ആരാധകൻ വിരലിനിടയിൽ ബ്ലേഡ് വെച്ച് കൈ തന്നു, കൈ മുറിഞ്ഞ അനുഭവം പങ്കുവെച്ച് അജിത്
text_fieldsതമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും 'തല' അജിത്തിന് ആരാധകർ ഏറെയാണ്. എന്നാൽ അജിത് മാധ്യമങ്ങളെ നേരിടുന്നത് വളരെ അപൂർവ്വമാണ്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് അജിത് തന്‍റെ അഭിമുഖത്തിൽ പങ്കുവെച്ച ഒരു അനുഭവമാണ്.
സെലിബ്രറ്റികളുടെ വാഹനങ്ങൾ തടഞ്ഞുവെക്കുന്നതും സെൽഫിയെടുക്കുന്നതുമെല്ലാം ആരാധകർക്കിടയിൽ സാധാരണമാണ്. എന്നാൽ ചില സംഭവങ്ങൾ കൈവിട്ടു പോകാറുണ്ട്. അത്തരത്തിൽ തനിക്ക് നേരെയുണ്ടായ ഒരു മോശം സംഭവമാണ് അജിത്ത് ടോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
ബ്ലേഡ് കൊണ്ട് വെട്ടിയതിന്‍റെ പാടുകൾ തന്‍റെ കൈകളിൽ ഉണ്ടെന്നും അത് തനിക്ക് ഒരു ആരാധകനിൽനിന്ന് ലഭിച്ചതാണെന്നുമാണ് അജിത്ത് അഭിമുഖത്തിൽ പറഞ്ഞത്. ധാരാളം ആളുകൾക്ക് കൈ നൽകുന്നതിന്‍റെ ഇടയിൽ താൻ അത് ശ്രദ്ധിച്ചില്ലെന്നും കുറച്ചുകഴിഞ്ഞ് വാഹനത്തിൽ കയറിയപ്പോൾ തന്‍റെ കൈ രക്തത്തില്‍ കുളിച്ചിരിക്കുന്നതാണ് കാണുന്നതെന്നും അജിത് പറഞ്ഞു. ആരാധകരിലാരോ വിരലുകള്‍ക്കിടയില്‍ ബ്ലേഡ് വച്ചായിരുന്നു തനിക്ക് കൈ തന്നതെന്നാണ് അജിത് പറയുന്നത്.
'2005ൽ ഒരു സംഭവമുണ്ടായി.ഔട്ട്ഡോര്‍ ഷൂട്ടിനിടെയാണ്. താമസിച്ചിരുന്ന ഹോട്ടലിന് മുമ്പില്‍ ആരാധകര്‍ എന്നുമെത്തും. ഒടുവില്‍ ഹോട്ടലിലെ ആളുകള്‍ എന്നോട് അല്‍പ്പനേരം ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഞാന്‍ സമ്മതിച്ചു. ആരാധര്‍ക്ക് കൈ കൊടുക്കുന്നതിനിടെ കൂട്ടത്തില്‍ ഒരു 19 വയസ് തോന്നിക്കുന്ന പയ്യന്‍ തന്റെ വിരലുകള്‍ക്കിടയില്‍ ബ്ലേഡ് വച്ചിരിക്കുന്നത് കണ്ടു. ഉടനെ തന്നെ അവനെ എന്റെ സ്റ്റാഫ് പിടി കൂടി പറഞ്ഞയച്ചു' .അജിത് പറഞ്ഞു.
തന്റെ ആരാധകരെ വളരെയധികം വിലമതിക്കുന്നുണ്ടെങ്കിലും അവരെ അഭിവാദ്യം ചെയ്യാൻ ശ്രമിക്കുമ്പോൾ പലപ്പോഴും അസ്വസ്ഥതയോ അപകടകരമോ ആയ സാഹചര്യങ്ങളിൽ താൻ അകപ്പെട്ടിട്ടുണ്ടെന്ന് താരം കൂട്ടിച്ചേർത്തു. അമിത ആരാധനയെ ശക്തമായി എതിർക്കുന്ന താരമാണ് അജിത്. അമിതാരാധനക്ക് ഒരു പരിധിവരെ മാധ്യമങ്ങളും കാരണമാണെന്നാണ് അജിതിന്‍റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

