എല്ലാവരും വിചാരിക്കുന്നത് ഇവൻ സുനിൽ ഷെട്ടിയുടെ മകനായതുകൊണ്ട് ഇഷ്ടം പോലെ അവസരങ്ങൾ കിട്ടുമെന്നാണ്, എന്നാൽ സത്യം അതല്ല; മകനെ കുറിച്ച് സുനിൽ ഷെട്ടി
text_fieldsമകൻ അഹാൻ ഷെട്ടിയുടെ പുതിയ ചിത്രമായ 'ബോർഡർ 2'ന്റെ ഗാന പ്രകാശന ചടങ്ങിൽ വികാരാധീനനായി സുനിൽ ഷെട്ടി. മകന്റെ സിനിമാ ജീവിതത്തിലെ കടുത്ത പോരാട്ടങ്ങളെക്കുറിച്ചും അവനെ തകർക്കാൻ നടന്ന ഗൂഢാലോചനകളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. 2021ൽ പുറത്തിറങ്ങിയ 'തഡപ്' എന്ന ചിത്രത്തിന് ശേഷം അഹാന്റെ കരിയറിൽ വലിയൊരു ഇടവേള വന്നിരുന്നു. ആ സമയത്ത് അവൻ അനുഭവിച്ച മാനസിക വിഷമങ്ങളെക്കുറിച്ചും സുനിൽ ഷെട്ടി സംസാരിച്ചു. വാർത്താ സമ്മേളനത്തിനിടെ സംസാരിക്കുമ്പോൾ സുനിൽ ഷെട്ടിയുടെ കണ്ണുകൾ നിറയുകയും നിർമാതാവ് ഭൂഷൺ കുമാർ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.
‘എല്ലാവരും വിചാരിക്കുന്നത് ഇവൻ സുനിൽ ഷെട്ടിയുടെ മകനാണ് അതുകൊണ്ട് ഇഷ്ടം പോലെ അവസരങ്ങൾ കിട്ടുമെന്നാണ്. എന്നാൽ സത്യം അതല്ല. കഴിഞ്ഞ കുറച്ചു കാലമായി അഹാൻ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. അവന്റെ കണ്ണുകളിൽ ഞാൻ അത് കണ്ടിട്ടുണ്ട്. അവന് ബോർഡർ 2 പോലെ ഒരു വലിയ സിനിമ ലഭിച്ചതിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. യൂണിഫോം ധരിക്കുക എന്നത് വെറുമൊരു കാര്യമല്ലെന്നും വലിയ ഉത്തരവാദിത്തമാണെന്നും ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്’ സുനിൽ ഷെട്ടി പറഞ്ഞു.
തന്റെ മകനെതിരെയുള്ള നെഗറ്റീവ് കാമ്പയിനുകളെക്കുറിച്ച് സുനിൽ ഷെട്ടി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. അഹാന് പത്ത് അംഗങ്ങളുള്ള ഒരു സംഘം ഉണ്ടെന്നും മറ്റും മോശമായ വാർത്തകൾ പണം നൽകി മാധ്യമങ്ങളിൽ വരുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ‘അഹാൻ ബോർഡർ 2ൽ അഭിനയിക്കുന്നത് തടയാൻ വേണ്ടിയാണ് ചിലർ ഈ നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിച്ചത്. എനിക്കും സ്വാധീനങ്ങളുണ്ടെന്ന് അവർ മറക്കരുത്. ഇത് തുടരുകയാണെങ്കിൽ ഞാൻ ഒരു വാർത്താ സമ്മേളനം വിളിച്ചുചേർക്കും. ഇതിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരുടെയും പേര് ഞാൻ വെളിപ്പെടുത്തും. ആരെയും വെറുതെ വിടില്ല’- സുനിൽ ഷെട്ടി മുന്നറിയിപ്പ് നൽകി. ബോർഡറിൽ എന്റെ കഥാപാത്രം മരിക്കുകയായിരുന്നു. രാജ്യത്തിന് വേണ്ടി മരിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ ആ കഥാപാത്രം മരിച്ചില്ലായിരുന്നെങ്കിൽ എനിക്ക് ബോർഡർ 2വിലും അഭിനയിക്കാമായിരുന്നു. സണ്ണി ഡിയോൾ ഇല്ലാതെ ഈ സിനിമ സാധ്യമാകില്ല എന്ന് സുനിൽ ഷെട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

