എഫ്.വൺ താരം നരേൻ കാർത്തികേയന്റെ റേസിങ് ജീവിതം സിനിമയാവുന്നു; മഹേഷ് നാരായണൻ സംവിധായകൻ
text_fieldsനരേൻ കാർത്തികേയൻ
ചെന്നൈ: മൈക്കൽ ഷുമാക്കറും ലൂയി ഹാമിൽട്ടനും മിന്നൽപിണർ പോലെ കുതിച്ച ഫോർമുല വൺ ട്രാക്കിൽ ത്രിവർണമേന്തി ചരിത്രമെഴുതിയ നരേൻ കാർത്തികേയന്റെ റേസിങ് ജീവിതം സിനിമയാവുന്നു. ഇന്ത്യയുടെ ആദ്യ ഫോർമുല വൺ ഡ്രൈവർ എന്ന നിലയിൽ ചരിത്രത്തിൽ ഇടം പിടിച്ച സൂപ്പർ താരത്തിന്റെ ത്രസിപ്പിക്കുന്ന ജീവിതമാണ് പ്രമുഖ മലയാളി ചലച്ചിത്രകാരനിലൂടെ ബിഗ് സ്ക്രീനിലെത്തുന്നത്. ടേക്ക് ഓഫ്, മാലിക്, അറിയിപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മഹേഷ് നാരായണനാണ് സംവിധാനം നിർവഹിക്കുന്നത്. ഏറെ അംഗീകാരങ്ങൾ നേടിയ തമിഴ് ചിത്രം ‘സുരറൈ പോട്രു’ തിരക്കഥാ കൃത്ത് ശാലിനി ഉഷ ദേവി നരൈൻ കാർത്തികേയന്റെ ചിത്രത്തിന്റെയും തിരക്കഥ രചിക്കും. ബ്ലൂ മാർബിൽ ഫിലിംസിനു കീഴിൽ ഫറാസ് അഹ്സാൻ, വിവേക് രംഗാചാരി, പ്രഥിക് മൈത്ര എന്നിവരാണ് നിർമാണം നിർവഹിക്കുന്നത്.
കോയമ്പത്തൂരിൽ ജനിച്ച്, മുൻ മാതൃകകൾ ഒന്നുമില്ലാതെ ലോകത്തെ ഏറ്റവും വലിയ കാർറേസിങ് ചാമ്പ്യൻഷിപ്പായ ഫോർമുല വൺ ട്രാക്കിൽ വളയംപിടിക്കുന്നത് വരെ എത്തിയ നരേൻ കാർത്തികേയന്റെ റേസിങും യാത്രയും ജീവിതവുമാണ് സിനിമയുടെ പ്രമേയമാവുന്നത്. 2005ൽ എഫ്. വൺ ട്രാക്കിൽ അരങ്ങേറ്റം കുറിച്ച കാർത്തികേയൻ, 2011,12 സീസണുകളിലും ലോകതാരങ്ങൾക്കൊപ്പം റേസിങ് ട്രാക്കിൽ മിന്നൽ വേഗതയിൽ കുതിച്ചു. ജോർഡൻ എഫ്.വൺ ടീമിന്റെ ഭാഗമായാണ് താരം ചരിത്രം കുറിച്ച അരങ്ങേറ്റം നടത്തിയത്. അതേവർഷം തന്നെ, യു.എസ് ഗ്രാൻഡ്പ്രീയിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തുകൊണ്ട് എഫ്.വണ്ണിൽ പോയന്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനുമെന്ന റെക്കോഡും കുറിച്ചു. 2011ൽ ഇന്ത്യവേദിയൊരുക്കിയ ഏക ഗ്രാൻഡ്പ്രീയിലും കാർത്തികേയൻ മത്സരിച്ചിരുന്നു.
കോയമ്പത്തൂരിലെ തെരുവിൽ നിന്നും ലോകത്തെ ഏറ്റവും പ്രശസ്തമായ റേസിങ് ട്രാക്കിലേക്ക് ഓടിച്ചുകയറിയ അതിശയകരമായ കരിയറിനൊപ്പം, താരത്തിന്റെ ജീവിതവും വരച്ചിരുന്നതാവും ‘എൻ.കെ 370’ എന്ന് പേരിട്ട സിനിമ. റേസിങ് ഉൾപ്പെടെ രംഗങ്ങളിൽ നരൈൻ കാർത്തികേയൻ തന്നെ ഡ്രൈവിങ് സീറ്റിലെത്തുമെന്ന പ്രത്യേകതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

