ഡോൺ പാലത്തറയും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്തും
text_fieldsഡോൺ പാലത്തറ, പാർവതി തിരുവോത്ത്, ദിലീഷ് പോത്തൻ
ചെറിയ ബജറ്റുകളിൽ സിനമകൾ ചെയ്ത് അന്താരാഷ്ട്ര തലത്തിൽ പ്രശംസ നേടിയ ചലച്ചിത്രകാരനാണ് ഡോൺ പാലത്തറ. അദ്ദേഹത്തിന്റെ സിനിമകൾ പ്രാദേശിക കേരള സംസ്കാരത്തേയും മനുഷ്യ സ്വഭാവങ്ങളുടെ വേറിട്ട തലങ്ങളേയും പ്രതിഫലിപ്പിക്കുന്നതാണ്. മലയാള സിനിമയിൽ വേറിട്ടു നിൽക്കുന്ന ഒരു പിടി നല്ല സിനിമകൾ പാലത്തറയുടേതായിട്ടുണ്ട്. വിനയ് ഫോർട്ട് നായകനായെത്തിയ ഫാമിലിയാണ് ഡോൺ പാലത്തറയുടേതായി പുറത്തിറങ്ങിയ അവസാന സിനിമ. ചിത്രം വലിയ രീതിയിൽ നിരൂപക പ്രശംസ നേടിയിരുന്നു.
ഇപ്പോഴിതാ, അണിയറയിൽ പുതു ചിത്രം ഒരുങ്ങാൻ പോകുന്നതിന്‍റെ വിവരങ്ങളാണ് പുറത്തു വരുന്നത്. നടനും സംവിധായകനും നിർമാതാവുമായ ദിലീഷ് പോത്തനുമായി ഒന്നിച്ചൊരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് പാർവതി തിരുവോത്താണ്. ഇവർ മൂന്നുപേരുമൊന്നിക്കുന്ന ആദ്യ സിനിമകൂടിയാകും ഇത്.
സിനിമയുടേതായ മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. പാർവതി തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രത്തിന്‍റെ അടിക്കുറിപ്പിലൂടെയാണ് അണിയറയിൽ ചിത്രമൊരുങ്ങുന്നെന്ന വിവരം ആരാധകരിലേക്ക് എത്തുന്നത്. സ്ക്രിപ്റ്റിന്‍റെ ചട്ടയിൽ ബൈ ഡോൺ പാലത്തറ എന്ന പേരുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് 'എന്‍റെ ഏറ്റവും പ്രിയപ്പെട്ട ദിലീഷ് പോത്തനോടൊപ്പം ഡോൺ പാലത്തറ സൃഷ്ടിച്ച ലോകത്തിലേക്ക് കാലെടുത്തു വെക്കുന്നു' -എന്ന അടിക്കുറിപ്പോടെയാണ് പാർവതി ചിത്രം പങ്കുവെച്ചത്. മൂന്നുപേരുമൊന്നിച്ചെത്തുന്ന സിനിമകാണാൻ കാത്തിരിക്കുന്നു, ഇത് ഗംഭീരമായിരിക്കും എന്നൊക്കെയാണ് ആരാധകരുടെ പ്രതികരണം.
'ഡോൺ പാലത്തറയുടെ സിനിമകൾ ജീവിതവും ബന്ധങ്ങളും സർഗാത്മക രീതിയിൽ ആവിഷ്കരിക്കുന്നവയാണ്. അത്തരം സിനമകളിൽ അഭിനയിക്കുന്നത് പഠിച്ചു വെച്ച പലതിനേയും മറന്ന് നിങ്ങളായിരിക്കാൻ പ്രേരിപ്പിക്കുന്നു. അദ്ദേഹത്തിന്‍റെ കൂടെ പ്രവർത്തിക്കുക എന്നത് എന്‍റെ ഏറെ നാളത്തെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. ദിലീഷ് പോത്തനോടൊപ്പം ഒരേ സ്ക്രീൻ പങ്കിടുക എന്നതും ഏറെ ആവേശം നിറക്കുന്നതാണ്. ഈ അവസരം ഒരു അഭിനേത്രി എന്ന നിലയിൽ കൂടുതൽ പഠിക്കാനും ഇനിയും വളരാനുമുള്ള അവസരമായിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു' -എന്നാണ് പാർവതി പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

