‘വട ചെന്നൈ’ യൂണിവേഴ്സിലെ അടുത്ത കഥയുമായി ചിമ്പുവും വെട്രിമാരനും; 'അരസൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്
text_fieldsസംവിധായകൻ വെട്രി മാരനും നടൻ ചിമ്പുവും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് 'അരസൻ' എന്ന് ഔദ്യോഗികമായി പേരിട്ടു. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. വി. ക്രിയേഷൻസിന്‍റെ ബാനറിൽ കലൈപ്പുലി എസ്. താണു ആണ് ചിത്രം നിർമിക്കുന്നത്. 'അസുരൻ' എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ-കലൈപ്പുലി എസ്. താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദേശീയ പുരസ്‍കാര ജേതാവായ വെട്രിമാരൻ ആദ്യമായാണ് ചിമ്പുവുമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. അതിശക്തമായ ഒരു കഥാപാത്രമാണ് ചിത്രത്തിൽ ചിമ്പു എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. അരസൻ വട ചെന്നൈ യൂണിവേഴ്സിലെ കഥയാണ്. എന്നാൽ ഇത് വട ചെന്നൈയുടെ നേരിട്ടുള്ള രണ്ടാം ഭാഗം അല്ല. ധനുഷ് നായകനായ വട ചെന്നൈയുടെ രണ്ടാം ഭാഗം ധനുഷിനെ വെച്ച് തന്നെ ചെയ്യുമെന്നും എന്നാൽ അരസൻ ആ യൂണിവേഴ്സിലെ മറ്റൊരു കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള സമാന്തര കഥയായിരിക്കും എന്നും വെട്രി മാരൻ വ്യക്തമാക്കിയിട്ടുണ്ട്. വെട്രി മാരൻ യഥാർത്ഥത്തിൽ വട ചെന്നൈയുടെ തിരക്കഥ എഴുതിയത് ചിമ്പുവിന് വേണ്ടിയായിരുന്നു. പിന്നീട് ധനുഷ് നായകനായി സിനിമ ചെയ്തപ്പോൾ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുകയായിരുന്നു. ഇപ്പോൾ അരസനായി ചിമ്പുവിന്‍റെ കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ പഴയ തിരക്കഥ വീണ്ടും ഉപയോഗിക്കുകയും അതിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ടെന്ന് സംവിധായകൻ പറയുന്നു.
വട ചെന്നൈയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചില അഭിനേതാക്കൾ അരസനിലും ഉണ്ടാകും. ആൻഡ്രിയ ജെറമിയ, സമുദ്രക്കനി, കിഷോർ എന്നിവർ അവരുടെ മുൻ കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ധനുഷ് അവതരിപ്പിച്ച അൻബു എന്ന കഥാപാത്രം അരസൻ സിനിമയുടെ ഭാഗമായിരിക്കില്ല. അരസൻ വട ചെന്നൈയുടെ അതേ പശ്ചാത്തലത്തിലും അതേ കാലയളവിലും നടക്കുന്ന, ചില പൊതുവായ കഥാപാത്രങ്ങളുള്ള ഒരു സ്പിൻ-ഓഫ് അല്ലെങ്കിൽ പാരലൽ നറേറ്റീവ് ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

