വിവാദമായ 'ടോക്സിക്' ടീസറിലെ നടി ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തെന്ന് റിപ്പോർട്ട്
text_fieldsകന്നട നടൻ യാഷ് നായകനായ ടോക്സിക് സിനിമയുടെ ടീസർ ഉണ്ടാക്കിയ പുകിലുകൾ ചില്ലറയൊന്നുമല്ല. ടീസറിലെ ദൃശ്യങ്ങൾ അശ്ലീലമാണെന്ന് ആരോപിച്ച് സംവിധായികക്കെതിരെയും സിനിമക്കെതിരെയും വ്യാപക പ്രതിഷേധങ്ങളാണ് ജനുവരി 8ന് ടീസർ പുറത്ത് വന്നതിനാലെ തലപൊക്കിയത്.
ടീസറിലെ യാഷിനൊപ്പമുള്ള നടിയുടെ ചുംബന ദൃശ്യങ്ങൾ അശ്ലീലമാണെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു വിവാദം ചൂടുപിടിച്ചത്. ഒടുവിൽ ആ ദൃശ്യങ്ങളിലുള്ള നടി ബിയാട്രിസ് ടൗഫൻബാച്ച് ആണെന്ന് ഗീതുമോഹൻദാസ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ ബിയാട്രിസ് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്ന വാർത്തകൾ പുറത്തുവരികയാണ്. 2014ൽ മോഡലിങ്ങിലൂടെ സിനിമാ രംഗത്തേക്ക് വന്ന ബ്രസീലിയൻ മോഡലാണ് ഇവർ.
സിനിമയുടെ ടീസറിനെതിരെ ആം ആദ്മി പാർട്ടിയുടെ വനിതാ ഘടകം കർണാടക സർക്കാറിന് പരാതി സമർപ്പിച്ചിരുന്നു. സിനിമയിലെ ദൃശ്യങ്ങൾ കർണാടകയുടെ സംസ്കാരത്തിന് വെല്ലു വിളിക്കുന്നതാണെന്നാണ് പരാതിയിലുള്ളത്. പരാതിയെതുടർന്ന് കമീഷൻ സെൻസർ ബോർഡിനോട് വേണ്ട നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
യൂട്യൂബിൽ മാത്രം റിലീസ് ചെയ്ത ടീസറിന് സർട്ടിഫിക്കേഷൻ ആവശ്യമില്ലെന്നും തിയറ്റർ പ്രദർശനത്തിന് മാത്രമേ ആവശ്യമുള്ളൂവെന്നുമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ വ്യക്തമാക്കിയത്. സ്ത്രീകളുടെ കൺസെന്‍റിനെയും സന്തോഷത്തെയും താൽപ്പര്യത്തെയും കുറിച്ച് നാട്ടുകാരൊക്കെ തല പുകഞ്ഞ് ആലോചിക്കട്ടെ എന്നാണ് സംവിധായക ഗീതു മോഹൻദാസ് വിമർശനങ്ങളോട് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

