‘ഉറക്കമില്ലാതെ പരിശീലനം വേണ്ടിവന്നു, ആ രംഗത്തിനായി അദ്ദേഹം ഉപവാസം എടുപ്പിച്ചു; ഹീരമാണ്ഡി ചിത്രീകരണത്തെ കുറിച്ച് അദിതി റാവു ഹൈദരി
text_fieldsഅദിതി റാവു ഹൈദരി
സഞ്ജയ് ലീല ബൻസാലിയുടെ സിനിമകളിലെ താരങ്ങളുടെ കഠിനാധ്വാനവും സംവിധായകന്റെ പ്രത്യേക രീതികളും ഒരുപാട് ചർച്ചകൾക്ക് വഴി വെക്കാറുണ്ട്. സഞ്ജയ് ലീല ബൻസാലിയുടെ ബ്രഹ്മാണ്ഡ വെബ് സീരീസായ 'ഹീരമാണ്ഡി: ദി ഡയമണ്ട് ബസാർ' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബിബോജാൻനെ അവതരിപ്പിച്ച നടി അദിതി റാവു ഹൈദരിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബിബോജാൻ എന്ന കഥാപാത്രത്തെ, ബ്രിട്ടീഷ് രാജിനെതിരായ സ്വാതന്ത്ര്യ സമരത്തിൽ രഹസ്യമായി ഏർപ്പെടുന്ന ഒരു നർത്തകിയായും ഗായികയായുമാണ് അദിതി ഹീരമാണ്ഡിയിൽ അവതരിപ്പിച്ചത്. ഈ പ്രകടനത്തിന് വലിയ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. ഇപ്പോഴിതാ ആ ഐതിഹാസിക കഥാപാത്രമായി മാറാൻ വേണ്ടിയുള്ള ട്രാൻസ്ഫോർമേഷനെ കുറിച്ച് സംസാരിക്കുകയാണ് നടി അദിതി റാവു ഹൈദരി.
‘ബിബോജാൻ സ്വാതന്ത്ര്യസമര പോരാളികൾക്ക് വേണ്ടി തീവ്രമായ പ്രസംഗങ്ങൾ നടത്തുന്ന നിർണായക രംഗങ്ങൾ ചിത്രീകരിക്കുമ്പോഴാണ് ബൻസാലി അപ്രതീക്ഷിത നിർദേശം നൽകിയത്. ശക്തമായ വികാരങ്ങൾ ആവശ്യമുള്ള രംഗങ്ങൾ സ്വാഭാവികമായി പുറത്തുവരാൻ ഞാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ഒരു ദിവസം മുഴുവൻ ഉപവാസം എടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആ രംഗങ്ങളിൽ ആവശ്യമായ തീവ്രതയും വിശപ്പിന്റെ അസ്വസ്ഥതയും തന്റെ അഭിനയത്തിന് കൂടുതൽ കരുത്തു നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ബൻസാലിയുടെ നിർദേശം ഞാൻ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. അത് ശരിക്കും ഗുണം ചെയ്തെന്നും അദിതി പറയുന്നു.
ചെറുപ്പം മുതൽ ഭരതനാട്യം അഭ്യസിച്ചിട്ടുണ്ടെങ്കിലും ഹീരമാണ്ഡിയിലെ മുജ്ര നൃത്തം ഒരു തികച്ചും വ്യത്യസ്തമായ രൂപമായിരുന്നു. മുജ്ര നൃത്തത്തിന്റെ അടിസ്ഥാനം കഥക് ആണ്. ഭരതനാട്യത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ് കഥകിന്റെ ചുവടുകളും താളക്രമങ്ങളും. ഭരതനാട്യത്തിൽ പൊതുവെ കാണുന്ന ആത്മീയതയേക്കാളും, മുജ്രയിൽ ശൃംഗാര ഭാവങ്ങൾക്കും, ദുഃഖം, പ്രതിഷേധം തുടങ്ങിയ തീവ്രമായ വികാരങ്ങൾക്കും പ്രാധാന്യമുണ്ട്. കഥക് നൃത്തത്തിന്റെ അതിസൂക്ഷ്മമായ ഭാവങ്ങൾ ബൻസാലിയുടെ പൂർണ്ണതയിലുള്ള കാഴ്ചപ്പാടുകളോടെ അവതരിപ്പിക്കുക എന്നത് വളരെ ശ്രമകരമായിരുന്നു. നൃത്തത്തിനായി കൂടുതൽ സമയം പരിശീലിക്കേണ്ടി വന്നു. ബൻസാലിയെ നിരാശപ്പെടുത്താതെ ആ രംഗങ്ങൾ കൃത്യമാക്കാൻ വേണ്ടി ഉറങ്ങാതെ ഇരുന്നിട്ടുണ്ടെന്നും അദിതി വെളിപ്പെടുത്തി.
ഓരോ രംഗത്തെക്കുറിച്ചും, പ്രത്യേകിച്ച് ഡാൻസ് സീക്വൻസുകളെക്കുറിച്ച്, അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ടാകും. അത് അതുപോലെ തന്നെ സ്ക്രീനിൽ എത്തണമെന്ന് അദ്ദേഹം നിർബന്ധം പിടിക്കും. ഇത് താരങ്ങളെ കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ എപ്പോഴും ദൃശ്യപരമായി സമ്പന്നമായിരിക്കും. ഹീരമാണ്ഡിയിലും ദേവദാസ്, ബാജിറാവു മസ്താനി തുടങ്ങിയ ചിത്രങ്ങളിലുമെല്ലാം വിശാലമായ, സങ്കീർണമായി രൂപകൽപ്പന ചെയ്ത സെറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നൃത്ത രംഗങ്ങൾ കാവ്യാത്മകവും എന്നാൽ വളരെ സാങ്കേതികമായി കൃത്യതയുള്ളതുമായിരിക്കും. ഓരോ ചലനവും കൃത്യമായ മുദ്രയിൽ ആയിരിക്കണം. ഇത് കാരണം താരങ്ങൾക്ക് ഉറക്കമില്ലാതെ പരിശീലനം വേണ്ടിവരുമെന്നും’ അദിതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

