ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി; ‘ഹോംബൗണ്ട്’ ഒ.ടി.ടിയിലേക്ക്
text_fieldsഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ നീരജ് ഗായ്‌വാൻ സംവിധാനം ചെയ്ത ‘ഹോംബൗണ്ട്’ 98-ാമത് ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ്. ധർമ പ്രൊഡക്ഷൻ നിർമിച്ച ചിത്രം കാൻസ് ചലച്ചിത്രമേളയിൽ ആദ്യം പ്രദർശിപ്പിച്ചിരുന്നു. പിന്നാലെ ടൊറന്‍റോ ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ടു. സെപ്റ്റംബർ 26നാണ് ഹോംബൗണ്ട് തിയറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ‘ഹോംബൗണ്ട്’ ഒ.ടി.ടിയിലേക്കും എത്തുകയാണ്. നവംബർ 21 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീം ചെയ്യും.
സൗഹൃദം, കടമ, ലക്ഷ്യങ്ങൾ, ഇന്ത്യയിലെ യുവജനങ്ങളെ രൂപപ്പെടുത്തുന്ന സാമൂഹിക സമ്മർദ്ദങ്ങൾ തുടങ്ങിയ പ്രമേയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. കരൺ ജോഹർ നിർമിച്ച ഈ ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാളായി മാർട്ടിൻ സ്കോർസെസെയും പ്രവർത്തിച്ചിട്ടുണ്ട്. പത്രപ്രവർത്തകനായ ബഷാറത്ത് പീറിന്റെ 'ടേക്കിങ് അമൃത് ഹോം' എന്ന ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹോംബൗണ്ട് നിർമിച്ചിരിക്കുന്നത്.
ഉത്തരേന്ത്യൻ ഗ്രാമത്തിൽ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് ഹോംബൗണ്ട് പറയുന്നത്. പൊലീസ് ഓഫിസർമാരാകുക എന്നതാണ് അവരുടെ സ്വപ്നം. ദി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച 'ടേക്കിങ് അമൃത് ഹോം' എന്ന ലേഖനമാണ് സിനിമക്ക് പ്രചോദനമായത്. ചിത്രത്തിലെ ചന്ദൻ കുമാർ, മുഹമ്മദ് ഷുഹൈബ് അലി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഇഷാൻ ഖട്ടറും വിശാൽ ജേത്വയുമാണ്. ജാതി-മത വിവേചനങ്ങൾ നേരിടുന്ന ഇന്ത്യൻ യുവാക്കളുടെയും കഥയാണ് ‘ഹോംബൗണ്ട്’.
പത്തുവർഷങ്ങൾക്കുശേഷം നീരജ് ഗായ്‌വാൻ സംവിധാന രംഗത്തേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണിത്. 2015ൽ പ്രേക്ഷകരുടെയും നിരൂപകരുടെയും ഹൃദയം കീഴടക്കിയ 'മസാൻ' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ഷോർട്ട്‌ലിസ്റ്റ് ചെയ്ത 23 സിനിമകളിൽ നിന്നാണ് 'ഹോംബൗണ്ട്' ഓസ്കറിലേക്ക് തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

