‘രാജ്യത്തിനായി മികച്ചത് ചെയ്യണം’; നക്ഷത്രങ്ങളെ ലക്ഷ്യമിട്ടാൽ നിങ്ങൾ ചന്ദ്രനിലെത്തും, ഇതാണ് തന്‍റെ മന്ത്രമെന്ന് മാധവന്‍റെ മകൻ വേദാന്ത്
text_fieldsമകനൊപ്പം മാധവൻ
മാധവന്റെ മകൻ എന്നതിലുപരി ഒരു നീന്തൽ താരമെന്ന നിലയിൽ സ്വന്തം നേട്ടത്തിനും രാജ്യത്തിനും വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ആഗ്രഹമെന്ന് വേദാന്ത് മാധവൻ. 2026ൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള തയാറെടുപ്പിലാണ് നടൻ ആർ. മാധവന്റെ മകൻ. കഴിഞ്ഞ അഞ്ച് വർഷമായി ദുബൈയിലാണ് വേദാന്ത് പരിശീലനം നടത്തുന്നത്. നീന്തലിൽ പ്രൊഫഷണലായി മുന്നേറാൻ മികച്ച അവസരങ്ങൾ ലഭിക്കുന്നതിനായി കോവിഡ് കാലത്താണ് കുടുംബം ദുബൈയിലേക്ക് താമസം മാറ്റിയത്.
വേദാന്തിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ മത്സരമാകും ഏഷ്യൻ ഗെയിംസ്. ജനപ്രിയ നടന്റെ മകനാണെങ്കിലും പൊതുശ്രദ്ധയല്ല തന്നെ പ്രചോദിപ്പിക്കുന്നതെന്ന് യുവതാരം പറയുന്നു. സ്വന്തം നേട്ടത്തിനും രാജ്യത്തിനും വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിലാണ് ശ്രദ്ധയെന്ന് വേദാന്ത് വ്യക്തമാക്കി.
പൂളിന് പുറത്തെ ശ്രദ്ധയേക്കാൾ പൂളിലെ പ്രകടനത്തിനാണ് പ്രാധാന്യമെന്ന് വേദാന്ത് പറയുന്നു. ‘ഞാൻ സ്പോട്ട്‌ലൈറ്റിൽ വരാൻ നോക്കുന്നില്ല. ഒരു നീന്തൽ താരമെന്ന നിലയിൽ എന്നെക്കൊണ്ടും എന്റെ രാജ്യത്തിനും നല്ലത് ചെയ്യാനാണ് ശ്രമിക്കുന്നത്. നിങ്ങൾ നന്നായി ചെയ്താൽ സ്പോട്ട്‌ലൈറ്റിലാകും. ചെയ്തില്ലെങ്കിൽ ഉണ്ടാകില്ല. അതുകൊണ്ട് നിങ്ങൾ ആരാണെന്നത് പ്രശ്നമല്ല’ വേദാന്ത് പറഞ്ഞു.
മത്സരത്തിലേക്ക് അടുക്കുമ്പോൾ വിജയിക്കാനാകുമെന്ന ശക്തമായ വിശ്വാസത്തിലാണ് താരം. ‘നിങ്ങൾ നക്ഷത്രങ്ങളെ ലക്ഷ്യമിട്ടാൽ ചന്ദ്രനിലെത്തും എന്ന മന്ത്രമാണ് ഏഷ്യൻ ഗെയിംസിന് മുന്നോടിയായി വേദാന്ത് സ്വീകരിച്ചിരിക്കുന്നത്. ജീവിതത്തിൽ വിജയിക്കണമെങ്കിൽ അൽപ്പം അഹങ്കാരം വേണം. മനസ്സിൽ അത് ഉറപ്പിച്ചിരിക്കണം, എന്തുതന്നെയായാലും ജയിക്കുമെന്ന് അറിയണം’ വേദാന്ത് കൂട്ടിച്ചേർത്തു.
ഒരു ബില്യൺ ജനങ്ങളുള്ള രാജ്യത്തെ പ്രതിനിധീകരിക്കുന്നതിലെ പ്രതീക്ഷകളെക്കുറിച്ച് യുവതാരത്തിന് ബോധ്യമുണ്ട്. ആർ. മാധവന്റെ മകനെന്ന നിലയിൽ കൂടുതൽ ശ്രദ്ധ ലഭിക്കുമെന്നും അദ്ദേഹം സമ്മതിക്കുന്നു. എന്നാൽ ഇത്തരം ശ്രദ്ധതിരിക്കലുകളെ പ്രകടനത്തെ ബാധിക്കാതെ മാറ്റിനിർത്താൻ പരിശീലനത്തിലൂടെ പഠിച്ചതായി വേദാന്ത് പറയുന്നു.
‘നിങ്ങൾ ആരായാലും എപ്പോഴും ഒരു സമ്മർദമുണ്ടാകും, കാരണം നമ്മൾ ഒരു ബില്യൺ ജനങ്ങളുള്ള രാജ്യമാണ്. എല്ലാവരും കാണുന്നുണ്ട്. ഞാനായതുകൊണ്ട് അൽപ്പം കൂടുതൽ സമ്മർദം ഉണ്ടാകാം, പക്ഷേ ഞാൻ അതേക്കുറിച്ച് ചിന്തിക്കുന്നില്ല. സമ്മർദം ഞങ്ങളെ ബാധിക്കാത്ത രീതിയിലാണ് ഞങ്ങൾക്ക് പരിശീലനം ലഭിച്ചിരിക്കുന്നത്. പൂളിലിറങ്ങുമ്പോൾ വെള്ളത്തിൽ ഞങ്ങൾ മാത്രമേയുള്ളൂ, മറ്റൊന്നുമില്ല വേദാന്ത് പറഞ്ഞു. തയാറെടുപ്പിനിടെ ഇന്ത്യൻ നീന്തൽ സംഘം നേരിട്ട വെല്ലുവിളികളെക്കുറിച്ചും വേദാന്ത് സംസാരിച്ചു. പരിശീലന ക്യാമ്പിലെ പ്രയാസകരമായ നിമിഷങ്ങൾ നീന്തൽ താരങ്ങൾ തമ്മിൽ കൂടുതൽ അടുപ്പം സൃഷ്ടിക്കാൻ സഹായിച്ചെന്ന് വേദാന്ത് പറയുന്നു.
ഞങ്ങളെല്ലാം സഹോദരങ്ങളെപ്പോലെയാണ്. ക്യാമ്പിനിടെ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു, പക്ഷേ പ്രശ്നങ്ങൾ ആളുകളെ കൂടുതൽ അടുപ്പിക്കുമെന്നാണ് പറയാറുള്ളത്. വ്യക്തികളെന്ന നിലയിലും ടീമെന്ന നിലയിലും ഞങ്ങളെല്ലാം വളർന്നുവെന്ന് കരുതുന്നു, ഞങ്ങളുടെ മനോവീര്യം ഏറ്റവും ഉയർന്ന നിലയിലാണ്. ഞങ്ങളെല്ലാം വളരെ ആവേശത്തിലും പ്രതീക്ഷയിലുമാണ്, ജപ്പാനിൽ പോയി തകർക്കുമെന്ന് ഞങ്ങൾക്കറിയാം വേദാന്ത് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

