അടിയന്തരാവസ്ഥയുടെ അരനൂറ്റാണ്ടളന്ന് 'തന്തപ്പേര്'
text_fieldsമുപ്പതാമത് ഐ.എഫ്.എഫ്.കെയുടെ അന്തർദേശീയ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഉണ്ണികൃഷ്ണൻ ആവളയുടെ 'തന്തപ്പേര്'. ഉടലാഴമെന്ന ആദ്യ സിനിമയിലൂടെ തന്നെ അന്തർദേശീയ ശ്രദ്ധ നേടിയ ഉണ്ണികൃഷ്ണൻ ആവളയുടെ രണ്ടാമത്തെ സിനിമയാണ് തന്തപ്പേര്. സിനിമയുടെ ടൈറ്റിൽ ലോഞ്ചിൽ സംവിധായകരായ കമൽ, സിബി മലയിൽ, ശ്യാമപ്രസാദ്, ദിലീഷ് പോത്തൻ, ശിവരഞ്ജനി, ജിയോ ബേബി എന്നിവർ പങ്കെടുത്തു.
ഏഷ്യയിലെ ഏക ഗുഹാവാസികളായ ചോനായ്ക്ക വിഭാഗത്തിൽ നിന്ന് ഒരാൾ ഇന്ത്യൻ സിനിമയുടെ നായകനാകുകയാണ് തന്തപ്പേരിലൂടെ. തുളു, തെലുങ്ക്, കന്നട, തമിഴ് തുടങ്ങിയ ഭാഷകളുടെ സങ്കര രൂപമായ ചോലനായ്ക്ക ഭാഷയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകൻ ജിയോബേബിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ആറു വർഷത്തെ കഠിന ശ്രമത്തിലൂടെയാണ് സിനിമ പൂർത്തിയാക്കിയത്.
20ലധികം ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ട അഭിനേതാക്കൾക്ക് ദീർഘകാലത്തെ അഭിനയ പരിശീലനം നൽകിയാണ് സിനിമ ചിത്രീകരണം തുടങ്ങിയത്. നാട്ടതിർത്തിയിൽ നിന്ന് 30ൽ അധികം കിലോമീറ്റർ ഉള്ളിലുള്ള കരിമ്പുഴ വന്യജീവി സങ്കേതത്തിലും നിലമ്പൂർ ടി.കെ. കോളനി, കോഴിക്കോട് ബീച്ച് മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലുമാണ് ചിത്രീകരണം നടന്നത്.
മുഴുവനായും സിങ്ക് സൗണ്ടിൽ ചിത്രീകരിച്ച സിനിമയുടെ ചിത്രീകരണ സമയത്ത് നിരവധി പ്രതിസന്ധികൾ ടീമിന് നേരിടേണ്ടിവന്നു. സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്ന പൂച്ചപ്പാറ മണി ചിത്രീകരണത് കാലത്തിനിടയിൽ ആന ആക്രമണത്തിൽ മരണപ്പെട്ടു. ഇന്ത്യൻ അടിയന്തിരാവസ്ഥക്ക് അര നൂറ്റാണ്ട് തികയുന്ന വർഷത്തിൽ, അതിനിരയായവർക്കിടയിലെ ഇണവേട്ടയാണ് സിനിമയുടെ പ്രമേയം.
ഉണ്ണികൃഷ്ണൻ ആവള
ഔദ്യോഗിക കണക്കനുസരിച്ച് 200ൽ താഴെ മാത്രം ജനസംഖ്യയുള്ള ഗോത്ര വിഭാഗമാണ് ചോലനായ്ക്കർ. ഇവരുടെ ജീവിതരീതി ചലച്ചിത്രത്തിന് വേണ്ടി പകർത്തുക വെല്ലുവിളിയായിരുന്നു എന്ന് സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള പറഞ്ഞു. ആറു വർഷത്തെ കഠിനാധ്വാനത്തിലൂടെ പൂർത്തിയാക്കിയ സിനിമ ഐ.എഫ്.എഫ്.കെയിൽ അന്തർദേശീയ മത്സര വിഭാഗത്തിലാണ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. ലോകത്തെ മറ്റ് അനേകം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെടാനൊരുങ്ങുകയാണ് തന്തപേര്.
മുഹമ്മദ് എ യാണ് ക്യാമറ. ഇന്തോആസ്ട്രേലിയൻ യുവ സംഗീതജ്ഞയായ ജാനകി ഈശ്വർ ഋതു വൈശാഖിനൊപ്പം പശ്ചാത്തല സംഗീതം നിർവഹിക്കുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ജിനു ശോഭ എഡിറ്റിങ് നിർവഹിച്ച തന്തപ്പേര് നിർമിച്ചിരിക്കുന്നത് ബ്ലഷ് പ്രൊഡക്ഷൻ ബാനറിൽ ബാനു ബ്ലഷാണ്. ഗാനങ്ങൾ ബിജിബാൽ. ശബ്ദ രൂപകൽപ്പന അരുൺ വർമ. അമ്പിളിമൈഥിലി പ്രൊഡക്ഷ ഡിസൈനിങ്ങ് നിർവഹിച്ചു. ലിജു പ്രഭാകറാണ് കളറിസ്റ്റ്. പ്രജക്ട് കോ- ഓർഡിനേറ്റർ ഹിഷാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

