സംഘം കാവലുണ്ട്, ധ്വജപ്രണാമം, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം... എന്നിവ ‘ഹാൽ’ സിനിമയിൽനിന്ന് ഒഴിവാക്കാൻ നിർദേശം
text_fieldsകൊച്ചി: ചില ഭാഗങ്ങൾ നീക്കംചെയ്താൽ മാത്രമേ ‘ഹാൽ’ സിനിമക്ക് സർട്ടിഫിക്കറ്റ് നൽകാനാവൂവെന്നും നൽകുന്നത് ‘എ’ സർട്ടിഫിക്കറ്റായിരിക്കുമെന്നുമുള്ള സെൻസർ ബോർഡ് തീരുമാനം ഹൈകോടതി റദ്ദാക്കി. സെൻസർ ബോർഡ് നിർദേശിച്ചവയിൽ ചിലത് മാത്രം ഒഴിവാക്കി വീണ്ടും സമർപ്പിക്കാനും പരിശോധിച്ച് രണ്ടാഴ്ചക്കകം സർട്ടിഫിക്കറ്റ് നൽകാനും സെൻസർ ബോർഡിന് ജസ്റ്റിസ് വി.ജി. അരുൺ നിർദേശം നൽകി.
സിനിമയുടെ പ്രമേയവുമായി യോജിക്കാത്ത കോടതി നടപടികളുമായി ബന്ധപ്പെട്ട രംഗങ്ങൾ, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജപ്രണാമം, ഗണപതിവട്ടം, സംഘം കാവലുണ്ട് എന്നീ സംഭാഷണ ഭാഗങ്ങൾ എന്നിവ ഒഴിവാക്കാനാണ് കോടതി നിർദേശം. ഇവ നീക്കണമെന്ന ബോർഡ് നിർദേശത്തെ എതിർക്കുന്നില്ലെന്ന് ഹരജിക്കാർ അറിയിച്ചതുകൂടി കണക്കിലെടുത്താണ് കോടതി നടപടി. സെൻസർ ബോർഡ് നടപടി ചോദ്യംചെയ്ത് സിനിമയുടെ നിർമാതാവ് ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീഖ് (വീര) എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഷെയ്ൻ നിഗം നായകനായ സിനിമക്ക് സർട്ടിഫിക്കറ്റ് നൽകാൻ ഇരുപതോളം മാറ്റങ്ങളാണ് സെൻസർ ബോർഡ് നിർദേശിച്ചത്. മുസ്‌ലിം ആൺകുട്ടിയും ക്രിസ്ത്യൻ പെൺകുട്ടിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. മതനിരപേക്ഷതയുടെ സന്ദേശമാണ് സിനിമ നൽകുന്നതെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഹരജിയുമായി ബന്ധപ്പെട്ട് കോടതി സിനിമ കണ്ടിരുന്നു. വിവിധ മതസ്ഥർ തമ്മിലുള്ള ബന്ധത്തെ തെറ്റായി അവതരിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രമേയമെന്ന് എങ്ങനെ പറയാനാവുമെന്ന് കോടതി ഉത്തരവിൽ ആരായുന്നു. സാധാരണ മനുഷ്യന്റെ കാഴ്ചപ്പാടിലാണ് സിനിമ കാണേണ്ടത്. ‘ഹാൽ’ സിനിമയുടെ കാര്യത്തിൽ സെൻസർ ബോർഡിന്റെ സമീപനം അതായിരുന്നില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ മതേതരത്വം, സാഹോദര്യം എന്നിവ മറികടക്കുന്ന സമീപനം സ്വീകരിക്കാനാകില്ല. വിവേകമുള്ള സാധാരണക്കാരന്റെ കണ്ണിലൂടെ നോക്കുമ്പോൾ സിനിമയുടെ പ്രമേയം ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളുമായി ചേർന്നുനിൽക്കുന്നത് തന്നെയാണ്.
സിനിമയുടെ ഇതിവൃത്തം എങ്ങനെയാണ് വ്യത്യസ്ത മതങ്ങളിൽപെട്ടവർ തമ്മിലുള്ള ബന്ധത്തെ മോശമായി ചിത്രീകരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ക്രിസ്ത്യൻ സ്ത്രീ മുസ്‌ലിം വേഷം ധരിക്കുന്നതിലൊന്നും അധാർമികതയില്ല. കഥാപാത്രമായി ബിഷപ്പിനെ അവതരിപ്പിക്കുന്നതും ആ കഥാപാത്രത്തിന്റെ സംഭാഷണവും മറ്റും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽതന്നെ വരുന്നതാണെന്നും കോടതി വ്യക്തമാക്കി. ‘ഹാല്‍’ സിനിമ ആശങ്കപ്പെടുത്തുന്നതെങ്ങനെയെന്ന് ഹരജി പരിഗണിക്കുമ്പോൾതന്നെ കോടതി വാക്കാൽ ചോദിച്ചിരുന്നു. സിനിമ ലക്ഷ്മണരേഖ ലംഘിച്ചെന്നും പൊതുക്രമത്തിന് വിരുദ്ധമാണെന്നുമായിരുന്നു ബോർഡിന്‍റെ വാദം. സിനിമ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റും അണിയറ പ്രവർത്തകരുടെ ഹരജിയെ എതിർത്ത് ആർ.എസ്.എസ് ചേരാനല്ലൂർ ശാഖ മുഖ്യശിക്ഷകും കക്ഷി ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

