വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് സത്യരാജ്: ‘അജിത് വന്നാൽ ഇതിനേക്കാൾ ഇരട്ടി ജനക്കൂട്ടം അവിടെ എത്തും’
text_fieldsവിജയ്, സത്യരാജ്, അജിത്
ചെന്നൈ: തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ വൃത്തങ്ങളെയും ഒരുപോലെ ചൂടുപിടിപ്പിച്ച് നടൻ സത്യരാജിന്റെ പ്രസ്താവന. നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെയും അദ്ദേഹത്തിന്റെ പൊതുയോഗങ്ങളിലെ ജനപങ്കാളിത്തത്തെയും നടൻ അജിത്തിന്റെ ജനപ്രീതിയുമായി താരതമ്യം ചെയ്തുകൊണ്ടാണ് സത്യരാജ് രംഗത്തെത്തിയത്.
വിജയ്‌യുടെ രാഷ്ട്രീയ റാലികളിലെ ആൾക്കൂട്ടത്തെക്കാൾ എത്രയോ വലുതായിരിക്കും അജിത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാലുണ്ടാകുന്ന തരംഗമെന്ന് സത്യരാജ് പറയുന്നു. ‘അജിത് ഒരു റാലി നടത്താൻ തീരുമാനിച്ചാൽ, ഇപ്പോൾ വിജയ്‌ക്ക് ലഭിക്കുന്നതിനേക്കാൾ ഇരട്ടി ജനക്കൂട്ടം അവിടെ എത്തും’ -സത്യരാജ് പറഞ്ഞു. ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ അജിത് ആരാധകർ വലിയ രീതിയിൽ ഏറ്റെടുത്തിരിക്കുകയാണ്.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഒരു രാഷ്ട്രീയ യോഗത്തിനിടെ വിജയ് അങ്കിൾ സ്റ്റാലിൻ എന്ന് അഭിസംബോധന ചെയ്തതാണ് സത്യരാജിനെ ചൊടിപ്പിച്ചത്. ഡി.എം.കെ അനുഭാവിയായ സത്യരാജ്, ഒരു മുഖ്യമന്ത്രിയോട് കാണിക്കേണ്ട മര്യാദ വിജയ് ലംഘിച്ചുവെന്ന് ആരോപിച്ചു. തന്റെ പുതിയ ചിത്രമായ 'ജനനായകൻ' റിലീസ് പ്രതിസന്ധി നേരിടുമ്പോൾ സർക്കാരിനെ ഇത്തരത്തിൽ വിമർശിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2013ൽ വിജയ് ചിത്രം തലൈവാ റിലീസ് ചെയ്യുന്ന സമയത്ത് ജയലളിത സർക്കാരുമായി ഉണ്ടായ തർക്കത്തെ സത്യരാജ് ഓർമിപ്പിച്ചു. അന്ന് 'ടൈം ടു ലീഡ്' എന്ന ടാഗ്‌ലൈൻ മാറ്റാനും ചിത്രം റിലീസ് ചെയ്യാനുമായി വിജയ് മാപ്പപേക്ഷിച്ച വിഡിയോ പുറത്തിറക്കിയിരുന്നു. അന്ന് ജയലളിതയെ ആന്റി എന്നാണ് വിജയ് വിളിച്ചിരുന്നതെങ്കിൽ അദ്ദേഹത്തെ കൊത്തു പൊറോട്ട പോലെ പിച്ചിച്ചീന്തുമായിരുന്നുവെന്ന് സത്യരാജ് പരിഹസിച്ചു. ‘നാ റെഡി താൻ’ എന്ന് പാടുന്നതിന് പകരം റോഡരികിൽ ഇരുന്ന് മുട്ടയും പൊറോട്ടയും അടിക്കുന്നതിനെക്കുറിച്ച് പാടേണ്ടി വന്നേനെ എന്നും അദ്ദേഹം പരിഹസിച്ചു.
സത്യരാജിന്റെ ഈ രൂക്ഷമായ വിമർശനങ്ങൾക്കിടെ അദ്ദേഹത്തിന്റെ മകനും നടനുമായ സിബിരാജ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു. വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സിബിരാജ് കുറിച്ചത് ഇങ്ങനെ. ‘വിദ്വേഷവും ദേഷ്യവും പ്രചരിപ്പിക്കുന്നവർക്ക് മുന്നിൽ നിശബ്ദത പാലിക്കുന്നതാണ് ജീവിതം സന്തോഷകരമാക്കാനുള്ള ഏറ്റവും നല്ല വഴി’. പിതാവിന്റെ പ്രസ്താവനകളോടുള്ള മകന്റെ പരോക്ഷമായ മറുപടിയായാണ് ആരാധകർ ഇതിനെ കാണുന്നത്. വിജയ് ആരാധകർ സത്യരാജിനെതിരെ രംഗത്തെത്തിയപ്പോൾ, ഡി.എം.കെ അനുകൂലികൾ സത്യരാജിന്റെ നിലപാടിനെ പിന്തുണക്കുന്നുണ്ട്. സിനിമാ താരങ്ങളുടെ രാഷ്ട്രീയ മോഹങ്ങളും സർക്കാരുമായുള്ള പോരും തമിഴ്നാട്ടിൽ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

