Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അച്ഛനാണ് യഥാർത്ഥ രാക്ഷസൻ’; സലിം ഖാനൊപ്പം കൗബോയ് ലുക്കിൽ സൽമാൻ ഖാൻ

text_fields
bookmark_border
Salman Khan
cancel
camera_alt

സൽമാൻ ഖാൻ പിതാവിനൊപ്പം

ബോളിവുഡിലെ പ്രിയ താരം സൽമാൻ ഖാൻ തന്റെ പിതാവും മുതിർന്ന തിരക്കഥാകൃത്തുമായ സലിം ഖാനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങളും അതിനൊപ്പം കുറിച്ച വൈകാരികമായ സന്ദേശവും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഒരേ രീതിയിലുള്ള കൗബോയ് തൊപ്പികൾ ധരിച്ച് അച്ഛനും മകനും ഒന്നിച്ചുള്ള അപൂർവ്വ ചിത്രങ്ങളാണ് സൽമാൻ തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.

തന്റെ പിതാവിനെ യഥാർത്ഥ രാക്ഷസൻ എന്ന് സ്നേഹപൂർവ്വം വിശേഷിപ്പിച്ച സൽമാൻ, ജീവിതത്തിലെ ഓരോ ദിവസത്തിന്റെയും മൂല്യത്തെക്കുറിച്ചും പിതാവിന്റെ ആയുസ്സിനും ആരോഗ്യത്തിനും ദൈവത്തിന് നന്ദി പറഞ്ഞും കുറിച്ച വരികൾ ആരാധകരുടെ ഹൃദയം കവരുകയാണ്. 91 വയസ്സിലും ഒരുപോലെ ചുറുചുറുക്കോടെ ഇരിക്കുന്ന സലീം ഖാന്റെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

‘ഹൗഡി പാർട്ണർ! ഹീ-ഹാ! 91-ാം വയസ്സിലും ഒന്നാമനായി നിൽക്കുന്നു. അച്ഛൻ എപ്പോഴും അച്ഛൻ തന്നെയാണ്. അദ്ദേഹമാണ് യഥാർത്ഥ രാക്ഷസൻ! നമ്മളുടെയെല്ലാം അച്ഛന്മാരുടെ ഉള്ളിൽ വലിയ ശക്തിയുണ്ട്, വന്ദേ മാതരം. ഓരോ ദിവസവും കടന്നുപോകുമ്പോൾ ഒരു പുതിയ ദിവസം കൂടി ലഭിക്കുകയല്ല, മറിച്ച് നമ്മുടെ ആയുസ്സിൽ നിന്ന് ഒരു ദിവസം കൂടി കുറയുകയാണ് ചെയ്യുന്നത്. നിങ്ങൾക്ക് അത് മനസ്സിലാകുന്നുണ്ടോ? ദൈവം എന്നും വലിയ കരുണയുള്ളവനായിരുന്നു’ എന്നാണ് സൽമാൻ ഖാൻ എക്സിൽ കുറിച്ചത്.

തന്റെ പിതാവിന്റെ പോരാട്ടവീര്യത്തെയും ശക്തമായ വ്യക്തിത്വത്തെയും അഭിനന്ദിക്കുന്നതോടൊപ്പം പ്രായവും കാലവും കടന്നുപോകുന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള തിരിച്ചറിവും സൽമാൻ ഈ വാക്കുകളിലൂടെ പ്രകടിപ്പിച്ചു.

സലിം ഖാന്റെ സജീവമായ ജീവിതരീതിയെക്കുറിച്ചും അദ്ദേഹം തനിക്ക് നൽകുന്ന പ്രചോദനത്തെക്കുറിച്ചും സൽമാൻ ഖാൻ മുൻപും തുറന്നുപറഞ്ഞിട്ടുണ്ട്. ‘എനിക്ക് ആ പ്രായമെത്തുമ്പോൾ അച്ഛനെപ്പോലെ കാണപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ പ്രായത്തിലും അദ്ദേഹം ബാന്ദ്ര ബാന്ദ്സ്റ്റാൻഡിൽ മൂന്ന് റൗണ്ട് നടക്കുന്നുണ്ട്. യോഗ, വെയ്റ്റ് ട്രെയിനിങ് എന്നിവയൊക്കെ അദ്ദേഹം പതിവായി ചെയ്യാറുണ്ടെന്ന് സൽമാൻ ഖാൻ പറഞ്ഞു.

മാറുന്ന കാലത്തിനനുസരിച്ച് സ്വയം മാറാനും വീട്ടിലെ കൊച്ചുമക്കളോടും പുതിയ തലമുറയോടും വളരെ എളുപ്പത്തിൽ ആത്മബന്ധം സ്ഥാപിക്കാനും കഴിവുള്ള ലോകത്തിലെ ഏറ്റവും 'കൂൾ ഡാഡ്' ആണ് തന്റെ പിതാവെന്നും സൽമാൻ കൂട്ടിച്ചേർത്തു.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രശസ്തരും ആദരിക്കപ്പെടുന്നവരുമായ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് സലിം ഖാൻ. 1970കളിൽ ജാവേദ് അക്തറുമായി ചേർന്ന് രൂപീകരിച്ച 'സലിം-ജാവേദ്' എന്ന കൂട്ടുകെട്ടിലൂടെയാണ് സലിം ഖാൻ ശ്രദ്ധേയനായത്. ഷോലെ, സിൻഡഗി, സഞ്ചീർ, ദീവാർ തുടങ്ങി ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിലാണ് പിറന്നത്. 1980കളുടെ തുടക്കത്തിൽ ഈ കൂട്ടുകെട്ട് വേർപിരിഞ്ഞെങ്കിലും രണ്ടുപേരും തങ്ങളുടേതായ രീതിയിൽ ബോളിവുഡിൽ സജീവമായി തുടർന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Salman Khan's Heartfelt Post For Salim Khan
Next Story