണ് എഫ് വൺ. എന്നാൽ, എഫ് വണ്ണിൽ എത്തും മുമ്പ് ഏതാനും കടമ്പകളുണ്ട്. കൊച്ചു കാറുകളുടെ കാർട്ടിങ് മുതൽ ജൂനിയർ റേസിങ് സീരീസ് വരെ അതിൽ ഉൾപ്പെടുന്നു. ഫോർമുല വണ്ണിലെ ഓരോ മത്സരവും ഗ്രാൻപ്രി എന്നാണ് അറിയപ്പെടുന്നത്. ഇത്തരം ഇരുപതോളം മത്സരങ്ങൾ ഓരോ സീസണിലും നടക്കും. വ്യത്യസ്ത രാജ്യങ്ങളിലും വ്യത്യസ്ത സർക്യൂട്ടുകളിലും. റേസിനായി പ്രത്യേകം തയാറാക്കുന്ന ട്രാക്കുകളിലാണു മത്സരം നടക്കുക. സർക്യൂട്ട് എന്നാണ് ഇവ അറിയപ്പെടുക. 300 കിലോമീറ്ററിനടുത്താണു മത്സരദൂരം. 3.5 മുതൽ 7 വരെ കിലോമീറ്ററാണ് ഓരോ സർക്യൂട്ടും. സർക്യൂട്ടിന്റെ ദൈർഘ്യമനുസരിച്ചു 50 മുതൽ 80 ലാപ്പുകളാണ് മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

