അന്ത്യകർമങ്ങൾ അതീവ സ്വകാര്യതയിൽ; അസ്രാണിയുടെ ആഗ്രഹത്തിന് പിന്നിലെന്തായിരുന്നു?
text_fieldsഒക്ടോബർ 20നാണ് മുതിർന്ന നടനും ഹാസ്യതാരവുമായ ഗോവർദ്ധൻ അസ്രാണി ലോകത്തോട് വിട പറഞ്ഞത്. മരണാനന്തര ചടങ്ങുകളൊക്കെ കഴിഞ്ഞാണ് നടന്‍റെ മരണ വിവരം പുറത്തുവിടുന്നത്. തങ്ങളുടെ പ്രിയ താരത്തെ അവസാനമായി ഒരുനോക്ക് കാണാൻ ആരാധകർക്കായില്ല. എന്താണ് മരണ വിവരം പുറത്തറിയിക്കാൻ വൈകിയതെന്ന് പലരും ചോദിച്ചിരുന്നു. സമൂഹമാധ്യമത്തിലും ഇത് ചർച്ചയായി. എന്നാൽ, അസ്രാണിയുടെ കുടുംബത്തോട് അടുപ്പമുള്ള ചിലർ അതിന്‍റെ കാരണം വെളിപ്പെടുത്തിയിരുന്നു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മുംബൈയിലെ ജുഹുവിലുള്ള ആരോഗ്യ നിധി ആശുപത്രിയിൽ വെച്ചാണ് അസ്രാണി അന്തരിച്ചത്. സാന്താക്രൂസ് ശ്മശാനത്തിൽ നടന്ന മരണാനന്തര ചടങ്ങിൽ കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഒരു സാധാരണ മനുഷ്യനായി ഓർമിക്കപ്പെടാനാണ് അസ്രാണി ആഗ്രഹിച്ചത്. ശാന്തവും മാന്യവുമായ അവസാന യാത്ര അസ്രാണി ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ബഹളവും മാധ്യമശ്രദ്ധയും ഒഴിവാക്കാനുള്ള അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം ഭാര്യ മഞ്ജു നിറവേറ്റുകയായിരുന്നു എന്ന് വൃത്തങ്ങൾ അറിയിച്ചു. നടന്റെ അഭ്യർഥന മാനിച്ചാണ് അന്ത്യകർമങ്ങൾ അതീവ സ്വകാര്യതയോടെ നടന്നത്.
1967ല്‍ പുറത്തിറങ്ങിയ 'ഹരേ കാഞ്ച് കി ചൂടിയാം' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 1970 കളുടെ തുടക്കത്തിൽ 'മേരെ അപ്‌നേ' എന്ന ചിത്രത്തിലെ വേഷം അസ്രാണിയുടെ ജീവിതത്തിലെ വഴിത്തിരിവായി. തുടർന്ന് 'ഷോലെ', 'ചുപ്‌കെ ചുപ്‌കെ', 'ബാലിക ബദു' തുടങ്ങിയ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങി. 'ഷോലെ'യിലെ വേഷം ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും മികച്ച ഹാസ്യ പ്രകടനങ്ങളിലൊന്നായി തുടരുന്നു. ഹൃഷികേശ് മുഖർജി, ഗുൽസാർ, രാജ് കപൂർ തുടങ്ങിയവരുമായുള്ള സഹകരണം അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ ചില പ്രകടനങ്ങൾക്ക് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

