ഐ.എം.ഡി.ബിയുടെ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമത് ‘ടോക്സിക്’
text_fieldsമൂത്തോൻ, ലയേഴ്സ് ഡൈസ് എന്നീ ചിത്രങ്ങളിലൂടെ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ ചിത്രങ്ങൾക്ക് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. ഇന്ത്യൻ സിനിമ ഒരു പുതിയ വഴിത്തിരിവിലേക്ക് കടക്കുമ്പോൾ, ആ മാറ്റത്തിന്റെ മുൻനിരയിൽ നിൽക്കുകയാണ് ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’. ഗീതു മോഹൻദാസും യാഷും ഒന്നിക്കുന്ന ഈ ചിത്രം, 28 ശതമാനം ജനപ്രീതിയോടെ IMDbയുടെ "Most Anticipated Indian Movies" പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ചിത്രം അനൗൺസ് ചെയ്തപ്പോൾ തന്നെ ആവേശത്തിലായിരുന്നു പ്രേക്ഷകർ. അടുത്തിടെ യാഷിൻ്റെ, ജന്മദിനത്തോടനുബന്ധിച്ച് പുറത്ത് വിട്ട ടീസർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
മാസ്സും ആറ്റിട്യൂഡും നിറഞ്ഞ ‘രായ’ എന്ന കഥാപാത്രമായി യാഷ് എത്തുമ്പോൾ, ചിത്രം പതിവ് മാസ് ഫോർമുലകളിൽ നിന്ന് വ്യത്യസ്തമായ ഒന്നാണെന്ന് വ്യക്തമാണ്. ചിത്രത്തിൻ്റെ പേരിന് പുറമേ, ഗൗരവമുള്ളതും ആധുനികവുമായ ഒരു സിനിമാറ്റിക് അനുഭവവുമാണ് ‘ടോക്സിക്’ വാഗ്ദാനം ചെയ്യുന്നത് എന്ന് ഉറപ്പിക്കാം.
മലയാളി പ്രേക്ഷകരെ സംബന്ധിച്ചെടുത്തോളം, ഒട്ടേറെ പ്രത്യേകത ഉള്ള ചിത്രമാണ് ടോക്സിക്. വമ്പൻ കാൻവാസിനൊപ്പം തന്നെ വൈകാരികമായ ആഴവും സങ്കീർണ്ണമായ കഥാപാത്രങ്ങളും മുൻനിരയിൽ എത്തിക്കുന്ന ചിത്രമായിരിക്കും എന്ന് പ്രതീക്ഷിക്കാം. കേരളത്തിലെ പ്രേക്ഷകർക്കിടയിൽ ടോക്സിക്കിനുള്ള സ്വീകാര്യത വളരെ വലുതാണ്. യാഷിന് കേരളത്തിലുള്ള ജനപ്രീതിയും ടോക്സിക്കിന് കേരളത്തിലെ പ്രേക്ഷകർക്കിടയിലുള്ള സ്വീകാര്യതക്ക് മറ്റൊരു കാരണമാണ്. യാഷിൻ്റെ മുൻ ചിത്രങ്ങളായ കെ.ജി.എഫ് ചാപ്റ്റർ 1, 2 എന്നിവ കേരളാ ബോക്സ് ഓഫീസിൽ ചരിത്രപരമായ മുന്നേറ്റമാണ് നടത്തിയത്. യാഷിന്റെ മാസ്സ് അപ്പീലും ഗീതു മോഹൻദാസിന്റെ ക്രാഫ്റ്റും ഒന്നിക്കുമ്പോൾ 'ടോക്സിക്' ഈ വർഷത്തെ ഏറ്റവും വലിയ റിലീസായി തന്നെ മാറും.
യാഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ രാജീവ് രവി ഈ ചിത്രത്തിലൂടെ വീണ്ടും ഗീതു മോഹൻദാസിനൊപ്പം ചേരുന്നു. അന്നയും റസൂലും, കമ്മട്ടിപ്പാടം, മൂത്തോൻ തുടങ്ങിയ ചിത്രങ്ങളിലെ രാജീവ് രവിയുടെ റിയലിസ്റ്റിക് ശൈലി ടോക്സിക്കിലും കാണും എന്നുറപ്പിക്കാൻ ടീസറിലെ ഹോളിവുഡ് ലെവൽ വിഷ്വൽ സ്റ്റൈൽ തന്നെ ധാരാളം. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച സിനിമ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും.
കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതരിയ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രവി ബസ്രൂർ സംഗീതവും ഉജ്വൽ കുൽക്കർണി എഡിറ്റിംഗും ടി.പി അബിദ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.
വലിയ ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിനായി അണിയറയിൽ ഒരുങ്ങുന്നത്. 'ജോൺ വിക്ക്' സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി, ദേശീയ അവാർഡ് ജേതാക്കളായ ആക്ഷൻ ഡയറക്ടർമാർ അൻബരിവ്, കെച്ച കംഫക്ഡി എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ ആക്ഷൻ കൊറിയോഗ്രാഫി.ഇന്ത്യൻ ആക്ഷൻ ശൈലിയെയും അന്താരാഷ്ട്ര നിലവാരത്തെയും കൂട്ടിയിണക്കുന്ന മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ടോക്സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ അപ്സ്.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്ന് നിർമിക്കുന്ന 'ടോക്സിക്', 2026 മാർച്ച് 19ന് ഈദ്, ഉഗാദി, ഗുഡി പദ്‌വ പ്രമാണിച്ച് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

