സണ്ണി ഡിയോളിന്റെ ബോർഡർ2 ടീസർ റിലീസിങ് യുദ്ധ വിജയ ദിവസമായ ഡിസംബർ16ന്, പുതിയ പോസ്റ്റർ പുറത്ത്
text_fieldsഇന്ത്യൻ മിലിട്ടറിയുടെയും സേനാവിഭാഗങ്ങളുടെയും യുദ്ധത്തിന്റെയും രാജ്യസ്നേഹത്തിന്റെയും കഥയുമായെത്തിയ ബോർഡർ എന്ന ഇതിഹാസ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. ബോർഡർ-2 സണ്ണി ഡിയോൾ,വരുൺ ധവാൻ,ദിൽജിത് ദോസഞ്ജ്, അഹാൻ ഷെട്ടി എന്നിവർ പ്രധാനവേഷങ്ങൾ ചെയ്യുന്നു. 2026 ജനുവരി 23 ന് തിയറ്ററുകളിലെത്തും.
റിലീസിന് മുന്നോടിയായി പ്രധാനവേഷങ്ങൾ ചെയ്യുന്നവരെ ഉൾപ്പെടുത്തിയ പുതിയ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്. വിജയ് ദിവസ് (1971ലെ ഇന്ത്യ- പാക് യുദ്ധത്തിൽ ഇന്തയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ദിനം) പ്രമാണിച്ച് ഡിസംബർ 16ന് ഉച്ചക്ക് ഒന്നരക്ക് ടീസർ റിലീസ് ചെയ്യും. സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘വിജയ ദിവസത്തിന്റെ ഉൽസാഹം, 1971യുദ്ധവിജയത്തിന്റെ ഓർമകൾ, പിന്നെ പുതിയവർഷത്തിന്റെ ഏറ്റവും മനോഹരമായ ടീസർ പുറത്തിറക്കലും എല്ലാം ഒരുമിച്ച്’ എന്ന് പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.
നിർമാതാക്കൾ പുറത്തിറക്കിയ സുനിൽ ഷെട്ടിയുടെ മകൻ അഹാൻ ഷെട്ടിയുടെ ആദ്യ പോസ്റ്റർ വൈറലായിരുന്നു. ഒരു നാവിക ഉദ്യോഗസ്ഥന്റെ സത്യസന്ധതയും അച്ചടക്കവും പ്രതിഫലിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. പട്ടാളയൂനിഫോം വെറുമൊരു വേഷമല്ലെന്നും ഉത്തരവാദിത്വബോധമുണർത്തുന്നതാണെന്നും താനതിൽ അഭിമാനിക്കുന്നെന്നും അഹാൻ സമൂഹമാധ്യമ പോസ്റ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ജെ.പി. ദത്തയുടെ ജെ.പി. ഫിലിംസുമായി സഹകരിച്ച് ഗുൽഷൻ കുമാറിന്റെയും ടി-സീരീസിന്റെയും ബാനറിലാണ് ബോർഡർ 2 ന്റെ നിർമാണം. ഭൂഷൺ കുമാർ, കിഷൻ കുമാർ, ജെ.പി. ദത്ത, നിധി ദത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്, അനുരാഗ് സിങ്ങാണ് സംവിധായകൻ.
1997ൽ ജെ.പി.ദത്ത നിർമാണവും സംവിധാനവും നിർവഹിച്ച ബോർഡർ എന്ന ഹിന്ദിചിത്രം ഒരു ഇതിഹാസ യുദ്ധസിനിമയാവുകയായിരുന്നു. നിരവധി അവാർഡുകൾ വാരിക്കൂട്ടിയ സിനിമയും ഗാനങ്ങളും മനോഹരമായവയായിരുന്നു. 26 വർഷം മുമ്പ് റിലീസിങ് ദിവസംതന്നെ ദുരന്തമായ സിനിമയായിരുന്നു ബോർഡർ. 1997 ജൂൺ 13ന് ഡൽഹിയിലെ ഉപഹാർ തിയറ്ററിൽ തീപടർന്നതിനെ തുടർന്ന് 23 കുടുംബങ്ങളിലെ 59 പേരുടെ ജീവൻ നഷ്ടമായിരുന്നു. ഓർമകളിൽ ഇപ്പോഴും ദുരന്തമായ സിനിമയുടെ രണ്ടാം ഭാഗത്തെ എല്ലാം മറന്ന് വരവേൽക്കുകതന്നെ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

