ബോർഡർ 2 അച്ഛൻ കണ്ടില്ലെന്ന് അഹാൻ; 500 കോടി കടക്കട്ടെ അപ്പോൾ കാണാമെന്ന് സുനിൽ ഷെട്ടി
text_fieldsസുനിൽ ഷെട്ടിയും മകനും
സുനിൽ ഷെട്ടിയുടെ മകൻ അഹാൻ ഷെട്ടിക്ക് 'ബോർഡർ 2' എന്നത് വെറുമൊരു സിനിമ മാത്രമല്ല. അതൊരു പൈതൃകവും വൈകാരികമായ ഒരു തിരിച്ചുപോക്കുമാണ്. തന്‍റെ കരിയറിലെ ഉയർച്ചതാഴ്ചകളിൽ പിതാവ് സുനിൽ ഷെട്ടി വലിയ പിന്തുണയാണ് നൽകിയതെന്ന് അഹാൻ പറയുന്നു. ജോലിയോട് സത്യസന്ധത പുലർത്തുക, കഠിനാധ്വാനം തുടരുക എന്നതായിരുന്നു അച്ഛൻ നൽകിയ പ്രധാന ഉപദേശമെന്ന് അഹാൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിനിമയുടെ ടീസർ വന്നപ്പോൾ മുതൽ അച്ഛൻ വളരെ വികാരാധീനനായിരുന്നു. സിനിമ പുറത്തിറങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും അദ്ദേഹം ചിത്രം കണ്ടിരുന്നില്ല.
‘സ്‌ക്രീനിങ്ങിന് എത്തിയെങ്കിലും അച്ഛനും സഹോദരി ആതിയ ഷെട്ടിയും തിയറ്ററിന് പുറത്ത് ഇരിക്കുകയായിരുന്നു. സിനിമയെക്കുറിച്ചുള്ള ഉത്കണ്ഠ കാരണം അവർക്ക് സിനിമ കാണാൻ ധൈര്യം വന്നില്ല. പിന്നീട് ആതിയ തനിച്ച് പോയി സിനിമ കാണുകയായിരുന്നു. കഴിഞ്ഞ നാല് വർഷം സിനിമയൊന്നും ചെയ്യാതിരുന്ന കാലം വളരെ പ്രയാസകരമായിരുന്നു. വ്യക്തിജീവിതത്തിലെ ചില പ്രശ്നങ്ങളും എന്നെ തളർത്തിയിരുന്നു. എന്നാൽ കുടുംബവും സുഹൃത്തുക്കളുമാണ് ആ സമയത്ത് എനിക്ക് കരുത്തായി നിന്നത്. ആ യാത്രയാണ് എന്നെ ഇന്നത്തെ വ്യക്തിയാക്കി മാറ്റിയതെന്ന്’ അഹാൻ പറയുന്നു. ‘ആളുകൾ താരതമ്യം ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ആ സമ്മർദം എന്‍റെ പ്രകടനത്തെ ബാധിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. പ്രേക്ഷകരോട് നീതി പുലർത്തുക എന്നതായിരുന്നു എന്‍റെ ലക്ഷ്യം. സിനിമയുടെ ക്ലൈമാക്സിൽ ഞാനും അച്ഛനും ഒരേ ഫ്രെയിമിൽ വരുന്നുണ്ട്. അഹാൻ കൂട്ടിച്ചേർത്തു.
‘ലോകമെമ്പാടുമായി 500 കോടി കലക്ഷൻ നേടുന്നതുവരെ ബോർഡർ 2 കാണില്ലെന്ന് ഞാൻ ആദ്യ ദിവസം മുതൽ പറഞ്ഞിരുന്നു. അഹാന് വേണ്ടി എന്റെ മനസ്സിൽ അന്നുമുതലേ ഒരു പ്രാർഥനയായി ഈ ചിന്തയുണ്ട്. അതുകൊണ്ടാണ് സിനിമ ഇതുവരെ കാണാത്തത്. ഒരു ഫ്രെയിം പോലും ഞാൻ കണ്ടിട്ടില്ല. എന്നെ തെറ്റിദ്ധരിക്കരുത്, അത് സിനിമയെക്കുറിച്ചുള്ള അഹങ്കാരമല്ല’ എന്നാണ് സുനിൽ ഷെട്ടി പറഞ്ഞത്. അഹാനും അവന്റെ സുഹൃത്തുക്കൾക്കും എന്റെ കുടുംബത്തിനുമൊപ്പമാണ് ഞാൻ സിനിമ കാണുക. സണ്ണി ഡിയോൾ, വരുൺ ധവാൻ തുടങ്ങി സിനിമയുമായി ബന്ധപ്പെട്ടവരെയെല്ലാം ഞാൻ കൂടെ കൊണ്ടുപോകും. അവർക്ക് ഇത് രണ്ടാമത്തെ തവണയായിരിക്കും. പക്ഷേ എന്റെ ആദ്യത്തേതായിരിക്കും. അതിനുശേഷം എത്ര തവണ ഞാൻ ഈ സിനിമ കാണുമെന്ന് എനിക്കറിയില്ല. അഹാനെയും അവന്റെ തീരുമാനങ്ങളെയും കുറിച്ച് ഞാൻ എപ്പോഴും അഭിമാനിക്കുന്നു’ സുനിൽ ഷെട്ടി പറഞ്ഞു.
ജനുവരി 23നാണ് 'ബോർഡർ 2' റിലീസായത്. സണ്ണി ഡിയോൾ, വരുൺ ധവാൻ, ദിൽജിത് ദോസാഞ്ച്, അഹാൻ ഷെട്ടി, മോന സിങ്, സോനം ബജ്വ എന്നിവരാണ് സിനിമയിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്. 1997ൽ റിലീസായ 'ബോർഡർ' സിനിമയുടെ സീക്വലായിട്ടാണ് ഇത് പുറത്തിറക്കിയത്. ബോർഡറിൽ സണ്ണി ഡിയോൾ, ജാക്കി ഷ്‌റോഫ്, സുനിൽ ഷെട്ടി, അക്ഷയ് ഖന്ന എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായത്. അനുരാഗ് സിങ് സംവിധാനം ചെയ്ത ബോർഡർ 2 നിർമിച്ചിരിക്കുന്നത് ഭൂഷൺ കുമാർ, കൃഷൻ കുമാർ, ജെ.പി.ദത്ത, നിധി ദത്ത എന്നിവർ ചേർന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

