ഇന്ത്യൻ സിനിമയിലെ ജനപ്രിയ ഹാസ്യതാരം; അഞ്ചു പതിറ്റാണ്ട് നീണ്ട കരിയർ, 350ലധികം സിനിമകൾ, ഒടുവിൽ നിശബ്ദമായി മടക്കം
text_fieldsകഴിഞ്ഞ ദിവസമാണ് പ്രശസ്ത നടനും ഹാസ്യതാരവുമായ ഗോവർധൻ അസ്രാണി അന്തരിച്ചത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഹാസ്യനടന്മാരിൽ ഒരാളായിരുന്നു അസ്രാണി. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 350ലധികം സിനിമകളിൽ അദ്ദേഹം വേഷമിട്ടു. ഇന്‍സ്റ്റാഗ്രാമില്‍ ദീപാവലി ആശംസ നേര്‍ന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ എല്ലാ തലമുറകളിലെയും അഭിനേതാക്കളെയും ഹാസ്യനടന്മാരെയും പ്രചോദിപ്പിക്കുന്നതാണ്.
1941 ജനുവരി ഒന്നിന് രാജസ്ഥാനിലെ ജയ്പൂരിൽ ജനിച്ച അസ്രാണിയുടെ സിനിമ യാത്ര തുടങ്ങുന്നത് 1960കളുടെ അവസാനത്തിലാണ്. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും, അഭിനയത്തോടുള്ള അഭിനിവേശം പിന്തുടർന്ന അദ്ദേഹം ജയ്പൂരിലെ ഓൾ ഇന്ത്യ റേഡിയോയിൽ വോയ്‌സ് ആർട്ടിസ്റ്റായി ജോലി ചെയ്തു. കഴിവും കഠിനാധ്വാനവും ഒടുവിൽ പുണെയിലെ പ്രശസ്തമായ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ)യിലേക്ക് അദ്ദേഹത്തെ എത്തിച്ചു. അവിടെവെച്ചാണ് അസ്രാണി തന്റെ അഭിനയ ജീവിതത്തിന്‍റെ ആദ്യപാഠങ്ങൾ നെയ്തെടുത്തത്.
1967ല്‍ പുറത്തിറങ്ങിയ 'ഹരേ കാഞ്ച് കി ചൂടിയാം' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 1970 കളുടെ തുടക്കത്തിൽ 'മേരെ അപ്‌നേ' എന്ന ചിത്രത്തിലെ വേഷം അസ്രാണിയുടെ ജീവിതത്തിലെ വഴിത്തിരിവായി. തുടർന്ന് 'ഷോലെ', 'ചുപ്‌കെ ചുപ്‌കെ', 'ബാലിക ബദു' തുടങ്ങിയ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങി. 'ഷോലെ'യിലെ വേഷം ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും മികച്ച ഹാസ്യ പ്രകടനങ്ങളിലൊന്നായി തുടരുന്നു. ഹൃഷികേശ് മുഖർജി, ഗുൽസാർ, രാജ് കപൂർ തുടങ്ങിയവരുമായുള്ള സഹകരണം അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ ചില പ്രകടനങ്ങൾക്ക് കാരണമായി.
മികച്ച ഹാസ്യനടനുള്ള രണ്ട് ഫിലിംഫെയർ അവാർഡുകൾ അദ്ദേഹം നേടി. അസ്രാണിയുടെ അതുല്യമായ ശൈലി അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ ജനപ്രിയ ഹാസ്യതാരമാക്കി മാറ്റി. അഭിനയത്തിൽ മാത്രമല്ല സംവിധാനം, എഴുത്ത്, നിർമാണം എന്നിവയിലേക്കും അദ്ദേഹം കടന്നു. ഇന്ത്യൻ സിനിമയിൽ കഥപറച്ചിലിന്റെ കലയെ സംരക്ഷിക്കുന്നതിലും പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലുമുള്ള അദ്ദേഹത്തിന്റെ സമർപ്പണം എണ്ണമറ്റ അഭിനേതാക്കളെയും ചലച്ചിത്ര പ്രവർത്തകരെയും പ്രചോദിപ്പിച്ചു.
വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു. തന്റെ കരിയറിൽ നിരവധി ഹാസ്യ വേഷങ്ങൾ അവതരിപ്പിച്ച, എണ്ണമറ്റ മുഖങ്ങളിൽ പുഞ്ചിരി വിടർത്തിയ നടൻ നിശബ്ദമായാണ് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ വിയോഗത്തിനും സംസ്കാരത്തിനും ശേഷമാണ് കുടുംബം മരണവിവരം അറിയിച്ചുകൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയത്. അസ്രാണിയുടെ ആഗ്രഹ പ്രകാരമാണ് മരണവിവരം സ്വകാര്യമായി സൂക്ഷിച്ചതെന്ന് മാനേജർ ബാബുഭായ് തിബ അറിയിച്ചു. അദ്ദേഹത്തിന്റെ അവസാന ആഗ്രഹത്തെ മാനിച്ചുകൊണ്ട് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു മരണാനന്തര ചടങ്ങിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

