ദുല്‍ഖറിന് ആശ്വാസം; വാഹനം വിട്ട് നൽകുന്നത് പരിഗണിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: നടൻ ദുൽഖർ സൽമാന്‍റെ കസ്റ്റംസ് പിടിച്ചെടുത്ത വാഹനം തിരികെ നൽകുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് നടൻ കോടതിയെ സമീപിച്ചത്. ദുൽഖറിന്‍റെ അപേക്ഷയിൽ കസ്റ്റംസ് തീരുമാനം എടുക്കണമെന്ന് കോടതി അറിയിച്ചു. വാഹനം വിട്ടുനൽകാൻ കസ്റ്റംസ് കമീഷണർക്ക് അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടൻ ഹരജി സമർപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഹരജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് മാറ്റുകയായിരുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തത്. ദുല്‍ഖറിന്റെ മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തിരുന്നു. ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ തിരികെ ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈകോടതിയെ സമീപിച്ചത്. വാഹനം വിട്ടുനൽകാൻ കസ്റ്റംസ് കമീഷണർക്ക് അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. കഴിഞ്ഞ തിങ്കളാഴ്ച ഹരജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് മാറ്റുകയായിരുന്നു.
ഇവിടെ ഉപയോഗിക്കാനായി റെഡ്ക്രോസാണ് 2004 മോഡൽ വാഹനം ഇറക്കുമതി ചെയ്തതെന്ന് ഹരജിയിൽ പറയുന്നു. രേഖകളെല്ലാം ശരിയാണെന്ന വിശ്വാസത്തിലാണ് വാഹനം വാങ്ങിയത്. കൈവശമുള്ള രേഖകളെല്ലാം നൽകിയെങ്കിലും അവ പരിശോധിക്കാതെയാണ് വാഹനം പിടിച്ചെടുത്തത്. അഞ്ചു വർഷമായി ഇത് ഉപയോഗിക്കുന്നുണ്ട്. വാഹനം പിടിച്ചെടുത്തതിന് ശേഷമുള്ള നടപടികൾ പൂർത്തിയാക്കാൻ കാലതാമസമെടുക്കും. കസ്റ്റംസിന്റെ കസ്റ്റഡിയിൽ ഇത് ശരിയായി സൂക്ഷിക്കില്ലെന്നും ഉപയോഗിക്കാതെ കിടന്നാൽ വാഹനം നശിക്കുമെന്നും ഹരജിയിൽ പറയുന്നു.
എന്നാല്‍ ദുല്‍ഖര്‍ ആദ്യം സമീപിക്കേണ്ടത് അപ്പലേറ്റ് ട്രൈബ്യൂണലിനെയാണ്. എന്നാല്‍ അത്തരമൊരു നടപടിയിലേക്ക് കടക്കാതെ ഹൈകോടതിയെ സമീപിച്ച നടപടി ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്. നിയമവിരുദ്ധമെങ്കില്‍ വാഹനം പിടിച്ചെടുക്കാന്‍ കസ്റ്റംസിന് അധികാരം ഉണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. വിശദീകരണം നല്‍കാന്‍ ദുല്‍ഖര്‍ സല്‍മാന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന്റെ ഹരജി നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈകോടതിയെ അറിയിച്ചു.
അതേസമയം വാഹനക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് കസ്റ്റംസ്. വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും കടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ചെന്നൈ, ബംഗളൂരു കസ്റ്റംസ് യൂണിറ്റുകളുടെ സഹായത്തോടെയാണ് അന്വേഷണം. ദുല്‍ഖര്‍ സല്‍മാന്റെ പക്കല്‍ കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പരിശോധന നടത്തിയത്.മലയാള സിനിമ താരങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.
ഭൂട്ടാനിൽ നിന്ന് രാജ്യത്തേക്ക് വാഹനം കടത്തുന്നത് വലിയ തട്ടിപ്പുസംഘമാണെന്നും പരിവാഹൻ വെബ്സൈറ്റിൽ ഉൾപ്പെടെ ഇവർ തിരിമറി നടത്തുന്നുണ്ടെന്നും കസ്റ്റംസ് കമീഷണർ ടി.ജു. തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ആർമിയുടെയും അമേരിക്കൻ എംബസികളുടെയും പേര് ഉപയോഗിച്ചും വ്യാജരേഖ ചമച്ചുമാണ് വാഹനം രജിസ്റ്റർ ചെയ്യുന്നത്. അനധികൃതമായി കടത്തിയ 150 മുതൽ 200 വരെ വാഹനങ്ങൾ കേരളത്തിലുണ്ടെന്ന് കണ്ടെത്താൻ സാധിച്ചു. ഇതിൽ 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. പരിശോധന നടത്തിയ സ്ഥലങ്ങളിൽ നികുതി വെട്ടിപ്പും കണ്ടെത്തിയെന്ന് കസ്റ്റംസ് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

