ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ വിശാൽ ജെത്വക്ക് മികച്ച നടനുള്ള പുരസ്കാരം; ‘ഇത് സ്വപ്ന നിമിഷം’
text_fieldsവിശാൽ ജെത്വക്ക് ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള സ്നോ ലെപ്പേർഡ് അവാർഡ്. നീരജ് ഘയ്‌വാൻ സംവിധാനം ചെയ്ത 'ഹോംബൗണ്ട്' എന്ന സിനിമയിലെ പ്രകടനത്തിനാണ് വിശാലിന് ഈ അംഗീകാരം ലഭിച്ചത്. ഇഷാൻ ഖട്ടർ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങളിൽ പ്രശംസ നേടുന്നതിനിടയിൽ വിശാലിന്റെ വൈകാരികമായ പ്രകടനത്തിനും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
‘നമ്മൾ ഉപേക്ഷിക്കാൻ തയാറാകാതിരുന്നാൽ സ്വപ്നങ്ങൾ സഫലമാകും. സ്നോ ലെപ്പേർഡ് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ഒരു സ്വപ്നം പോലെ തോന്നുന്ന നിമിഷമാണ്. അഭിനേതാക്കളായ ഞങ്ങൾ മുഖങ്ങൾ മാത്രമാണ്. എന്നാൽ 'ഹോംബൗണ്ട്' എന്ന സിനിമയുടെ മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും ഈ ബഹുമതിക്ക് അർഹരാണ്. ഇത് എന്റെ ആദ്യത്തെ മികച്ച നടനുള്ള പുരസ്കാരവും ആദ്യത്തെ അന്താരാഷ്ട്ര അവാർഡുമാണ്. ഇത് ശരിക്കും സവിശേഷമാണ്. ഒരുപാട് നന്ദി. ജയ് ഹിന്ദ്’ ഹോംബൗണ്ട് എനിക്ക് വ്യക്തിപരവും അതേസമയം സാർവത്രികവുമായ ഒരു കഥ പറയാനുള്ള ഒരു ആഗോള വേദി നൽകി. ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ ഇത്രയും ശ്രദ്ധേയരായ അന്താരാഷ്ട്ര പ്രതിഭകൾക്കിടയിൽ അംഗീകരിക്കപ്പെടുക എന്നത് അവിശ്വസനീയമായ കാര്യമാണ്. സത്യസന്ധമായ കഥപറച്ചിൽ എപ്പോഴും ആളുകളുടെ ഹൃദയത്തിലേക്ക് വഴി കണ്ടെത്തുമെന്നതിന്റെ ഓർമപ്പെടുത്തലാണ് ഈ വിജയം’ -വിശാൽ ജെത്വ പറഞ്ഞു.
ഈ വർഷം നടന്ന കാൻ ചലച്ചിത്രോത്സവത്തിലെ 'അൺ സെർട്ടൈൻ റിഗാർഡ്' വിഭാഗത്തിലാണ് ഹോംബൗണ്ട് ലോക പ്രീമിയനെത്തിയത്. 98-ാമത് ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ് ‘ഹോംബൗണ്ട്’. ധർമ പ്രൊഡക്ഷൻ നിർമിച്ച ചിത്രം കാൻസ് ചലച്ചിത്രമേളയിൽ ആദ്യം പ്രദർശിപ്പിച്ചിരുന്നു. പിന്നാലെ ടൊറന്‍റോ ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ടു. സെപ്റ്റംബർ 26നാണ് ഹോംബൗണ്ട് തിയറ്ററുകളിൽ എത്തിയത്. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ കാണാവുന്നതാണ്.
കരൺ ജോഹർ നിർമിച്ച ഈ ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാളായി മാർട്ടിൻ സ്കോർസെസെയും പ്രവർത്തിച്ചിട്ടുണ്ട്. പത്രപ്രവർത്തകനായ ബഷാറത്ത് പീറിന്റെ 'ടേക്കിങ് അമൃത് ഹോം' എന്ന ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹോംബൗണ്ട് നിർമിച്ചിരിക്കുന്നത്. ഉത്തരേന്ത്യൻ ഗ്രാമത്തിൽ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് ഹോംബൗണ്ട് പറയുന്നത്. പൊലീസ് ഓഫിസർമാരാകുക എന്നതാണ് അവരുടെ സ്വപ്നം. ദി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച 'ടേക്കിങ് അമൃത് ഹോം' എന്ന ലേഖനമാണ് സിനിമക്ക് പ്രചോദനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

