Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകൈപ്പേറിയ ജീവിതം...

കൈപ്പേറിയ ജീവിതം മറികടന്ന ശബ്ദ മാധുരി; ആശാ ഭോസ്‌ലെ എന്ന ഇതിഹാസം

text_fields
bookmark_border
കൈപ്പേറിയ ജീവിതം മറികടന്ന ശബ്ദ മാധുരി; ആശാ ഭോസ്‌ലെ എന്ന ഇതിഹാസം
cancel
camera_alt

ആശ ഭോസ്‌ലെ

ഇന്ത്യൻ സംഗീതത്തിലെ ഒരു യുഗം അവസാനിച്ചിരിക്കുന്നു. മധുരമായ സംഗീതംകൊണ്ട് ആരാധകരെ ആകർഷിച്ച ഇതിഹാസ പിന്നണി ഗായിക ആശാ ഭോസ്‌ലെ വിടവാങ്ങി. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്നായിരുന്നു ആശയുടേത്. കാലത്തിന് മായ്ക്കാനാകാത്ത ആ ശബ്ദ മാധുരി, വർഷങ്ങൾ പിന്നിട്ടിട്ടും ആരാധക മനസ്സുകളിൽ പ്രിയ ഗാനങ്ങളായി നിലനിൽക്കുന്നു. എന്നാൽ തന്‍റെ ഗാനങ്ങൾപോലെ അത്ര മധുരിതമായിരുന്നില്ല ആശാ ഭോസ്‌ലെയുടെ ജീവിതം.

മഹാരാഷ്ട്രയിലെ ഒരു സംഗീത കുടുംബത്തിലായിരുന്നു ആശാ ഭോസ്‌ലെയുടെ ജനനം. പ്രശസ്ത ക്ലാസിക്കൽ ഗായകനും നാടക കലാകാരനുമായ ദീനനാഥ് മങ്കേഷ്‌കറുടെ മകൾ. ആശയുടെ മൂത്ത സഹോദരിയാണ് ലത മങ്കേഷ്കർ. ആശക്ക് ഒൻപത് വയസ്സുള്ളപ്പോളായിരുന്നു അച്ഛന്‍റെ മരണം. ഇതോടെ കുടുംബത്തിന്‍റെ ഉത്തരവാദിത്തം മക്കളുടെ ചുമതലയായി. ചെറുപ്പത്തിൽ തന്നെ അവർ പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി. ക്രമേണ ഇന്ത്യയുടെ പിന്നണി ഗായകരിൽ തങ്ങളുടേതായ സ്ഥാനം പടുത്തുയർത്താൻ ഈ സഹോദരിമാർക്ക് സാധിച്ചു.

സഹോദരി ലതാ മങ്കേഷ്‌കറുടെ സെക്രട്ടറി ഗണപത്‌റാവു ഭോസ്‌ലെയെ ആശ വിവാഹം കഴിച്ചത് 16 വയസുള്ളപ്പോഴായിരുന്നു. അന്ന് ഗണപത്‌റാവുവിന് 31 വയസായിരുന്നു പ്രായം. കുടുംബത്തിലെ മൂത്ത മകളായ ലത മങ്കേഷ്കര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. തന്‍റെ പേഴ്സണൽ സെക്രട്ടറിയുമായുള്ള അനിയത്തിയുടെ പ്രണയവും പ്രായവ്യത്യാസവും ലതക്ക് അംഗീകരിക്കാനാവുമായിരുന്നില്ല.

മങ്കേഷ്‌കർ കുടുംബം ആശയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. പ്രതിസന്ധികൾ ഏറെ നിറഞ്ഞ ജീവിതം. കുടുംബം പുലർത്താനായി കിട്ടുന്ന ഏത് പാട്ടും പാടാൻ ആശ തയ്യാറായി. ലതയെപ്പോലുള്ള മുൻനിര ഗായകർ വേണ്ടെന്ന് വെക്കുന്ന 'കാബറെ' പാട്ടുകളും ആശക്ക് പാടേണ്ടി വന്നു. എന്നാൽ ഇത് പിന്നീട് ആശയെ ഏത് പാട്ടും അനായാസം വഴങ്ങുന്ന അതുല്യ ഗായികയാക്കി മാറ്റി. ഗണപത് റാവുമായുള്ള ദാമ്പത്യം വെറും 11 വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ. 1960ൽ ഗണപത്‌റാവു ആശയെ വീട്ടിൽ നിന്ന് പുറത്താക്കി. ഈ സമയത്ത് ആശ മൂന്നാമതും ഗര്‍ഭിണിയായിരുന്നു. രണ്ട് മക്കളുമായി ആശ സ്വന്തം അമ്മയുടെ അടുത്തേക്ക് മടങ്ങുകയും പിന്നീട് കുടുംബവുമായി രമ്യതയിലാവുകയുമായിരുന്നു. വര്‍ഷങ്ങളായി പിണങ്ങിനിന്ന സഹോദരിമാര്‍ വീണ്ടും ഒന്നിക്കുകയും ചെയ്തു.

പിന്നീട് പ്രശസ്ത സംഗീത സംവിധായകൻ ആര്‍.ഡി ബര്‍മനുമായിട്ടുള്ള പ്രണയം ആശയുടെ ജീവിതത്തിൽ വഴിത്തിരിവായി. 1980ൽ ഇരുവരും വിവാഹിതരായി. എന്നാൽ ഈ ബന്ധവും വേർപിരിയലിന്റെ ഒരു ഘട്ടത്തിലൂടെ കടന്നുപോയെങ്കിലും, ആശയും ആർ‌ഡി ബർമനും വൈകാരികമായ അടുപ്പം നിലനിർത്തി. 1994ലായിരുന്നു ആര്‍.ഡി ബര്‍മന്റെ മരണം.

ആശാ ഭോസ്‌ലെക്ക് മൂന്ന് മക്കളായിരുന്നു. ഇതിൽ മൂത്ത മകൻ ഹേമന്ത് ഭോസ്‌ലെ കാൻസർ ബാധിച്ച് മരിച്ചു. ജേണലിസ്റ്റും കോളമിസ്റ്റുമായ മകൾ വർഷ ഭോസ്‌ലെ ആശയുടെ വീട്ടിൽവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇളയ മകൻ ആനന്ദ് ഭോസ്‌ലെ സിനിമ മേഖലയിൽ പ്രവർത്തിക്കുകയാണ്. തന്‍റെ മക്കളുടെ മരണം ആശ ഭോസ്‌ലയെ മാനസ്സികമായി തളർത്തിയിരുന്നു. കൊടിയ വിഷാദത്തിൽ നിന്നും വീണ്ടും അവർ തിരിച്ചു വരികയായിരുന്നു.

ശാസ്ത്രീയ സംഗീതം മുതൽ പോപ്പ്, ജാസ്, കാബറെ, ഭജൻ വരെ ഒരുപോലെ വഴങ്ങുന്ന ചുരുക്കം ഗായകരിലൊരാളായിരുന്നു ആശ. ഇന്നും ഭാഷാഭേദമന്യേ ആളുകൾ മൂളി നടക്കുന്ന പല പാട്ടുകളും ആശാ ഭോസ്‌ലെ എന്ന ഗായിക അനശ്വരമാക്കിതീർത്തവയാണ്. 92ാം വയസ്സിൽ സംഗീത ലോകത്തോട് വിടവാങ്ങുമ്പോഴും ഇനിയുമൊരുപാട് തലമുറ ഓർത്തിരിക്കാൻ തന്‍റെ ശബ്ദം ഇവിടെ കാത്തുവെച്ചാണ് അതുല്യ പ്രതിഭയുടെ വിടവാങ്ങൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asha bhosleCelebrityIndiasingerLegendary Singer
News Summary - Asha Bhosle the voice who overcame a bitter life, the a legend
Next Story