ഹാൽ സിനിമ വിവാദം; സിനിമയുടെ ഏത് ഭാഗമാണ് അന്തസ്സിനെ മുറിവേൽപ്പിക്കുന്നതെന്ന് ഹൈകോടതി
text_fieldsഹാൽ സിനിമക്കെതിരായ അപ്പീലിൽ കത്തോലിക്ക കോൺഗ്രസിനോട് ചോദ്യങ്ങളുമായി ഹൈകോടതി. സിനിമ എങ്ങനെയാണ് സംഘടനയെ ബാധിക്കുന്നതെന്നും, സിനിമയുടെ ഏത് ഭാഗമാണ് അന്തസ്സിനെ മുറിവേൽപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. സിനിമയിലെ രംഗങ്ങൾ നീക്കം ചെയ്യാനോ കൂട്ടിച്ചേർക്കാനോ കോടതിക്ക് നിർദേശിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അപ്പീൽ ഹരജി ഡിവിഷൻ ബെഞ്ച് ഉത്തരവിനായി മാറ്റി. സിനിമ കാണാതെ അഭിപ്രായം പറയാനാവില്ലന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സിഗ്ള്‍ ബെഞ്ച് ഉത്തരവ് നിങ്ങള്‍ക്ക് എതിരല്ലല്ലോയെന്നുമായിരുന്നു ഹൈകോടതിയുടെ ചോദ്യം.
നേരത്തെ തന്നെ ഹാൽ സിനിമയുമായി ബന്ധപ്പെട്ട് പ്രദർശനാനുമതി വിഷയത്തിൽ കത്തോലിക്ക കോൺഗ്രസ് കക്ഷി ചേർന്നിരുന്നു. ഈ സിനിമക്ക് പ്രദർശനാനുമതി നൽകരുതെന്നായിരുന്നു കത്തോലിക്ക കോൺഗ്രസിന്‍റെ വാദം. ഈ വാദങ്ങൾ തള്ളികൊണ്ടുള്ള ഉത്തരവായിരുന്നു സിഗ്ള്‍ ബെഞ്ചിൽ നിന്ന് ഉണ്ടായത്. അതിനെതിരെയാണ് കത്തോലിക്ക കോൺഗ്രസ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. മിശ്രവിവാഹം സിനിമയിലല്ലേയെന്നും ഹൈകോടതി ചോദിച്ചു.
നേരത്തെ ചില ഭാഗങ്ങൾ നീക്കം ചെയ്താൽ മാത്രമേ ‘ഹാൽ’ സിനിമക്ക് സർട്ടിഫിക്കറ്റ് നൽകാനാവൂവെന്നും നൽകുന്നത് ‘എ’ സർട്ടിഫിക്കറ്റായിരിക്കുമെന്നുമുള്ള സെൻസർ ബോർഡ് തീരുമാനം ഹൈകോടതി റദ്ദാക്കിയിരുന്നു. സെൻസർ ബോർഡ് നിർദേശിച്ചവയിൽ ചിലത് മാത്രം ഒഴിവാക്കി വീണ്ടും സമർപ്പിക്കാനും പരിശോധിച്ച് രണ്ടാഴ്ചക്കകം സർട്ടിഫിക്കറ്റ് നൽകാനും സെൻസർ ബോർഡിന് കോടതി നിർദേശം നൽകിയിരുന്നു. സിനിമയുടെ പ്രമേയവുമായി യോജിക്കാത്ത കോടതി നടപടികളുമായി ബന്ധപ്പെട്ട രംഗങ്ങൾ, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജപ്രണാമം, ഗണപതിവട്ടം, സംഘം കാവലുണ്ട് എന്നീ സംഭാഷണ ഭാഗങ്ങൾ എന്നിവ ഒഴിവാക്കാനാണ് കോടതി നിർദേശം. ഇവ നീക്കണമെന്ന ബോർഡ് നിർദേശത്തെ എതിർക്കുന്നില്ലെന്ന് ഹരജിക്കാർ അറിയിച്ചതുകൂടി കണക്കിലെടുത്താണ് കോടതി നടപടി.
നവാഗതനായ വീര സംവിധാനം ചെയ്യുന്ന സിനിമയാണ് ഹാൽ. ഷെയിൻ നിഗത്തിനെ നായക കഥാപാത്രമാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. ജോണി ആൻറണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബക്കർ, റിയാസ് നർമകല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

