‘എന്നും എന്റെ കരുത്തായി നിലകൊള്ളുന്നതിന് നന്ദി, ജന്മദിനാശംസകൾ സുജു’; സഹോദരിക്ക് ആശംസകളുമായി സുനിൽ ഷെട്ടി
text_fieldsസുനിൽ ഷെട്ടി തന്റെ സഹോദരി സുജാതയുടെ ജന്മദിനത്തിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഏപ്രിൽ 23ന് സഹോദരിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ പ്രിയപ്പെട്ട 'സുജു'വിന് ആശംസകൾ നേർന്നത്. സഹോദരിയോടുള്ള തന്റെ ആഴമേറിയ ബന്ധം വെളിപ്പെടുത്തുന്നതായിരുന്നു താരത്തിന്റെ വാക്കുകൾ.
‘ചില ബന്ധങ്ങൾക്ക് വാക്കുകളുടെ ആവശ്യമില്ല, അവ ജീവിതത്തെ ചേർത്തുപിടിക്കുന്നു. എന്നും എന്റെ കരുത്തായി നിലകൊള്ളുന്നതിന് നന്ദി. ജന്മദിനാശംസകൾ സുജു’ സഹോദരിക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് സുനിൽ ഷെട്ടി കുറിച്ചു. ഒരു വിവാഹച്ചടങ്ങിനിടെ സഹോദരിയുടെ കൈപിടിച്ച് നടന്നു വരുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.
കുടുംബബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന സുനിൽ ഷെട്ടി, തന്റെ സഹോദരിമാരാണ് ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം രക്ഷാബന്ധൻ ദിനത്തിലും രണ്ട് സഹോദരിമാർക്കുമൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു. സ്നേഹത്തിനും കരുതലിലും തനിക്ക് ദൂരേക്ക് നോക്കേണ്ടി വന്നിട്ടില്ലെന്നും ഈ രണ്ട് പേരും കൂടെയുള്ളത് വലിയ ഭാഗ്യമാണെന്നുമാണ് അന്ന് അദ്ദേഹം കുറിച്ചത്.
സുനിൽ ഷെട്ടിയുടെ ജീവിതത്തിൽ കുടുംബത്തിന് ഒന്നാം സ്ഥാനമാണുള്ളത്. മക്കളായ ആതിയയുടെയും അഹാൻ ഷെട്ടിയുടെയും വിവാഹങ്ങളിലും ആഘോഷങ്ങളിലും സഹോദരിമാരുടെ സാന്നിധ്യം അദ്ദേഹം പ്രത്യേകം ഉറപ്പാക്കാറുണ്ട്. സഹോദരി സുജാത ഹെഡ്‌ജെ ആണ് താരത്തിന്റെ മിക്കവാറും എല്ലാ വിശേഷങ്ങളിലും നിഴലായി കൂടെയുള്ളത്. താരത്തിന്റെ മിക്ക പൊതുപരിപാടികളിലും സിനിമാ ലൊക്കേഷനുകളിലും സഹോദരി സുജാത കൂടെയുണ്ടാകാറുണ്ട്.
തിരക്കേറിയ കുടുംബജീവിതത്തിനൊപ്പം തന്നെ അഭിനയത്തിലും അദ്ദേഹം സജീവമാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി ബോളിവുഡിൽ സജീവമായ സുനിൽ ഷെട്ടിയെ ആരാധകർ സ്നേഹത്തോടെ അണ്ണ എന്നാണ് വിളിക്കുന്നത്. നിലവിൽ 'വെൽക്കം ടു ദി ജംഗിൾ' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് താരം. ഇതിനുപുറമെ, തന്റെ ഐക്കണിക് കഥാപാത്രമായ ശ്യാമിനെ വീണ്ടും അവതരിപ്പിക്കുന്ന 'ഹേരാ ഫേരി 3' എന്ന ചിത്രത്തിനായും ആരാധകർ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

