‘ആശാ തായി നിങ്ങളൊരു യുഗമായിരുന്നു, കണ്ണീരൊഴുക്കേണ്ട ജീവിതമല്ലിത്’; പ്രിയ ഗുരുവിന്റെ ഓർമകളിൽ സോനു നിഗം
text_fieldsസോനു നിഗം,ആശാ ഭോസ്‌ലെ
ചില ശബ്ദങ്ങളുണ്ട്, അവ വെറും പാട്ടുകളല്ല. മറിച്ച് ചില കാലഘട്ടങ്ങളുടെ അടയാളപ്പെടുത്തലുകളാണ്. പ്രണയത്തിന്റെ ലഹരിയും, വിരഹത്തിന്റെ നോവും ഒരുപോലെ ആവാഹിച്ച 'ആശാ തായി'..നിങ്ങളൊരു യുഗമായിരുന്നു. പാടിത്തീർത്ത ആയിരമായിരം ഗാനങ്ങളിലൂടെ നിങ്ങൾ ഇനിയും ഇവിടെത്തന്നെയുണ്ടാകും...സംഗീത ലോകത്തെ നിത്യവിസ്മയം ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ കണ്ണീരൊഴുക്കേണ്ടതില്ലെന്ന് ഗായകൻ സോനു നിഗം.
92-ാം വയസ്സിൽ അന്തരിച്ച ആശാ തായിയുടെ മരണം ഒരു വിലാപമായി മാറ്റുന്നതിൽ അർത്ഥമില്ലെന്നും പകരം അവർ നയിച്ച സമ്പൂർണ്ണമായ ജീവിതത്തെ ആദരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് സോനു നിഗം തന്റെ ചിന്തകൾ പങ്കുവെച്ചത്. ഭരണകൂടത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ കഴിഞ്ഞ ആഴ്ചയായിരുന്നു ആശാ ഭോസ്‌ലെയുടെ സംസ്കാരം നടന്നത്. ഏപ്രിൽ 12ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വെച്ചായിരുന്നു ഈ അതുല്യ പ്രതിഭയുടെ അന്ത്യം.
‘അവർ വിടവാങ്ങിയതിൽ എനിക്ക് ദുഃഖമുണ്ട്. പക്ഷേ, ഇതൊരു തീരാത്ത സങ്കടമായി കൊണ്ടുനടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പരിപൂർണ്ണമായ ഒരു ജീവിതമാണ് അവർ നയിച്ചത്. ജീവിതത്തിന്റെ അവസാന നിമിഷം വരെ അവർ കർമ്മനിരതയായിരുന്നു. ഇത്രയും ഉജ്ജ്വലമായ ഒരു ജീവിതത്തിന് മുന്നിൽ എന്തിനാണ് നമ്മൾ കരയുന്നത്? അവസാന ശ്വാസം വരെ തന്റെ കലയിൽ മുഴുകി ജീവിക്കുക എന്നത് ഏതൊരു കലാകാരന്റെയും വലിയ സ്വപ്നമാണ്’ എന്നാണ് സോനു നിഗം തന്‍റെ ഗുരുവിനെ കുറിച്ച് പറഞ്ഞത്.
ആശാ ഭോസ്‌ലെയുടെ അച്ചടക്കത്തെയും കഠിനാധ്വാനത്തെയും സോനു പ്രശംസിച്ചു. ‘അവർക്ക് ഞങ്ങളെ ശാസിക്കാനും തിരുത്താനുമുള്ള എല്ലാ അവകാശവും ഉണ്ടായിരുന്നു. കാരണം അവർ ഞങ്ങളുടെ ഗുരുവാണ്. ആ യുഗത്തിന്റെ അവസാനത്തെ പോരാളിയായിരുന്നു അവർ. അവർക്കൊപ്പം സമയം ചിലവഴിക്കാനും അവരിൽ നിന്ന് പഠിക്കാനും സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു’ സോനു കൂട്ടിച്ചേർത്തു.
1940കളുടെ അവസാനം ഒരു മറാത്തി ചിത്രത്തിലൂടെ സംഗീത യാത്ര ആരംഭിച്ച ആശാ ഭോസ്‌ലെ, പിൽക്കാലത്ത് ഭാരതീയ സംഗീതത്തിന്റെ ശബ്ദമായി മാറി. 1948ൽ 'ചുനാരിയ' എന്ന ചിത്രത്തിലെ 'സാവൻ ആയാ' എന്ന ഗാനത്തിലൂടെയാണ് അവർ ഹിന്ദി സിനിമാ ലോകത്ത് ചുവടുറപ്പിച്ചത്. പ്രിയ തൂ അബ് തോ ആജാ,ദും മാരോ ദും, ചുരാ ലിയാ ഹേ തുംനെ തുടങ്ങി തെന്നിന്ത്യൻ ഭാഷകൾ ഉൾപ്പെടെ ആയിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചു. സംഗീതത്തിൽ മാത്രമല്ല, 'മായി' എന്ന മറാത്തി ചിത്രത്തിലൂടെ അഭിനയ രംഗത്തും അവർ ഒരു കൈ നോക്കിയിരുന്നു.
ആശാ ഭോസ്‌ലെയുടെ വിയോഗത്തോടെ ഇന്ത്യൻ സിനിമയുടെ ഒരു സുവർണ്ണ അധ്യായത്തിനാണ് തിരശ്ശീല വീണത്. ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾ ഇന്നും അവരുടെ സ്വരമാധുരിയിൽ വിങ്ങിനിൽക്കുമ്പോഴും, അവർ നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകാനാണ് കലാലോകം ആഗ്രഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

