റേഡിയോയിൽ നിരോധനം, ദൂരദർശനിൽ സെൻസർ കട്ട്; എന്നിട്ടും ലോകം ഏറ്റുപാടി ആശയുടെ ‘ദം മാരോ ദം’
text_fieldsആശാ ഭോസ്‌ലെ
എട്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാ സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ വിയോഗ വാർത്തകളാണ് ഇപ്പോൾ സോഷ്യൽമീഡിയ നിറയെ. മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. പന്ത്രണ്ടോളം ഭാഷകളിലായി പന്ത്രണ്ടായിരത്തിലധികം ഗാനങ്ങൾ പാടിയ ആശ, സംഗീത പ്രേമികളെ ഈണങ്ങൾ കൊണ്ട് കീഴടക്കിയാണ് യാത്രയാകുന്നത്.
നിരോധനങ്ങളെ അതിജീവിച്ച 'ദം മാരോ ദം'
ആശാ ഭോസ്‌ലെയുടെ പേരിനൊപ്പം എന്നും ചേർത്തുപിടിക്കുന്ന ഗാനമാണ് 1971ൽ പുറത്തിറങ്ങിയ 'ഹരേ രാമ ഹരേ കൃഷ്ണ'യിലെ 'ദം മാരോ ദം'. ലഹരി സംസ്കാരത്തിനെതിരെയുള്ള ചിത്രമായിരുന്നുവെങ്കിലും അതിലെ ഈ ഗാനം യുവാക്കൾക്കിടയിൽ ഒരു തരംഗമായി മാറി. എന്നാൽ വലിയ വിമർശനങ്ങളും ഈ ഗാനം നേരിട്ടിട്ടുണ്ട്. അക്കാലത്ത് ഓൾ ഇന്ത്യ റേഡിയോയും ദൂരദർശനും ഈ ഗാനത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.
ലത മങ്കേഷ്‌കർ പാടേണ്ടിയിരുന്ന ഗാനം
ചരിത്രമായി മാറിയ ഈ ഗാനം ആദ്യം പാടാനിരുന്നത് ലത മങ്കേഷ്‌കറും ഉഷ ഉതുപ്പും ചേർന്നായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ലത പിന്മാറിയതോടെയാണ് ഗാനം ആശാ ഭോസ്‌ലെയുടെ കൈകളിൽ എത്തുന്നത്. ചിത്രത്തിന്റെ സംവിധായകൻ ദേവ് ആനന്ദിന് ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ടായിരുന്നു. വിവാദം ഭയന്ന് അദ്ദേഹം പാട്ട് ഒഴിവാക്കാൻ പോലും തീരുമാനിച്ചു. എന്നാൽ ആശാ നേരിട്ടെത്തി ദേവ് ആനന്ദിനെ കണ്ട് സംസാരിച്ചതോടെയാണ് ഗാനം സിനിമയിൽ നിലനിർത്താൻ അദ്ദേഹം തയാറായത്.
ദൂരദർശനിലെ കത്രികയും റേഡിയോ സിലോണിലെ തരംഗവും
ഓൾ ഇന്ത്യ റേഡിയോയിൽ നിരോധനം ഏർപ്പെടുത്തിയപ്പോൾ, ശ്രീലങ്കയിലെ 'റേഡിയോ സിലോൺ' ഈ ഗാനം തുടർച്ചയായി പ്രക്ഷേപണം ചെയ്തു. ബിനാക്ക ഗീത്‌മാലയിൽ 12 ആഴ്ചയോളം ഒന്നാം സ്ഥാനത്ത് തുടർന്ന ഗാനത്തെ 'സർതാജ് ഗീത്' ആയി പ്രഖ്യാപിച്ചു. ദൂരദർശനിൽ സിനിമ കാണിക്കുമ്പോഴെല്ലാം സെൻസർ ബോർഡ് ഈ പാട്ട് വെട്ടിമാറ്റുമായിരുന്നു എന്ന് മുമ്പ് ഒരു അഭിമുഖത്തിൽ ആശാ ഭോസ്‌ലെ പറഞ്ഞിട്ടുണ്ട്.
ആർ.ഡി ബർമൻ ഈണം നൽകിയ ഈ ഗാനം 2026ലും സംഗീതപ്രേമികൾക്കിടയിൽ വലിയ ആവേശമാണ്. ലഹരി വിരുദ്ധ സന്ദേശത്തിന് പകരം ലഹരിയെ ഗ്ലോറിഫൈ ചെയ്യുന്നു എന്ന പേരിൽ വിമർശിക്കപ്പെട്ടെങ്കിലും, ആശയുടെ ശബ്ദമാധുര്യം ആ ഗാനത്തെ ലോകപ്രശസ്തമാക്കി. ആശാ ഭോസ്‌ലെയുടെ വിയോഗത്തോടെ ഇന്ത്യൻ സംഗീത ലോകത്തെ ഏറ്റവും വൈവിധ്യമുള്ള ശബ്ദമാണ് മാഞ്ഞുപോയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

