ഒരുകാലത്ത് ബോളിവുഡിലെ മിന്നുംതാരം, ബലാത്സംഗക്കേസിൽ ഏഴുവർഷം തടവ്, ഇപ്പോൾ ഫിലിപ്പീൻസിൽ വസ്ത്ര വ്യാപാരി...
text_fieldsഷൈനി അജൂഹ
ഇന്തോ-കനേഡിയൻ നടനും പ്രശസ്ത സംവിധായകൻ നരേന്ദ്ര ബേദിയുടെ മകനുമായ രജത് ബേദി ഒരു കാലത്ത് ഹിന്ദി സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു. പൊടുന്നനെയാണ് ഇദ്ദേഹം സിനിമ ലോകത്തുനിന്നും അപ്രത്യക്ഷമായത്. എന്നാലിപ്പോൾ ആര്യൻ ഖാന്‍റെ ‘ബാഡ്സ് ഓഫ് ബോളിവുഡി’ലൂടെ തിരിച്ചു വന്നിരിക്കുകയാണ് താരം. ഹിന്ദി സിനിമയിൽ അവസരങ്ങൾ കുറഞ്ഞ കാരണത്താലാണ് താൻ സിനിമ വിട്ടതും വിദേശത്തുപോയി റിയൽ എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ചത് എന്നുമാണ് രജത് പറയുന്നത്.
അദ്ദേഹം മാത്രമല്ല, ഒരു കാലത്ത് സിനിമയിൽ വിജയമാഘോഷിച്ച പലർക്കും പിന്നീട് ജോലി ഇല്ലാതായിട്ടുണ്ട്. അത് അവസരം നഷ്ടപ്പെട്ടതുകൊണ്ടുമാത്രമല്ല, ചിലർ പല വിവാദങ്ങളിലും പെട്ട് കരിയർ നഷ്ടപ്പെട്ടവരാണ്. അത്തരമൊരാളാണ് ഷൈനി അജൂഹ. ജോൺ എബ്രഹാം, കെ.കെ. മേനോൻ, കങ്കണ റണാവത്ത് എന്നിവരോടൊപ്പം അഭിനയിച്ച് ബോളിവുഡിലെ കരിയറിന് തിളക്കമാർന്ന തുടക്കമിട്ട ശേഷമാണ് ഒരു കേസിൽപെട്ട് ജയിലിൽ കഴിയേണ്ടിവന്നതോടെ ഷൈനി അജൂഹ തിരശ്ശീലക്ക് പുറത്തായത്.
ഇന്ത്യൻ ആർമിയിൽ കേണലായിരുന്നു ഷൈനി അഹൂജയുടെ പിതാവ്. ജനിച്ചതും വളർന്നതും ഡൽഹിയിൽ. ബംഗളൂരുവിൽ എൻജിനിയറിങ്ങിന് പഠിച്ചുകൊണ്ടിരുന്ന അദ്ദേഹം നാടക സംവിധായകൻ ബാരി ജോണിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നാടക രംഗത്തേക്ക് കടക്കാൻ തീരുമാനിച്ചു. പിന്നീട് ചെറിയ പരസ്യങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. താമസിയാതെ പരസ്യ ലോകത്ത് അറിയപ്പെടുന്ന മുഖമായി ഷൈനി അജൂഹ മാറി. കാഡ്ബറി, സിറ്റിബാങ്ക് തുടങ്ങിയ നിരവധി മുൻനിര ബ്രാൻഡുകളുടെ പരസ്യത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. കോള കമ്പനിയുടെ പരസ്യത്തലൈ അഭിനയത്തിലൂടെയാണ് ഷൈനിചലച്ചിത്ര നിർമാതാവ് സുധീർ മിശ്രയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. അതായിരുന്നു അജൂഹയുടെ ബോളിവുഡ് യാത്രക്ക് തുടക്കമിട്ടതും.
സുധീർ സംവിധാനം ചെയ്ത ‘ഹസാരോം ഖാഇഷേൻ ഐസീ’ എന്ന ചിത്രത്തിലെ നായകനായി അജൂഹ അരങ്ങേറ്റം കുറിച്ചു. പുതുമുഖങ്ങൾക്ക് സ്വപ്നതുല്യമായ അരങ്ങേറ്റമായിരുന്നു അത്. കെ.കെ. മേനോൻ, ചിത്രാംഗദ സിങ്, സൗരഭ് ശുക്ല എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹം കേന്ദ്ര കഥാപാത്രമായി വേഷമിട്ടത്. സിനിമയിലേക്ക് കടന്നുവന്ന വർഷം തന്നെ ഷൈനി ഒന്നല്ല, നാല് ചിത്രങ്ങളിൽ അഭിനയിച്ചു. മറ്റാരും കൈവരിക്കാത്ത സുവർണ നേട്ടം.
അനുരാഗ് ബസുവിന്റെ ഗ്യാങ്‌സ്റ്ററിൽ അഭിനയിച്ചതിന് ശേഷം ശ്രദ്ധേയ താരമായി ഷൈനി മാറി. കങ്കണ റണാവത്ത് സിനിമാ മേഖലയിൽ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അത്. ചിത്രം വലിയ രീതിയിൽ നിരൂപക പ്രശംസയും ബോക്‌സ് ഓഫീസ് വിജയവും നേടി. അവിടെ നിന്ന് ഷൈനിയുടെ ഗ്രാഫ് മുകളിലേക്ക് ഉയരുകയായിരുന്നു. വോ ലംഹേ, ലൈഫ് ഇൻ എ മെട്രോ, ഭൂൽ ഭുലയ്യ തുടങ്ങിയ ഹിറ്റുകളിൽ അദ്ദേഹം അഭിനയിച്ചു. ആ കാലഘട്ടത്തിലെ പ്രമുഖ നടന്മാരുടെ പട്ടികയിൽ ഒരാളായി ഷൈനി ഇടംപിടിച്ചു.
2009ൽ 19 വയസ്സുള്ള തന്‍റെ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തകയും തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന കേസിൽ ഷൈനി അറസ്റ്റിലായി. ഇതോടെ അദ്ദേഹത്തിന്‍റെ സിനിമ ജീവിതത്തിനു തന്നെ വിരാമമാവുകയായിരുന്നു. മാസങ്ങൾക്ക് ശേഷം ഡൽഹി വിട്ടുപോകരുതെന്ന ഉപാധിയോടെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. പരാതിക്കാരി പിന്നീട് തന്റെ മൊഴി പിൻവലിച്ചെങ്കിലും 2011ൽ മുംബൈയിലെ ഫാസ്റ്റ് ട്രാക്ക് കോടതി അഹൂജയെ ബലാത്സംഗക്കുറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി ഏഴ് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. മെഡിക്കൽ റിപ്പോർട്ട്, ഡി.എൻ.എ തെളിവുകൾ, ഇരയുടെ ആദ്യമൊഴി എന്നിവയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ഷൈനി ബോംബെ ഹൈകോടതിയിൽ ഉത്തരവിനെതിരെ അപ്പീൽ നൽകി. അപ്പീൽ സ്വീകരിക്കുകയും അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു.
അനീസ് ബസ്മിയുടെ ചിത്രമായ വെൽക്കം ബാക്കിൽ അഭിനയിച്ചുകൊണ്ട് ബോളിവുഡ് കരിയർ പുനരാരംഭിക്കാൻ ഷൈനി ശ്രമിച്ചിരുന്നു. തിയറ്ററിൽ ഹിറ്റായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കരിയറിൽ കാര്യമായ മാറ്റം കൊണ്ടുവരാൻ ചിത്രത്തിന് സാധിച്ചില്ല. ഹിന്ദി സിനിമാ മേഖലയിലെ ഷൈനി അജൂഹയുടെ അവസാനത്തെ വേഷമായിരുന്നു അത്. റിച്ച ഛദ്ദയും അക്ഷയ് ഖന്നയും അഭിനയിച്ച സെക്ഷൻ 375 എന്ന സിനിമയുടെ രചനക്ക് ഷൈനിയുടെ കേസ് പ്രചോദനമായിരുന്നു.
2023ൽ ബോംബെ ഹൈകോടതി ഷൈനി അഹൂജക്ക് പത്ത് വർഷത്തേക്ക് പാസ്‌പോർട്ട് പുതുക്കാൻ അനുമതി നൽകി. ഇപ്പോൾ അഹൂജ യു.എസിൽ സ്ഥിരതാമസമാക്കിയെന്നും അവിടെ ഒരു വസ്ത്ര ബിസിനസ്സ് നടത്തുന്നുണ്ടെന്നും സൂചന നൽകിയ എക്‌സിൽ വന്നൊരു പോസ്റ്റ് വൈറലായിരുന്നു. ഈ വർഷം 50 വയസ്സ് തികഞ്ഞ അദ്ദേഹം ഫിലിപ്പീൻസിൽ താമസിക്കുന്നതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

