സ്വന്തമായി ജീപ്പ് വാങ്ങി സിനിമയിൽ അഭിനയിച്ചു; ഉറച്ച കാൽവെപ്പുകളുമായി ചോലനായ്ക്കർ
text_fields'തന്തപ്പേര്' സിനിമയിൽ അഭിനയിച്ച ബിജേഷ്, വെള്ളകരിയൻ, അയ്യപ്പൻ, വിനയൻ എന്നിവർ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവളയ്ക്കൊപ്പം (മധ്യത്തിൽ)
"നാട്ടിൽ വന്നു ജീവിക്കുന്നതിൽ ഗുണങ്ങളൊക്കെയുണ്ട്. പക്ഷെ, കാടാണ് സമാധാനം. അവിടെ ആരുടേയും കീഴിലല്ല. ജീവിക്കാനുള്ളതെല്ലാം കാട്ടിലുണ്ട്," തിരുവനന്തപുരം മ്യൂസിയത്തിൽ ഇരുന്ന് ഇത് പറയുമ്പോൾ കേരളത്തിലെ ഏറ്റവും പ്രാക്തന ഗോത്രവർഗ്ഗമായ ചോലനായ്ക്കരിലെ അംഗമായ വെള്ളകരിയന്റെ കണ്ണുകൾ തിളങ്ങി. നിലമ്പൂർ കരുളായി വനപ്രദേശത്ത് താമസിക്കുന്ന 34കാരനായ വെള്ളകരിയന് മനീഷ് എന്ന മറ്റൊരു പേരുണ്ട്. ഈ രണ്ട് പേരുകൾക്കിടയിൽ ഈ ചോലനായ്ക്ക യുവാവിന്റെ സ്വത്വമൂറുന്നു.
'തന്തപ്പേര്' എന്ന ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത, ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച സിനിമയിലെ നായകനാണ് വെള്ളകരിയൻ. ഒപ്പം മറ്റ് മൂന്ന് ചോലനായ്ക്ക യുവാക്കളും നടന്മാരായി -അയ്യപ്പൻ, ബിജേഷ്, വിനയൻ. ആദ്യമായി മലപ്പുറത്തിന് പുറത്തു വന്നു, തിരുവനന്തപുരം നഗരിയിലൂടെ നടക്കുന്നതിന്റെ ഒരു അമ്പരപ്പും നാല് പേർക്കുമില്ല. കാരണം, ചെയ്യാൻ കഴിയില്ലെന്ന് പൊതുസമൂഹം കരുതിയിരുന്ന പലതും ചെയ്തു കാണിച്ച ഗോത്ര ജനതയാണവർ.
കാട്ടിലെ കുടിലിൽ നിന്നും 28 കിലോമീറ്റർ ദൂരമുണ്ട് അടുത്തുള്ള കരുളായിയിലെ സർക്കാർ ആരോഗ്യകേന്ദ്രത്തിലേക്ക്. ജീപ്പ് മാത്രം പോകുന്ന ഈ ദൂരം താണ്ടാൻ ജീപ്പ് ഡ്രൈവർമാർക്ക് വൻ തുക നൽകേണ്ടി വരുന്നതും അവശ്യ സമയങ്ങളിൽ വാഹനം കിട്ടാത്തതും ചോലനായ്ക്കരെ വിഷമിപ്പിച്ചു. ഇതിന് പുറമെ പുറത്തുനിന്നുള്ളവരുടെ ചൂഷണങ്ങളും. പക്ഷെ, ഗോത്രവീര്യം തോൽക്കാൻ കൂട്ടാക്കിയില്ല. ഒന്നിച്ചു നിന്നവർ പണം സ്വരൂപിച്ചു. തേൻ വിറ്റും കാട്ടുമരുന്നും മറ്റ് വനവിഭവങ്ങൾ വിറ്റും ലഭിച്ച പണം കൊണ്ട് രണ്ട് വർഷം മുൻപ് സ്വന്തമായി ജീപ്പ് വാങ്ങി 'പൊതുസമൂഹത്തെ' ഞെട്ടിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ ഡ്രൈവിംഗ് ലൈസൻസും നേടി.
പുറത്തുനിന്നുള്ള ഡ്രൈവർമാർ രണ്ട് മണിക്കൂർ കൊണ്ട് ഓടിയ ദൂരം ഇപ്പോൾ ചോലനായ്ക്കർ ഒന്നര മണിക്കൂറിൽ സ്വന്തം ജീപ്പിൽ കുതിച്ചെത്തും. "മൂന്ന് ജീപ്പുകൾ വരെ ഞങ്ങൾ വാങ്ങി. ഇപ്പോൾ രണ്ടെണ്ണമാണുള്ളത്. ചാത്തൻ, നന്ദു, രവീന്ദ്രൻ, ബാലൻ എന്നീ നാല് ചോലനായ്ക്കർക്ക് ഡ്രൈവിംഗ് ലൈസൻസുമുണ്ട്," 'തന്തപ്പേരി'ൽ പൂമാല എന്ന വില്ലനെ അവതരിപ്പിച്ച അയ്യപ്പൻ പറഞ്ഞു.
ഇന്നിപ്പോൾ, നായകനും വില്ലനുമായി തന്നെ ചോലനായ്ക്കർ വെള്ളിത്തിരയിലും തകർത്തഭിനയിച്ചിരിക്കുന്നു. "സിനിമ ആദ്യം പ്രയാസമായിരുന്നു. ഒരു വർഷം കഴിഞ്ഞശേഷമാണ് അഭിനയം ഒന്ന് ശരിയായത്," 17-കാരനായ ബിജേഷ് പുഞ്ചിരിയോടെ പറഞ്ഞു. തങ്ങളുടെ ഗോത്രത്തിന്റെ കഥ പറയുന്ന തന്തപ്പേര് സിനിമയ്ക്ക് ഐഎഫ്എഫ്കെയിൽ ലഭിച്ച മികച്ച പ്രതികരണത്തിന്റെ ആഹ്ലാദത്തിലാണ് നാല് പേരും.
"പുറംലോകത്തിന് ഞങ്ങളുടെ ജീവിതം അടുത്തറിയാൻ സിനിമ കാരണമാകും. പുറത്തു നിന്നുള്ളവർക്ക് വേണ്ടതല്ല ഞങ്ങൾക്ക് വേണ്ടത് എന്ന യാഥാർഥ്യത്തിലേക്ക് സിനിമ ആളുകളെ കൊണ്ടുവരും," നഗരത്തിന്റെ പകിട്ടിനെയും പളപളപ്പിനെയും നിസ്സംഗതയോടെ നോക്കി മണ്ണിൽ ചവിട്ടി നിന്നുകൊണ്ട് വെള്ളകരിയൻ പറഞ്ഞു.തന്തപ്പേര് ഡിസംബർ 16, 17 തീയതികളിലും മേളയിൽ പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

