'ദുൽഖറിന് ഏകദേശം 60 കാറുകൾ, ശേഖരിക്കുന്നതിൽ ദുൽഖറും ഓടിക്കുന്നതിൽ ഞാനും സന്തോഷം കണ്ടെത്തുന്നു' -പൃഥ്വിരാജിന്‍റെ പഴയ പ്രസ്താവന വീണ്ടും ചർച്ചയാകുമ്പോൾ...
text_fieldsനടന്മാരായ പൃഥ്വിരാജ് സുകുമാരന്‍റെയും ദുൽഖർ സൽമാന്‍റെയും അമിത് ചക്കാലക്കലിന്റെയും വീട്ടിൽ കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. ഭൂട്ടാനിൽനിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് പഴയ വാഹനങ്ങൾ കടത്തുന്നുവെന്ന പരാതിയെത്തുടർന്നായിരുന്നു പരിശോധന. താരങ്ങളുടെ കൊച്ചിയിലെ വസതികളിലാണ് കസ്റ്റംസിന്റെ (പ്രിവന്റിവ്) നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശോധന നടന്നത്.
മലയാള സിനിമയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ കലക്ഷൻ ഉള്ള നടന്മാരാണ് പൃഥ്വിരാജും ദുൽഖറും. ഇരുവർക്കും വിന്റേജ്, ഹൈ എൻഡ് മോഡലുകൾ ഉൾപ്പെടെ വിപുലമായ കാറുകളുടെ ശേഖരം ഉണ്ട്. ദുൽഖറിന്റെ കാറുകളോടുള്ള പ്രണയത്തെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ പഴയ പ്രസ്താവനകളിൽ ഒന്ന് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്.
'ദുൽഖറിന് ഏകദേശം 50 മുതൽ 60 വരെ കാറുകൾ ഉണ്ട്. അങ്ങനെയുള്ള കാറുകൾ ശേഖരിക്കുന്നതിൽ അദ്ദേഹം സന്തോഷം കണ്ടെത്തുന്നു. മറുവശത്ത്, ഞാൻ കാറുകൾ ഓടിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു. അതിനായി, എനിക്ക് ഇത്രയധികം കാറുകൾ ആവശ്യമില്ല. എനിക്ക് ഗാരേജിൽ കാറുകൾ സൂക്ഷിക്കുക എന്നതല്ല, മറിച്ച് അവ ഉപയോഗിക്കുന്നതാണ് പ്രധാനം. ദുൽഖർ ഡ്രൈവിങ്ങും ആസ്വദിക്കുന്നുണ്ട്. പക്ഷേ കാറുകൾ കലക്ട് ചെയ്യുന്നതിൽ അദ്ദേഹം കൂടുതൽ സന്തോഷം കണ്ടെത്തുന്നു. ദുൽഖർ ഒരു യഥാർഥ കാർ പ്രേമിയാണ്' -മഷബിൾ ഇന്ത്യയുമായുള്ള സംഭാഷണത്തിനിടെ പൃഥ്വിരാജ് വെളിപ്പെടുത്തി.
മറ്റൊരു അഭിമുഖത്തിൽ, ദുൽഖറിന്‍റേതിനേക്കാൾ കുറവാണ് തന്റെ കാർ കലക്ഷൻ എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ദുൽഖറിന്‍റെ കാർ കലക്ഷനെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമിക്കാൻ ആഗ്രഹിക്കുന്നതായും അവ അത്ര മനോഹരമാണെന്നും അന്ന് പൃഥ്വിരാജ് പറഞ്ഞു. അതേസയയം, 2022ൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ ദുൽഖർ തന്റെ കൈവശമുള്ള ചില കാറുകളെക്കുറിച്ച് സംസാരിച്ചിരുന്നു.
2002 ബി.എം.ഡബ്ല്യു എം3 ഇ46, 2011 മെഴ്‌സിഡസ് ബെൻസ് എസ്.എൽ.എസ് എ.എം.ജി, പോർഷെ 911 ജിടി3 എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ശേഖരത്തിൽ ഉൾപ്പെടുന്നു. ഫെരാരി 296 ജി.ടി.ബിയും അദ്ദേഹത്തിനുണ്ട്. പോർഷെ പനാമേര, മെഴ്‌സിഡസ്-മേബാക്ക് ജിഎൽഎസ് 600, മെഴ്‌സിഡസ്-ബെൻസ് എസ്-ക്ലാസ്, മെഴ്‌സിഡസ്-എ.എം.ജി ജി63, മെഴ്‌സിഡസ്-എ.എം.ജി എ45, ബി.എം.ഡബ്ല്യു 7 സീരീസ്, ലാൻഡ് റോവർ റേഞ്ച് റോവർ, ലാൻഡ് റോവർ ഡിഫൻഡർ, വിഡബ്ല്യു പോളോ ജി.ടി.ഐ, മിനി കൂപ്പർ എസ്, മാസ്ഡ എം.എക്സ്-5, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയും അദ്ദേഹത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

